റഷ്യ യുക്രൈനെ ഏതു നിമിഷവും ആക്രമിച്ചേക്കാമെന്ന് യുഎസ്; ബൈഡന്‍ യോഗം വിളിച്ചു

വാഷിങ്ടന്‍- യുക്രൈന്‍ അതിര്‍ത്തിയില്‍ യുദ്ധഭീതി നിലനില്‍ക്കുന്നതിനിടെ ശനിയാഴ്ച റഷ്യ ആണാവായുധ അഭ്യാസപ്രകടനം നടത്തി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്റെ മേല്‍നോട്ടത്തിലായിരുന്നു ഇത്. റഷ്യന്‍ സേന യുക്രൈന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ അടുത്തിരിക്കുകയാണെന്ന യുഎസ് പറഞ്ഞു. ഏതു നിമിഷവും യുക്രൈനെ റഷ്യ ആക്രമിച്ചേക്കാമെന്നും ഇതു സംബന്ധിച്ച ചര്‍ച്ച ചെയ്യാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ദേശീയ സുരക്ഷാ സംഘത്തിന്റെ യോഗം ഞായറാഴ്ച ചേരുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. 

റഷ്യ സൈനിക നീക്കങ്ങള്‍ കുറക്കുന്നതിന്റെ ഒരു ലക്ഷണവും കാണാനില്ലെന്നും മേഖലയില്‍ കടുത്ത യുദ്ധ ആശങ്ക നിലനില്‍ക്കുകയാണെന്നും ജി7 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ പറഞ്ഞു. 

അതിര്‍ത്തിയില്‍ ഷെല്ലാക്രമണം ഉണ്ടായതായി യുക്രൈനും റഷ്യയും പരസ്പരം ആരോപിക്കുന്നുണ്ട്. റഷ്യന്‍ സേന കൂടുതല്‍ യുക്രൈന്‍ അതിര്‍ത്തിയോട് അടുക്കകയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറയുന്നു. സംഘര്‍ഷത്തിന്റെ വക്കില്‍ നിന്ന് പുടിന്‍ പിന്മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 

യുദ്ധ ആശങ്ക വര്‍ധിച്ചതോടെ തങ്ങളുടെ പൗരന്മാരോട് യുക്രൈന്‍ വിടാന്‍ ഫ്രാന്‍സും ജര്‍മനിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 

Latest News