മനാമ- ബഹ്റൈനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പി.സി.ആര്‍ പരിശോധനയോ ക്വാറന്റൈന്‍ നിബന്ധനകളോ ഇനി മുതല്‍ ഉണ്ടാകില്ല. ബഹ്റൈന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച മുതല്‍ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരും.
ഫെബ്രുവരി 20 ഞായറാഴ്ച മുതല്‍ ബഹ്റൈന്‍ രാജ്യാന്തര വിമാനത്താവളം വഴി രാജ്യത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും പി.സി.ആര്‍ പരിശോധനയോ ക്വാറന്റൈനോ ആവശ്യമില്ല- ബഹ്റൈന്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ബഹ്റൈനിലെ നാഷണല്‍ മെഡിക്കല്‍ ടാസ്‌ക്ഫോഴ്സിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പുതിയ നിബന്ധനകള്‍.
രാജ്യത്തിന്റെ കോവിഡ് ആപ്പില്‍ ഗ്രീന്‍ പാസ് കൈവശം വെക്കാത്തവര്‍ ഉള്‍പ്പെടെ, സജീവ കോവിഡ് കേസുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആളുകള്‍ക്ക് ഇനി മുന്‍കരുതല്‍ ഐസൊലേഷനില്‍ കഴിയേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. കൊവിഡ് ലക്ഷണങ്ങളുള്ള ആളുകള്‍ക്ക് മാത്രമേ പി.സി.ആര്‍ പരിശോധന നടത്തേണ്ടി വരൂ.
ബഹ്റൈനിലെത്തുന്ന യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് പരിശോധന ഒഴിവാക്കി. ഫെബ്രവരി 20 മുതല്‍ പി.സി.ആര്‍ പരിശോധന ആവശ്യമില്ല. മലയാളികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് ആണ് ഇതിന്റെ ഗുണം ലഭിക്കുന്നത്.