കാസർക്കോട്- ജില്ലയിലെ ബി.ജെ.പിയിലെ കലാപം തെരുവിൽ. കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സ്ഥാന തെരഞ്ഞെടുപ്പിൽ സി.പി.എം-ബി.ജെ.പി ബന്ധം എന്ന് ആരോപിച്ച് പ്രവർത്തകർ ജില്ലാ കമ്മിറ്റി ഓഫിസ് താഴിട്ട് പൂട്ടി. താളിപടുപ്പിലെ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസാണ് താഴിട്ടുപൂട്ടിയത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് അൻപതോളം വരുന്ന പ്രവർത്തകർ ഓഫീസിലെത്തി പൂട്ടുകയായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ രണ്ടു സ്ഥാനം ബി.ജെ.പിയും ഒന്ന് സി.പി.എമ്മും നേടിയിരുന്നു. ഇത് ഒത്തുകളിയുടെ ഭാഗമായാണ് എന്നാണ് ആരോപണം. കുമ്പളയിൽ മൂന്നു ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. സി.പി.എമ്മുമായുള്ള ബന്ധം ബലിദാനികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. കെ. സുരേന്ദ്രനെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു.






