Sorry, you need to enable JavaScript to visit this website.

പ്രതികൂല കാലാവസ്ഥ; റബർ ഉൽപാദന രംഗം തളർച്ചയിൽ          

റബർ ഉൽപാദന രംഗം തളർച്ചയിൽ, വിദേശ ഷീറ്റ് വരവ് ടയർ നിർമാതാക്കളെ വിപണിയിൽ നിന്ന് അകറ്റി. സംസ്ഥാനത്തെ ഒട്ടുമിക്ക റബർ തോട്ടങ്ങളിലും റബർ മരങ്ങളിൽ നിന്നുള്ള വിളവെടുപ്പ് ചുരുങ്ങി. പകൽ താപനില വർധിച്ചതിനൊപ്പം മരങ്ങൾ പാൽ ചുരത്തുന്നത് കുറച്ചു. പ്രതീക്ഷക്കൊത്ത് ടാപ്പിങിൽ പാൽ ലഭ്യമല്ലാതായതോടെ കർഷകർ വെട്ട് നിർത്തി തോട്ടങ്ങളിൽ നിന്ന് അകലുകയാണ്. ഉൽപാദന രംഗത്തെ ഈ തളർച്ച വിലക്കയറ്റം സൃഷ്ടിക്കുമെന്ന് സ്‌റ്റോക്കിസ്റ്റുകൾ കണക്കുകൂട്ടി. എന്നാൽ ഇതിനിടയിൽ ടയർ കമ്പനികളിൽ നിന്നുള്ള ആവശ്യം കുറഞ്ഞത് കൊച്ചി, കോട്ടയം വിപണികളെ കൂടുതൽ പരുങ്ങലിലാക്കി. റബർ കയറ്റുമതി രാജ്യങ്ങളുമായി ഇന്ത്യൻ വ്യവസായികൾ നേരത്തെ ഉറപ്പിച്ച കരാറുകൾ പ്രകാരമുള്ള ചരക്കുമായി കപ്പലുകളെത്തിയത് ടയർ കമ്പനികൾക്ക് ആശ്വാസമായി. ടയർ കമ്പനികൾ ഇറക്കുമതി റബറിലേക്ക് തിരിഞ്ഞതിനാൽ ആഭ്യന്തര വിപണികളിൽ ഇടപാടുകൾ ചുരുങ്ങി. വ്യവസായികളുടെ പിൻതുണ നഷ്ടപ്പെട്ടതിനാൽ നാലാം ഗ്രേഡ് റബർ 16,400 രൂപയിൽ നിന്ന് 15,900 ത്തിലേക്ക് ഇടിഞ്ഞ ശേഷം 16,000 രൂപയിലാണ്. അഞ്ചാം ഗ്രേഡ് റബറിന് 400 രൂപ ഇടിഞ്ഞ് 15,400-15,800 രൂപയായി. ജനുവരിയിൽ ഇന്ത്യൻ വ്യവസായികൾ 75,000 ടൺ റബർ ഇറക്കുമതി നടത്തി. ഫെബ്രുവരിയിലും ഇറക്കുമതി ഉയരുമെന്നാണ് വിലയിരുത്തൽ. 


