സംഘർഷം നീങ്ങാതെ ശിവമോഗ; നിരവധി വീടുകളും കടകളും തകർത്തു

ശിവമോഗ- ബജ്റംഗ് ദൾ പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് വ്യാപക ആക്രമണങ്ങൾ നടന്ന കർണാടകയിലെ ശിവമോഗയിൽ പോലീസ് പട്രോളിംഗ് തുടരുന്നു. തിങ്കളാഴ്ച മുഴുവൻ ബെംഗളൂരുവിൽനിന്ന് 250 കി.മീ അകലെയുള്ള ശിവമോഗയുടെ വിവിധ ഭാഗങ്ങളിൽ കല്ലേറും തീവെപ്പും നടന്നു. നിരവധി വാഹനങ്ങൾക്കും വീടുകൾക്കും തീയിട്ടു. തിരക്കേറിയ ഒ.ടി റോഡിലെ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽനിന്ന് കല്ലുകളും മറ്റും നീക്കം ചെയ്യുകയാണ് താമസക്കാർ. പരക്കെ അക്രമം നടന്നുവെന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങൾ. 

വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും സ്ഥിതിഗതികൾ ഇങ്ങനെയാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രദേശത്തെ ബിസിനസുകാരനായ മുഹമ്മദ് അലി പറഞ്ഞു. ഇദ്ദേഹത്തിന്റെ വീടും രണ്ട് ബൈക്കുകളും ഒരു കാറും ആക്രമിക്കപ്പെട്ടിരുന്നു. ഞായറാഴ്ച രാത്രി ഹർഷ എന്ന 26 കാരനെ അജ്ഞാതരായ അക്രമികൾ കൊലപ്പെടുത്തിയതിനെ തുടർന്നാണ് വ്യാപകമായ അക്രമസംഭവങ്ങൾ അരങ്ങേറിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ബെംഗളൂരു നഗരത്തിൽ നിന്ന് അറസ്റ്റ് ചെയ്തതായി കർണാടക പോലീസ് തിങ്കളാഴ്ച വെളിപ്പെടുത്തിയിരുന്നു. മുസ്ലിംകളാണ് കൊലപാതകം നടത്തിയതെന്ന് ഹർഷയുടെ കുടുംബവും ബി.ജെ.പി നേതാക്കളും ആരോപിക്കുന്നുണ്ടെങ്കിലും അറസ്റ്റിലായവരുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര വിസമ്മതിച്ചു. സംസ്ഥാനത്ത് ഹിജാബ് നിരോധത്തെ തുടർന്ന് പ്രതിഷേധവും സംഘർഷവും തുടുരന്നതിനിടെയാണ് കൊലപാതകം നടന്നത്. പ്രകോപിതരായ ജനക്കൂട്ടം ശിവമോഗ നഗരത്തിന്റെ പലഭാഗങ്ങളിലും വീടുകൾക്കും കടകൾക്കും നേരെ കല്ലെറിയുകയും തീയിടുകയും ചെയ്തു. 

സംസ്ഥാന മന്ത്രി ഈശ്വരപ്പ, ശ്രീരാമസേന നേതാവ്  പ്രമോദ് മുത്തലിക്ക് തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളാണ് അക്രമസംഭവങ്ങൾക്ക് പിന്നിലെന്ന് ശിവമോഗയിൽ താമസിക്കുന്ന അസ്ലം പാഷ ആരോപിച്ചു. ഗോഡൗണിനു പുറത്തുണ്ടായിരുന്ന കോൺക്രീറ്റ് കട്ടകൾ ഉപയോഗിച്ചാണ് വീടുകളും കടകളും ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 

Latest News