ഇടുക്കി- നല്ലതണ്ണി എസ്റ്റേറ്റിലെ കുരുമല ഡിവിഷനില്‍ കാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടിയത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. പുലര്‍ച്ചെ ഒരു മണിയോടെയാണ് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിന് സമീപമായി കാട്ടാനകള്‍ എത്തിയത്. ഗണേശനെന്നും ചില്ലിക്കൊമ്പനെന്നും വിളിപ്പേരുകളുള്ള കാട്ടാനകളാണ് കൊമ്പ് കോര്‍ത്തത്. സംഘര്‍ഷത്തിനിടെ നല്ലതണ്ണി നിവാസി പ്രവീണിന്റെ ഓട്ടോറിക്ഷ ഭാഗികമായി തകര്‍ന്നു. തേയില ചെടികള്‍ പിഴുതെറിയുകയും കുടിവെള്ള പൈപ്പുകള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ ഇരുകൊമ്പന്മാര്ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
മൂന്നാര്‍ റേഞ്ച് ഓഫീസറടങ്ങുന്ന സംഘം ഉടന്‍ സ്ഥലത്തെത്തിയിരുന്നു. രാവിലെ നാലു മണിയോടെ കാട്ടാനകള്‍ തിരികെ കാട്ടിലേക്ക് മടങ്ങി. സംഘര്‍ഷത്തില്‍ കൊമ്പന്മാര്ക്ക് പരിക്ക് പറ്റിയോയെന്ന് വനം വകുപ്പ് നിരീക്ഷിച്ച് വരികയാണ്. നിലവില്‍ ഒരു കൊമ്പന് കല്ലാര്‍ പുഴയുടെ സമീപമാണുള്ളതെന്നും രണ്ടാമന് കല്ലാര്‍ പത്താം ബ്ലോക്കില്‍ പ്രവേശിച്ചതായും മൂന്നാര്‍ വനംവകുപ്പ് റേഞ്ച് ഓഫീസര്‍ ഹരീന്ദ്രകുമാര്‍ അറിയിച്ചു. നിരീക്ഷണത്തിലുള്ള ആനക്ക് നിലവില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നും സമീപ പ്രദേശങ്ങളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്ത് നീരീക്ഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.






