തിരസ്‌കാരത്തിന്റെ തീമുള്ളുകൾ 

വിക്ടർ ലീനസ് എന്ന കഥാകാരന്റെ ഓർമക്ക് മൂന്നു പതിറ്റാണ്ട്

ജീവിതം കഥയായിത്തീരുകയും കഥ ജീവിതത്തിലേക്ക് നടന്നു കയറുകയും ചെയ്ത ദുരന്തപൂർണമായ ഒരലച്ചിലായിരുന്നു വിക്ടർ ലീനസ് എന്ന എഴുത്തുകാരന്റെ ജീവിതവും മരണവും. തിരസ്‌കാരത്തിന്റെയും നിഷേധത്തിന്റെയും തീക്കാറ്റിൽ പൊതിഞ്ഞ കഥകളായിരുന്നു വിക്ടർ ലീനസിന്റേത്.
ഫെബ്രുവരി പതിനാറിന് കഥാകാരന്റെ മുപ്പതാം ചരമവാർഷിക ദിനമായിരുന്നു.
വളരെ കുറച്ച് കഥകൾ മാത്രമെഴുതി വ്യവസ്ഥാപിതമായ ജീവിതത്തിന്റെ  പുറംകാഴ്ചകളെയും സമൂഹത്തിന്റെ ധാർമികമായ പിൻതുടർച്ചകളെയും എഴുത്തിലും ജീവിതത്തിലും നിരാകരിച്ച എഴുത്തുകാരൻ. ആകെ എഴുതിയ ഇരുപത്തഞ്ചോളം മാത്രമുള്ള  കഥകളത്രയും  ജീവിതത്തിന്റെ ദുരിതപൂർണമായ എരിഞ്ഞടങ്ങലുകളും അരക്ഷിതത്വവും കൊണ്ടു നിറഞ്ഞു. അപരിചിതമായ ഏതിനെയോ തേടിയലഞ്ഞ് ദുരൂഹമായി മരണപ്പെടുന്നവർ വിക്ടറിന്റെ കഥാപാത്രങ്ങളുടെ പ്രത്യേകതയായിരുന്നു. ദുരനുഭവങ്ങൾ നിറഞ്ഞ ജീവിതവും പ്രതീക്ഷകളില്ലാതെ നഗരങ്ങളിലും വഴിയോരങ്ങളിലും അലഞ്ഞു തിരിയുന്നവരും വിക്ടറിന്റെ കഥകളിൽ മാറിമാറി വരുന്ന കഥാപാത്രങ്ങളായിരുന്നു.
ജീവിതത്തിന്റെ സ്ഥായിയായ വ്യാകുലതകളും അഗാധമായ അരക്ഷിതത്വവും പേറി നടന്ന ഒരു  മനസ്സിനുടമയായിരുന്നു വിക്ടർ. വ്യക്തി ജീവിതത്തിലെ മാനസിക സംഘട്ടനങ്ങളും കുടുംബ ജീവിതത്തിലെ പൊരുത്തക്കേടുകളും ബൗദ്ധികവും സർഗപരവുമായ മാനസിക സംഘർഷങ്ങൾക്ക് വഴിയൊരുക്കുകയും നിഷേധാത്മകമായ ആ ജീവിതം ദുരന്തപൂർണമാവുകയും ചെയ്തു. ജീവിതത്തിന്റെ സമസ്ത കെട്ടുവേലികളെയും സദാചാരത്തിന്റെ ഭാഷകളെയും നിഷേധിച്ച് ദിക്ക് തെറ്റിയോടിയ ആ യാത്ര ഒടുവിൽ എറണാകുളത്തെ ഒരു തെരുവിൽ ആരാലും തിരിച്ചറിയപ്പെടാതെ അവസാനിക്കുകയും ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ മൂന്ന് ദിവസം അനാഥമായി കിടക്കുകയും ചെയ്തു.
ജന്തുശാസ്ത്രത്തിൽ ബിരുദവും സമുദ്ര ശാസ്ത്രത്തിൽ (ഓഷ്യനോളജി)  ഉന്നത ബിരുദവുമുള്ള വിക്ടർ, ട്രുമൻ കപോട്ടിന്റെ കൃതികളും ടാഗോറിന്റെ കവിതകളും വിവർത്തനം ചെയ്തിരുന്നു. രാമു കാര്യാട്ടിന്റെ കൂടെ സംവിധാന സഹായിയായും പ്രവർത്തിച്ചിരുന്നു.
