Sorry, you need to enable JavaScript to visit this website.

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള യു.എ.ഇയില്‍, പ്രഥമ സന്ദര്‍ശനം

അബുദാബി- ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള തന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി യു.എ.ഇയിലെത്തി.
ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സ്പീക്കര്‍ സഖര്‍ അല്‍ ഗോബാഷ് അദ്ദേഹത്തെ സ്വീകരിച്ചു. ചൊവ്വാഴ്ച യു.എ.ഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിന്റെ പ്രത്യേക സെഷനില്‍ ബിര്‍ള സംസാരിക്കും.
ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തവും വളരുന്നതുമായ ഉഭയകക്ഷി ബന്ധം അദ്ദേഹത്തിന്റെ സന്ദര്‍ശനം പ്രതിഫലിപ്പിക്കുന്നതായി യു.എ.എ പറഞ്ഞു. ഇന്ത്യയും യു.എ.ഇയും ഇന്റര്‍ പാര്‍ലമെന്ററി യൂണിയനില്‍ (ഐ.പി.യു) ശക്തമായ പങ്കാളികളാണ്.

തിങ്കളാഴ്ച രാവിലെ, വഹത് അല്‍ കറാമയില്‍ (രക്തസാക്ഷി സ്മാരകം) ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ബിര്‍ള ഔദ്യോഗിക സന്ദര്‍ശനം ആരംഭിച്ചു. രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുകയും സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പുവെക്കുകയും ചെയ്തു.

തുടര്‍ന്ന് അദ്ദേഹവും ഗോബാഷും പാര്‍ലമെന്ററി കാര്യങ്ങളില്‍ അവരുടെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു, ഏഷ്യന്‍ മേഖലയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു സംഭാഷണം. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള പാര്‍ലമെന്ററി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും അവര്‍ ചര്‍ച്ച ചെയ്തു. ഗോബാഷിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ബിര്‍ള ക്ഷണിച്ചു.

അടുത്തിടെ യു.എ.ഇയില്‍ നടന്ന ഭീകരാക്രമണങ്ങളെ ബിര്‍ള അപലപിക്കുകയും അതിര്‍ത്തി കടന്നുള്ള ഭീകരവാദവും ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നതുമടക്കം എല്ലാ തരത്തിലുമുള്ള ഭീകരതയെ നേരിടാന്‍ യു.എ.ഇ സര്‍ക്കാരിനോട് ശക്തമായ ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ നിയമ ചട്ടക്കൂടുകള്‍ ശക്തിപ്പെടുത്തുന്നതില്‍ പാര്‍ലമെന്റുകളുടെ പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു.

 

Latest News