കളിക്കളത്തിൽ തൊട്ടതെല്ലാം പൊന്നാക്കിയ ഗാരിഞ്ച ജീവിതത്തിൽ തൊട്ടതെല്ലാം പിഴച്ചു. മാന്വേൽ ഫ്രാൻസിസ്കൊ ഡോസ് സാന്റോസ് എന്ന ഈ ബ്രസീലുകാരനെപ്പോലെ പ്രതിഭയും ദുരന്തവും സംഗമിച്ച മറ്റൊരു കളിക്കാരനുണ്ടാവില്ല. പെലെ കഴിഞ്ഞാൽ ഏറ്റവും മികച്ച ബ്രസീൽ താരമെന്നാണ് ഫിഫ വിലയിരുത്തിയത്, കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച മൂന്നാമത്തെ ഫോർവേഡെന്നും. പെലെയോളമെങ്കിലും മികച്ച കളിക്കാരനെന്ന് വിലയിരുത്തുന്നവരുമേറെ. പക്ഷേ ഡ്രിബ്ളിംഗിൽ ഗാരിഞ്ച കഴിഞ്ഞേയുള്ളൂ മറ്റാരും. കൊച്ചുപക്ഷികളെ (ഗാരിഞ്ചകൾ) വേട്ടയാടുന്ന ശീലം കാരണമാണ് ഗാരിഞ്ച എന്ന പേരു വന്നത്. പക്ഷികളെപ്പോലെ പറക്കുന്ന വിംഗറായിരുന്നു ഈ ചട്ടുകാലൻ. ഗാരിഞ്ച കളിച്ച ഒരു മത്സരമേ ബ്രസീൽ തോറ്റുള്ളൂ, 1966 ലെ ലോകകപ്പിൽ ഹംഗറിയോട്. ബ്രസീലിനു വേണ്ടി ഗാരിഞ്ചയുടെ അവസാന മത്സരമായിരുന്നു അത്. ആ മത്സരത്തിൽ പെലെയുണ്ടായിരുന്നില്ല. പെലെയും ഗാരിഞ്ചയും കളിച്ച ഒരു കളിയും ബ്രസീൽ തോറ്റില്ലെന്നർഥം.
1958 ലെ ലോകകപ്പിൽ കിരീട പ്രതീക്ഷകളായ സോവിയറ്റ് യൂനിയനെതിരായ ബ്രസീലിന്റെ മൂന്നാമത്തെ കളിയിൽ കളിക്കാരുടെ സമ്മർദത്തെത്തുടർന്നാണ് പെലെയെയും ഗാരിഞ്ചയെയും കോച്ച് കളത്തിലിറക്കിയത്. ബ്രസീൽ പിന്നീട് മറ്റൊരു ടീമായി. കിക്കോഫിൽനിന്ന് കിട്ടിയ പന്തുമായി മൂന്നു കളിക്കാരെ വെട്ടിച്ച് ഗാരിഞ്ച തൊടുത്ത ഷോട്ട് പോസ്റ്റിനിടിച്ച് മടങ്ങി. അടുത്ത സെക്കന്റിൽ ഗാരിഞ്ച നൽകിയ ക്രോസ് പെലെ പായിച്ചത് ക്രോസ് ബാറിന് തട്ടിത്തെറിച്ചു. ഫൈനലിലെ രണ്ടു ഗോളിനും വഴിതുറന്നത് ഗാരിഞ്ചയായിരുന്നു. രണ്ടാം പകുതിയിൽ ഗാരിഞ്ചയെ പിടിച്ചുകെട്ടാൻ സ്വീഡൻ രണ്ടു പേരെ നിയോഗിച്ചു. അതോടെ ബ്രസീലിന് വലതു വിംഗ് തുറന്നുകിട്ടി. 5-2 ന് അവർ ജയിച്ചു. കളിയുടെ നിയമങ്ങളൊന്നും ഗാരിഞ്ച ശ്രദ്ധിച്ചില്ല. ബ്രസീൽ ലോകകപ്പ് വിജയമാഘോഷിക്കുമ്പോൾ അത് ഫൈനലാണെന്നറിയാതെ ഗാരിഞ്ച അമ്പരന്നു നിൽക്കുകയായിരുന്നു.