മലയാള ചെറുകഥയുടെ ചരിത്രത്തിലെ ഒരു ദശാസന്ധിയിലാണ്  വിക്ടർ ലീനസിന്റെ കഥകളുടെ ആവിർഭാവം. ചെറുകഥയുടെ രൂപഭാവങ്ങൾക്ക് പരിവർത്തനം സൃഷ്ടിക്കപ്പെടുകയും കഥകൾ ഭൂരിഭാഗവും ദാർശനികമായ ആശയങ്ങളുടെ  ഭാഷ്യമായി ചുരുങ്ങുകയും   കഥകളിൽ നിന്ന് കഥാംശം അലിഞ്ഞില്ലാതാവുകയും ചെയ്തുകൊണ്ട് ആധുനികത കത്തി നിന്നിരുന്ന കാലം.
ചെറുകഥയുടെ രൂപഭംഗിയും ഘടനയും കഥകളിൽ നിന്നും നഷ്ടപ്പെട്ടു  എന്ന് വിമർശകർ പരിതപിച്ച, അസ്തിത്വ ദുഃഖങ്ങളും അരാജകത്വവും കഥളിൽ വേഷം കെട്ടിയാടിയ ആധുനികത പരിക്കേൽപിച്ച ചെറുകഥക്ക് നഷ്ടപ്പെട്ട കഥാംശത്തെ പുനരാനയിക്കുകയും പുതുമയുടെ പ്രകാശം പ്രസരിപ്പിക്കുകയും ചെയ്തതിൽ ശ്രദ്ധേയമായ പങ്ക് വഹിക്കുകയും ചെയ്ത കഥാകൃത്താണ് വിക്ടർ ലീനസ്. കഥകളെ സങ്കീർണതയുടെ താഴ്‌വരയിലേക്ക് തള്ളിയിട്ട ആധുനികതയുടെ പ്രേതത്തെ ആണിയടിച്ച് ബന്ധനസ്ഥനാക്കേണ്ട അനിവാര്യമായ സന്ദർഭമെന്ന് വിമർശകർ വിശേഷിപ്പിച്ച ഘട്ടത്തിലാണ് പുതുമയുടെ പ്രസരിപ്പുമായി വിക്ടർ ലീനസ് തന്റെ  കഥകളുമായി കടന്നു വരുന്നത്. ഒരു പക്ഷേ, പിന്നീട് എഴുപതുകളുടെ അർധ പാതിയിലും എൺപതുകളിലുമായി വളർന്നു വികസിച്ചു വന്ന ആധുനികാനന്തര കഥാസാഹിത്യത്തിന്റെ ആദി മാതൃകകൾക്ക് തുടക്കമായതും വിക്ടർ ലീനസിന്റെ കഥകളാവണം.
ആ കാലത്തെ കഥകൾക്ക് മഹാനഗരങ്ങളിൽ ചേക്കേറിയ എഴുത്തുകാരുടെ നഗരാനുഭവങ്ങളുടെ പശ്ചാത്തലമാണ് ഭൂരിഭാഗവും ഉണ്ടായിരുന്നത്. കേരളീയ ഗ്രാമീണ ജീവിതത്തിന്റെ മൃദുലവും സ്വഛവുമായ പരിസരങ്ങളിൽ നിന്നും നഗരത്തിലേക്ക് പറിച്ചു നട്ടപ്പോഴുണ്ടായ ആഘാതം അവരുടെ കഥകളിൽ മുഴച്ചു നിന്നു. വിക്ടറിന്റെ കഥകളെയും നഗരം അനുധാവനം ചെയ്തു. എന്നാൽ ആ കഥകൾ നഗരം പശ്ചാത്തലമായുള്ളവയായിരുന്നില്ല. മറിച്ച്, നഗരം മിക്ക കഥകളിലെയും ഒരു കഥാപാത്രമാവുകയായിരുന്നു. ഒരു സമുദ്ര പരിണാമം, വിരുന്ന്, പരിദാനം, വിട, ധീരോദാത്ത നായകൻ, യാത്രാമൊഴി തുടങ്ങിയ  കഥകളിൽ നഗരം കഥകളുടെ ആത്മാവിന്റെ ഒരു ഭാഗം തന്നെയായിരുന്നു.
