ട്രംപ്-കിം ജോങ് ഉന്‍  കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങി

വാഷിങ്ടണ്‍- ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ കൂടിക്കാഴ്ചയ്ക്കായുള്ള ക്ഷണം സ്വീകരിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരു നേതാക്കളും മേയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് ദക്ഷിണ കൊറിയന്‍ നയതന്ത്ര പ്രതിനിധി അറിയിച്ചു. ആണവനിരായുധീകരണത്തിനും ആണവായുധ പരീക്ഷണങ്ങള്‍ നിര്‍ത്തിവെക്കാനും ഉത്തര കൊറിയ സന്നദ്ധത അറിയിച്ചതോടെയാണ് കിമ്മുമായുള്ള കൂടിക്കാഴ്ചയ്ക്ക് ട്രംപ് സമ്മതം അറിയിച്ചത്. വൈറ്റ് ഹൗസില്‍ നടന്ന ട്രംപുമായി ദക്ഷിണ കൊറിയന്‍ നയതന്ത്ര പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ദക്ഷിണ കൊറിയയുടെ നാഷണല്‍ സെക്യുരിറ്റി ഓഫീസ് മേധാവി ചുങ് ഉയ് യോങ് ആണ് ഇക്കാര്യം അറിയിച്ചത്.

ആണവ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുന്നതു സംബന്ധിച്ച് കിമ്മും ട്രംപും തമ്മിലുണ്ടായ രൂക്ഷമായ വാക്ക് പോര് ലോകത്തുടനീളം യുദ്ധ ഭീതി പടര്‍ത്തിയിരുന്നു. യുഎസിനെ ആക്രമിക്കാനുള്ള ആണവായുധം വികസിപ്പിക്കുന്നുണ്ടെന്ന ഉത്തര കൊറിയുടെ അവകാശവാദത്തെ തുടര്‍ന്നായിരുന്നു ഇത്. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നതോടെ ഈ കലുഷിതാന്തരീക്ഷത്തിന് അവസാനമാകുമെന്നാണ് പ്രതീക്ഷ. 

ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ കാത്തിരിക്കുകയാണെന്ന് കിം പറഞ്ഞതായി ദക്ഷിണ കൊറിയന്‍ പ്രതിനിധികള്‍ അറിയിച്ചു. ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചാല്‍ കിമ്മിനെ കാണാമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.

Latest News