Sorry, you need to enable JavaScript to visit this website.

രാജ്യാന്തര വിമാന സര്‍വീസുകള്‍ മാര്‍ച്ച് 15 മുതല്‍ സാധാരണ പോലെ ആയേക്കും

ന്യൂദല്‍ഹി- കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ വൈകാതെ സാധാരണ പോലെയാക്കാന്‍ ആരോഗ്യ മന്ത്രാലയവുമായി കൂടിയാലോചന നടത്തിയ ശേഷം വ്യോമയാന മന്ത്രാലയം തീരുമാനിച്ചതായി റിപോര്‍ട്ട്. മാര്‍ച്ച് 15 മുതല്‍ രാജ്യാന്തര സര്‍വീസുകളെല്ലാം പൂര്‍വസ്ഥിതിയിലാക്കിയേക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇതു സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ഔദ്യോഗിക അറിയിപ്പോ പ്രസ്താവനയോ വന്നിട്ടില്ല. 

ഈ മാസം 14 മുതല്‍ നിലവില്‍ വന്ന, വിദേശങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തന്നെയായിരിക്കും തുടര്‍ന്നും പാലിക്കേണ്ടി വരികയെന്നും റിപോര്‍ട്ട് പറയുന്നു. നിലവില്‍ ഷെഡ്യൂള്‍ഡ് രാജ്യാന്തര യാത്രാ വിമാനങ്ങള്‍ക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെയാണ്. കോവിഡ് മഹാരാമാരി കാരണം 2020 മാര്‍ച്ച് 23 മുതല്‍ ഈ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണമുണ്ട്. ഇതുകാരണം 2020 ജുലൈ മുതല്‍ എയര്‍ ബബ്ള്‍ ക്രമീകരണം അനുസരിച്ച് ഇന്ത്യയില്‍ നിന്ന് 40 വിദേശ രാജ്യങ്ങളിലേക്കും തിരിച്ചും പ്രത്യേക യാത്രാ വിമാന സര്‍വീസുകള്‍ മാത്രമെയുള്ളൂ. 

വിദേശത്ത് നിന്നെത്തുന്ന യാത്രക്കാര്‍ക്കുള്ള നിര്‍ബന്ധ ഏഴു ദിന ക്വാറന്റീന്‍, എട്ടാം ദിവസത്തെ ആര്‍ടിപിസിആര്‍ തുടങ്ങിയ നിയന്ത്രണങ്ങളെല്ലാം ഫെബ്രുവരി 14 മുതല്‍ ആരോഗ്യ മന്ത്രാലയം ഒഴിവാക്കിയിരുന്നു.
 

Latest News