ആധുനികതയിൽ വായിക്കപ്പെട്ട കഥകളിലെ നഗരം ആസുരവും അപരിചതത്വവും നിറഞ്ഞവയും അന്യമായ ഒരു ഭാഷയുടെയും സംസ്‌കാരത്തിന്റെയും  സങ്കലനവുമായിരുന്നു.
എന്നാൽ വിക്ടറിന്റെ കഥകളിലെ നഗരം കേരളീയമായിരുന്നു. വിക്ടറിന്റെ ഏറ്റവും പ്രധാനപ്പെട്ടതെന്ന് കരുതാവുന്ന യാത്രാമൊഴി, വിട, വിരുന്ന്, സമുദ്ര പരിണാമം തുടങ്ങിയ കഥകളിലെ നഗരം കൊച്ചിയാണ്. നഗരത്തിന്റെ എല്ലാ എച്ചിലുകളും ഇരുണ്ട വാതിലുകളും അധോലോക മുഖവും യാഥാർത്ഥ്യമായി തന്നെ ഉൾക്കൊള്ളുമ്പോഴും നഗരം സാന്ത്വനമരുളുന്ന, പ്രകാശം പുരണ്ട ഒരു ആത്മഭാവമായാണ് കഥകളിൽ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടാണ് നഗരത്തിന്റെ സ്വാഭാവികമായ  ഉൽപന്നമായ വേശ്യകളിൽ കാമത്തേക്കാൾ ആർദ്രമായ ഒരു വികാരത്തെ കണ്ടെത്താൻ വിക്ടറിന് കഴിയുന്നതും. വിക്ടറിന്റെ കഥകളിൽ തുടരെ തുടരെ പ്രത്യക്ഷപ്പെടുന്ന ലീല എന്ന കഥാപാത്രം ഒരു  വേശ്യയാണ്. എന്നാൽ ഇതൊക്കെയും  വൈപരീത്യങ്ങളുടെ സമന്വയവുമാണ്. അതാണ് കഥകളിൽ നഗരത്തിന്റെ യാന്ത്രികതയുടെ ആഘാതങ്ങൾക്കിടയിലും മാനുഷികമായ സ്വഛതകളെ കണ്ടെത്തുന്നത് പോലെ തന്റെ കഥകളിലെ സദാചാര വിരുദ്ധ ജോലി ചെയ്യുന്ന വേശ്യയും അപൂർവമായ ഭാവശുദ്ധിയോടെ  ജീവിതത്തെ സമീപിക്കുകയും ധന്യമായ മരണത്തെ പുൽകുകയും ചെയ്യുന്ന വിപരീതങ്ങളായി കഥകളിൽ പ്രതിക്ഷപ്പെടുന്നത്.
പരിദാനം, വിരുന്ന്, ഒരു സമുദ്ര പരിണാമം, യാത്രാമൊഴി എന്നീ കഥകളിൽ ലീല എന്ന കഥാപാത്രം ആവർത്തിക്കുന്നു.  സമൂഹം സദാചാര വിരുദ്ധമെന്ന് വിധിച്ച തൊഴിൽ ചെയ്യുന്ന ലീല, വിക്ടറിന് വിശുദ്ധയാണ്. ഒടുവിൽ ലീലയുടെ അപകട മരണം പോലും ബസിനടിയിൽപെട്ട് മരിക്കാനായ ഒരു കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ സംഭവിച്ച വിശുദ്ധമായ മരണമാവുകയാണ്. 'ധീരോദാത്ത നായകൻ' എന്ന കഥയിലെ കാമുകനാൽ വഞ്ചിക്കപ്പെട്ട് വൻ നഗരത്തിലെത്തപ്പെട്ട പെൺകുട്ടിയെ രക്ഷപ്പെടുത്തി ധീരോദാത്ത നായകനായ   റോണി തന്നെ അവൾക്ക് മുന്നിൽ വില്ലനായി അവതരിക്കപ്പെട്ട ധീരോദാത്ത നായകൻ എന്ന കഥയുടെ തുടർച്ചയായ ഒരു സമുദ്ര പരിണാമം എന്ന കഥയിലെ നായകൻ നേർവിപരീതനാണ്. ഇങ്ങനെ വൈപരീത്യങ്ങളുടെ സമന്വയം പോലെ ഒരു വശത്ത് നഗരത്തിന്റെ നിഗൂഢതകളായാലും വേശ്യയുടെ പാപക്കറയേറ്റ ജീവിതമായാലും ചതിക്കുഴികളും മാഞ്ഞ ചിരിയുള്ള  അധോലോകത്തിന്റെ  മുഖമായാലും മറുവശത്ത്  നന്മയുടെയും കാരുണ്യത്തിന്റെയും മാനുഷികതയുടെയും നിറമില്ലാത്ത മുഖങ്ങളാണ് കഥകളിൽ.