ഗാരിഞ്ചയുടെ തനിനിറം കണ്ടത് പെലെ പരിക്കോടെ പിന്മാറേണ്ടി വന്ന 1962 ലെ ലോകകപ്പിലാണ്. എവിടെയും ഗാരിഞ്ച നിറഞ്ഞുനിന്നു, ഏത് കോണിൽനിന്നും എത്ര ദൂരത്തുനിന്നും ഗോളിലേക്ക് വെടിയുതിർത്തു. ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ രണ്ടു ഗോളടിക്കുകയും മൂന്നാമത്തേതിന് കളമൊരുക്കുകയും ചെയ്തു. സെമിയിൽ ചിലെക്കെതിരെ രണ്ടെണ്ണം. ആ കളിയുടെ അവസാനം ഗാരിഞ്ച ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും ബ്രസീൽ സമ്മർദം ചെലുത്തിയതോടെ ഫൈനലിൽ കളിക്കാൻ സാധിച്ചു. പനിയുമായി കളിച്ചിട്ടും ചെക്കൊസ്ലൊവാക്യക്കെതിരെ ഗാരിഞ്ച കളം വാണു. ആ ലോകകപ്പിലെ മികച്ച കളിക്കാരനായി ഗാരിഞ്ച. 1966 ലെ ലോകകപ്പിൽ ബൾഗേറിയക്കെതിരെ തകർപ്പൻ ഫ്രീകിക്ക് ഗോൾ നേടി. മൂന്നു തവണ കോർണർ കിക്ക് നേരെ ഗോളാക്കിയിട്ടുണ്ട്.
ഗാരിഞ്ചയുടെ ജീവിതം ദുരന്തങ്ങളുടെ പെരുമഴയായിരുന്നു. മുഴുക്കുടിയനായ പിതാവിന് ജനിച്ച ഗാരിഞ്ച ആ ശീലം സ്വായത്തമാക്കി. മദ്യപിച്ച് വണ്ടിയോടിച്ച ഗാരിഞ്ച ഭാര്യാമാതാവിന്റെ മരണത്തിന് കാരണക്കാരനായി. മറ്റൊരിക്കൽ പിതാവിനെ ഇടിച്ചിട്ടു. രണ്ടു വിവാഹങ്ങളിലും പല ബന്ധങ്ങളിലുമായി 14 കുട്ടികളെങ്കിലുമുണ്ട് ഗാരിഞ്ചക്ക്. 1983 ൽ കുടിച്ചു ലക്കുകെട്ട് ബോധമില്ലാതെയാണ് ഗാരിഞ്ച മരിച്ചത്. അപ്പോഴേക്കും പൂർണമായി തകർന്നിരുന്നു ഈ അതുല്യ താരം. പക്ഷേ ഗാരിഞ്ചയുടെ ശവക്കല്ലറയിൽ ബ്രസീലുകാർ എഴുതി, 'നന്ദി ഗാരിഞ്ച, ജീവിച്ചതിന്'.
ഒരുപാട് വൈകല്യങ്ങളുമായാണ് ഗാരിഞ്ചയുടെ ജനനം. നട്ടെല്ലിന് കേടുണ്ടായിരുന്നു, വലത്തേത് ചട്ടുകാലായിരുന്നു, ഇടങ്കാൽ ആറു സെ.മീ നീളം കുറവായിരുന്നു, ഒരു കാൽ ഉള്ളിലേക്കും മറ്റേത് പുറത്തേക്കും വളഞ്ഞായിരുന്നു. ഒരിക്കലും കുട്ടിത്തം മാറിയില്ല. പക്ഷേ പന്ത് കിട്ടിയാൽ ഗാരിഞ്ച പൂർണനായി. വൈകിയാണ് കളിയിലേക്ക് തിരിഞ്ഞത്. തന്റെ പ്രതിഭ കൊണ്ട് പണമുണ്ടാക്കണമെന്ന് അയാൾ ഒരിക്കലും ചിന്തിച്ചില്ല. യുവന്റസും റയൽ മഡ്രീഡും ഇന്റർ മിലാനും എ.സി മിലാനുമൊക്കെ ഗാരിഞ്ചയെ വലവീശി. പക്ഷേ ഒരിക്കലും ബ്രസീൽ വിട്ടില്ല. 1973 ൽ ഗാരിഞ്ചക്ക് വിടവാങ്ങലായി മാരക്കാന സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഫിഫ ലോക ഇലവനും ബ്രസീലും തമ്മിലുള്ള കളി 1.31 ലക്ഷം പേർ വീക്ഷിച്ചു. 1982 വരെ വല്ലപ്പോഴുമൊക്കെയായി ഗാരിഞ്ച കളിച്ചു. പിറ്റേ വർഷം നാൽപത്തൊമ്പതാം വയസ്സിൽ സീറോസിസ് ബാധിച്ച് മരിച്ചു. ബോടഫോഗൊ പതാകയിൽ പൊതിഞ്ഞ് മാരക്കാനയിൽ പൊതുദർശനത്തിന് വെച്ച ഗാരിഞ്ചയെ അവസാനമായി കാണാൻ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. പാവു ഗ്രാൻഡെയിലെ ശവക്കല്ലറയിൽ ബ്രസീലുകാർ എഴുതി: 'അവനൊരു സുന്ദരനായ കുട്ടിയായിരുന്നു,
അവൻ പക്ഷികളോട് സംസാരിച്ചിരുന്നു'.