നാളികേരോൽപന്നങ്ങൾ കടുത്ത പ്രതിസന്ധിയിൽ. കൊപ്രയ്ക്കും പച്ചത്തേങ്ങക്കും ഡിമാന്റ് മങ്ങിയത് മറയാക്കി വ്യവസായികൾ വില ഇടിച്ച് ചരക്ക് കൈക്കലാക്കുന്നു. തമിഴ്‌നാട് വിപണിയായ കാങ്കയത്ത് ഡിസംബറിന് ശേഷം കൊപ്ര 9000 രൂപയിൽ താഴ്ന്നാണ് ഇടപാടുകൾ നടക്കുന്നത്. ഇതിനിടയിൽ കൊച്ചിയിൽ മൂന്നാഴ്ചയായി 9100 രൂപയിൽ പിടിച്ചു നിന്ന കൊപ്ര ശനിയാഴ്ച 9000 ത്തിലേക്ക് ഇടിഞ്ഞു. പാം ഓയിൽ വില 12,950 ലേക്ക് ഉയർന്നെങ്കിലും ഇത് വെളിച്ചെണ്ണക്ക് നേട്ടമായില്ല. കൊച്ചിയിൽ വെളിച്ചെണ്ണ 15,100 ൽ നിന്ന് 15,000 രൂപയായി. ദക്ഷിണേന്ത്യൻ വിപണിയിലെ ചലനങ്ങൾ നിരീക്ഷിച്ചാൽ നാളികേര ഉൽപാദകർ കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ അകപ്പെടാം. അതേ സമയം കേന്ദ്ര, സംസ്ഥാന ഏജൻസികൾ കൊപ്ര സംഭരണ രംഗത്ത് സജീവമായാൽ കാർഷിക മേഖലക്ക് ആശ്വാസമാവും. 
കേരളത്തിൽ കുരുമുളക് വിളവെടുപ്പ് പുരോഗമിക്കവേ ഉൽപന്ന വിലയിൽ നേരിയ ചാഞ്ചാട്ടം. കാർഷിക മേഖലകളിൽ നിന്നുള്ള പുതിയ മുളക് വരവ് കുറവായതിനാൽ വിലക്കയറ്റം ശക്തമാകുമെന്ന ആശങ്കയിലാണ് വാങ്ങലുകാർ. കുതിപ്പ് തടയാൻ ഉത്തരേന്ത്യക്കാർ വാരാവസാനം രംഗത്ത് നിന്ന് അകന്നത് വിലയെ ചെറിയ അളവിൽ ബാധിച്ചു. രണ്ടാഴ്ചയിൽ ഏകദേശം 3500 രൂപ ഉയർന്ന സാഹചര്യത്തിലാണ് അന്തർ സംസ്ഥാന വാങ്ങലുകാർ രംഗം വിട്ടത്. വിളവെടുപ്പ് ഊർജിതമായ സാഹചര്യത്തിൽ ചരക്ക് ലഭ്യത ഉയർന്നാൽ വിലയിൽ വീണ്ടും ചാഞ്ചാട്ടത്തിന് ഇടയുണ്ട്. അൺഗാർബിൾഡ് കുരുമുളക് ക്വിന്റലിന് 50,400 രൂപയിൽ നിന്ന് 51,400 വരെ കയറിയ ശേഷം ശനിയാഴ്ച 51,000 രൂപയിലാണ്. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ കയറ്റുമതിക്കാർ ടണ്ണിന് 7300 ഡോളർ ആവശ്യപ്പെട്ടു. 


ഹൈറേഞ്ചിൽ ഏലം വിളവെടുപ്പ് അവസാന റൗണ്ടിൽ എത്തിയതോടെ നിരക്ക് ഉയരുമെന്ന കണക്കുകൂട്ടലിലാണ് കർഷകർ. കയറ്റുമതിക്കാരും  ആഭ്യന്തര ഇടപാടുകാരും ലേലത്തിൽ പിടിമുറുക്കാൻ ഇടയുണ്ട്. അതേ സമയം വാരാരംഭത്തിൽ മികച്ചയിനങ്ങൾ കിലോ 1414 രൂപ വരെ ഉയർന്നെങ്കിലും വാരാവസാനം നിരക്ക് 1196 ലേയ്ക്ക് ഇടിഞ്ഞു. ശരാശരി ഇനങ്ങൾ 862 രൂപയിലാണ്.      
കേരളത്തിൽ സ്വർണ വില താഴ്ന്നു. പവൻ 37,440 രൂപയിൽ നിന്ന് 36,800 രൂപയായി, പവന് 640 രൂപ ഒരാഴ്ചക്കിടയിൽ കുറഞ്ഞു. രാജ്യാന്തര വിപണിയിൽ സ്വർണം 1860 ഡോളറിൽ നിന്ന് 1904 ഡോളർ വരെ ഉയർന്നു. മുൻവാരം സൂചിപ്പിച്ച 1907 ഡോളറിൽ പ്രതിരോധം മഞ്ഞലോഹത്തിന് മറികടക്കാനായില്ല. ഈ അവസരത്തിൽ നിക്ഷേപകർ ലാഭമെടുപ്പിന് രംഗത്ത് ഇറങ്ങിയതോടെ വില അൽപം കുറഞ്ഞ് 1899 ഡോളറിൽ ക്ലോസിങ് നടന്നു.     

Latest News