'നമ്മുടെ മേൽ പടച്ചുവിടുന്നതൊന്നും കറയും കളയുമായി എനിക്ക് തോന്നിയിട്ടില്ല' എന്ന് ഒരു കഥയിൽ (നീണ്ട നിശ്ശബ്ദതക്ക് ശേഷം) പറയുന്നത് പോലെ വിക്ടറിന്റെ ജീവിതവും തിരസ്‌കാരത്തിന്റെയും നിഷേധത്തിന്റെയും തീമുള്ളുകൾ പോലെ അഗാധമായ അരക്ഷിതത്വത്തിന്റെ പിടിയിലമർന്നതായിരുന്നു. ശൂന്യതകളും സങ്കീർണതകളും  അസ്വാഭാവികതകളും നിറഞ്ഞ കഥാപത്രങ്ങളെ പോലെ വിക്ടറിന്റെ ജീവിതവും യൗവനത്തിന്റെ പ്രലോഭനീയമായ ഒരു ശൂന്യതയിലായിരുന്നു. അശാന്തിയുടെ ഒരു കാട് പോലെ ജീവിച്ച ആ ജീവിതത്തിൽ നിന്നും ദാമ്പത്യത്തിന്റെ പച്ചത്തുരുത്തുകൾ വറ്റിയമർന്നു. അസംതൃപ്തവും ശിഥിലവുമായ കുടുംബ ജീവിതം ഭാര്യയെ ആത്മഹത്യയിലേക്ക് നയിച്ചു. ശൂന്യതയുടെ ഏകാന്തതയിൽ നിന്ന്, ഇതിനിടയിൽ  ഒരുടയാട പോലെ പറ്റിച്ചേർന്നുപോയ മദ്യപാനത്തിനും വിക്ടറിനെ രക്ഷിക്കാനായില്ല. വിക്ടറിന്റെ ജീവിതം താൻ മെനഞ്ഞെടുത്ത കഥകൾക്കും മുകളിൽ ഒഴുകിപ്പരന്നു.
എഴുത്തുകാരൻ,  വിവർത്തകൻ, ചിത്രകാരൻ, ശിൽപി, പത്ര പ്രവർത്തകൻ, സഹസംവിധായകൻ എന്നീ മേഖലകളിലെല്ലാം പ്രവർത്തിച്ചിരുന്ന വിക്ടർ പക്ഷേ, സ്വന്തം മനസ്സ് പോലെ  ഒന്നിലും ഉറച്ചുനിന്നില്ല. ഒരു പരീക്ഷണശാല പോലെ ആയിരുന്ന വിക്ടറിന്റെ ജീവിതം വിക്ടറിന്റെ കഥകൾക്കും കഥാപാത്രങ്ങൾക്കുമുണ്ടായ തുടർച്ച പോലെ  ആ തുടർച്ച വിക്ടറിന്റെ ജീവിതത്തിലേക്കും പടരുകയായിരുന്നു. ഒരു ബൊഹീമിയൻ ജീവിതം പോലെ പകർന്നാടിയ ആ ജീവിതം സർഗ ജീവിതവുമായി കെട്ടുപിണഞ്ഞ് ദുരിതങ്ങളുടെ രക്തസാക്ഷിയായി ഒടുവിൽ തന്റെ ആത്മാവിന്റെ ഭാഗമായ എറണാകുളത്തെ ഒരു തെരുവിൽ അവസാനിച്ചു. 


 

Latest News