ശ്രീനിജന്‍ എം.എല്‍.എയെ  കൊലക്കേസ്  പ്രതിയാക്കി  അറസ്റ്റ് ചെയ്യണം- സാബു ജേക്കബ്

കൊച്ചി- കിഴക്കമ്പലത്തെ ദീപുവിന്റെ കൊലപാതകത്തില്‍  ശ്രീനിജന്‍ എം.എല്‍.എയെ  കൊലക്കേസ് പ്രതിയാക്കി  അറസ്റ്റ് ചെയ്യണമെന്ന് സാബു ജേക്കബ് . സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളാണ് ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ് ഉന്നയിച്ചത്. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആക്രമണത്തിന് മുന്‍പും പിന്‍പും കൊലയാളികള്‍ പി.വി. ശ്രീനിജന്‍ എംഎല്‍എയുമായി ബന്ധപ്പെട്ടെന്നു. കൊലപാതക കേസിലെ ഒന്നാം പ്രതി ശ്രീനിജനാണെന്നും അദ്ദേഹം ആരോപിച്ചു.
ശ്രീനിജന്‍ എംഎല്‍എ ആയതിനുശേഷം കഴിഞ്ഞ പത്ത് മാസത്തിനിടെ 50ലധികം ട്വന്റി 20 പ്രവര്‍ത്തകാണ് ആക്രമിക്കപ്പെട്ടത്. ആരെങ്കിലും പരാതിപ്പെട്ടാല്‍ അവരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുന്ന സാഹചര്യമുണ്ട്. ട്വന്റി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളിലും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.  ഫെബ്രുവരി 5നാണ് ട്വന്റി 20 ലൈറ്റണക്കല്‍ സമരം പ്രഖ്യാപിച്ചത്. 5നും 12നുമിടയിലാണ് കൊലപാതകം നടത്തുന്നതിനുള്ള വലിയ ഗൂഢാലോചന നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രൊഫഷണല്‍ സംഘമാണ് ദീപുവിന്റെ കൊലപാതകം നടത്തിയതെന്നും സാബു ജേക്കബ് ആരോപിച്ചു.
അതിനിടെ, ട്വന്റി 20 പ്രവര്‍ത്തകന്റെ മരണത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരം കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത നാല് പേര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. കിഴക്കമ്പലത്ത് മര്‍ദ്ദനമേറ്റ് മരിച്ച ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തും. ബന്ധുക്കളുടെ ആവശ്യപ്രകാരം കോട്ടയം മെഡിക്കല്‍ കോളേജില്‍വെച്ചാണ് പോസ്റ്റുമോര്‍ട്ടം.

Latest News