എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാം; വൈറലായി ബിജെപി നേതാവിന്റെ പ്രകോപന പ്രസംഗം

തലശേരി- സി.പി.എം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തില്‍ ബി.ജെ.പിക്കും ആര്‍എസ്എസിനും പങ്കില്ലെന്ന് ബിജെപി ആവർത്തിക്കുന്നതിനിടെ ബിജെപി നേതാവ് പ്രകോപനപരമായി പ്രസംഗിക്കുന്ന വീഡിയോ പുറത്തുവന്നു.

സിപിഎമ്മിന്റേത് മുന്‍ധാരണയോടെയുളള ആരോപണമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസന്‍ പറഞ്ഞു.

പുന്നോലില്‍ ബിജെപി–സിപിഎം സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി സിപിഎമ്മിനെതിരെ ബിജെപി കൗൺസിലർ വിജേഷ് പ്രസംഗിക്കുന്ന വീഡിയോ ആണ് വൈറലായത്. ബിജെപി പ്രതിഷേധ പരിപാടിക്കിടെയാണ് ബിജെപി നേതാവ് പ്രകോപനപരമായി പ്രസംഗിച്ചത്. 

‘വളരെ ആസൂത്രിതമായി കോലോത്ത് ക്ഷേത്രത്തിൽവച്ച് സിപിഎമ്മിന്റെ കൊടും ക്രിമിനലുകളായിട്ടുള്ള രണ്ടു പേർ നേതൃത്വം നൽകിക്കൊണ്ട് നമ്മുടെ സഹപ്രവർത്തകരെ അതിക്രൂരമായി ആക്രമിച്ച സംഭവം വളരെ വൈകാരികമായിട്ടാണ് സംഘപരിവാർ പ്രവർത്തകർ ഏറ്റെടുത്തിട്ടുള്ളത്. നമ്മുടെ പ്രവർത്തകരുടെ മേൽ കൈവച്ചവരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന കൃത്യമായ ബോധ്യം നമുക്ക് എല്ലാവർക്കുമുണ്ട്. 

അതെങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന് കഴിഞ്ഞ കാലങ്ങളിലുള്ള ചരിത്രം പരിശോധിച്ചാൽ ഇവിടെയുള്ള സിപിഎം നേതാക്കൾക്ക് മനസ്സിലാകം. പക്ഷെ സമാധാന അന്തരീക്ഷം നിലനിൽക്കുന്ന ഈ പ്രദേശത്ത് കൊടുംക്രിമിനലുകളായിട്ടുള്ള രണ്ടു പേരുടെ തോന്ന്യാസത്തിന് നമ്മുടെ നാട് അശാന്തിയിലേക്ക് പോകേണ്ടതില്ല, ജനങ്ങളുടെ മുന്നിൽ ഇത് തുറന്നു കാട്ടുന്നതിനാണ് ഈ പ്രതിഷേധ പ്രകടനം നടത്തുന്നത്.’– ബിജെപി നേതാവ് പറഞ്ഞു. 

 

Latest News