പഞ്ചാബിലും യുപിയിലും വോട്ടിങ് പുരോഗമിക്കുന്നു; വോട്ടിങ് യന്ത്രത്തില്‍ തിരിമറിയെന്ന് ആക്ഷേപം

കര്‍ഹല്‍ മണ്ഡലത്തിലെ ജസ്വന്ത്‌നഗര്‍ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തുന്ന എസ്പി സ്ഥാനാര്‍ത്ഥി അഖിലേഷ് യാദവ്‌

ചണ്ഡീഗഢ്/ ലഖ്‌നൗ- പഞ്ചാബിലും മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശിലും വോട്ടിങ് പുരോഗമിക്കുന്നു. പഞ്ചാബില്‍ 117 മണ്ഡലങ്ങളിലും യുപിയില്‍ 16 ജില്ലകളിലെ 59 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ രാവിലെ ഒമ്പതു മണിയോടെ 4.80 ശതമാനവും യുപിയില്‍ 8.15 ശതമാനവും വോട്ടിങ് രേഖപ്പെടുത്തി.

യുപിയില്‍ പോളിങ് ആരംഭിച്ചയുടന്‍ കാന്‍പൂര്‍ റൂറല്‍ മണ്ഡലത്തില്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടന്നതായി പ്രതിക്ഷമായ സമാജ് വാദി പാര്‍ട്ടി ആരോപിച്ചു. വോട്ടിങ് യന്ത്രത്തില്‍ എസ് പിക്ക് വോട്ട് കുത്തിയാല്‍ വിവിപാറ്റ് സ്ലിപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്തതായാണ് കാണിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നും എസ്പി ആവശ്യപ്പെട്ടു. 

വോട്ടെടുപ്പ് നടക്കുന്ന പടിഞ്ഞാറന്‍, മധ്യ, തെക്കന്‍ മേഖലകളിലെ 59 സീറ്റില്‍ 2017ല്‍ 49 സീറ്റും ബിജെപിക്കായിരുന്നു. സമാജ്വാദ് പാര്‍ട്ടി ഒമ്പതു സീറ്റും കോണ്‍ഗ്രസ് ഒരു സീറ്റുമാണ് കഴിഞ്ഞ തവണ നേടിയത്. എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കുന്ന കര്‍ഹലിലും ഇന്നാണ് വോട്ടെടുപ്പ്. കേന്ദ്ര മന്ത്രി എസ്പി സിങ് ഭഘെല്‍ ആണ് അഖിലേഷിനെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി. യാദവ് കുടുംബത്തിന്റെ ശക്തികേന്ദ്രമായ മയിന്‍പുരി ജില്ലയും ഇന്ന് വോട്ട് ചെയ്യും.

പഞ്ചാബില്‍ വാശിയേറിയ തെരഞ്ഞെടുപ്പു പ്രചാരണമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നടന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസിന് എഎപി വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോരും അധികാരത്തര്‍ക്കവും എഎപിക്ക് ഗുണകരമായേക്കുമെന്നും വിലയിരുത്തലുണ്ട്.
 

Latest News