മുംബൈ-മഹാരാഷ്ട്രയിലെ പാല്‍ഗഡില്‍ മരുന്ന് ഫാട്കറിയിലെ കെമിക്കല്‍ പ്ലാന്റിലുണ്ടായ സ്ഫോടനത്തിലും വന്‍ അഗ്‌നിബാധയിലും മൂന്ന് മരണം. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തുടര്‍ച്ചയായി പലതവണ സ്ഫോടനമുണ്ടായതായി ദൃക്സാക്ഷികള്‍ പറയുന്നു. തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങള്‍ അഗ്‌നി ശമന സേന കണ്ടെടുത്തു. ഫാക്ടറിയില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

ആരത് ഡ്രഗ്‌സ് എന്ന കമ്പനിയുടെ ഫാക്ടറിയിലാണ് സ്ഫോടനവും അഗ്‌നിബാധയും ഉണ്ടായത്. സമീപത്തു പ്രവര്‍ത്തിക്കുന്ന മറ്റു കമ്പനികളുടെ കെമിക്കല്‍ യൂണിറ്റുകളിലും വന്‍ നാശനഷ്ടങ്ങളുണ്ടായി. ഇവ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നിട്ടുണ്ട്. സ്ഫോടനങ്ങളുടെ പ്രകമ്പനം 12 കിലോമീറ്റര്‍ ദൂരെ വരെ അനുഭവപ്പെട്ടു. സമീപത്തെ നിരവധി വീടുകളുടെ ജനല്‍ ചില്ലുകളും വാതിലുകളും തകര്‍ന്നിട്ടുണ്ട്.
പ്ലാന്റില്‍ നിന്ന് 40 സ്ഫോടനങ്ങള്‍ കേട്ടു. മതിയായ സുരക്ഷാ മുന്‍കരുതലുകളില്ലാതെയാണ് പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്നതെന്ന് വ്യക്തമാണെന്നും പാല്‍ഗഡ് ജില്ലാ കലക്ടര്‍ പ്രശാന്ത് നര്‍നവാഡെ പറഞ്ഞു. പ്ലാന്റ് നടത്തിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
#WATCH: Fire broke out in a chemical factory in Palghar's Tarapur. 5 people injured in the incident. (Earlier Visuals) #Maharashtra pic.twitter.com/xgK3FhFngO
— ANI (@ANI) March 9, 2018






