ഡിജിറ്റൽ രംഗത്തെ സാധ്യതകൾ ഉപയോഗിച്ച് ക്രിമിനൽ മനസ്സോടെ പ്രവർത്തിക്കുന്ന കക്ഷികൾ ലോകാടിസ്ഥാനത്തിൽ തന്നെ അരാജകത്വം വിതച്ച് പലരുടെയും സൈ്വര ജീവിതം അടിക്കടി തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇന്റർനെറ്റ് സാമ്രാജ്യത്തിന് ദേശാതിർത്തികളില്ല. ജാതി മത പരിഗണനകളോ ആൺ പെൺ വ്യത്യാസങ്ങളോ ഇല്ല. മൂല്യബോധമോ സദാചാര വിചാരങ്ങളോ വിലങ്ങാവുന്നില്ല.
കണ്ണിമ വെട്ടുന്നത് മനുഷ്യന്റെ തികച്ചും സ്വാഭാവികവും പ്രകൃതിദത്തവുമായ ഒരു ശാരീരിക പ്രവർത്തനമാണ്. അനിയന്ത്രിതമായി കൃത്രിമ വീഡിയോകൾ ഒറിജിനലിനെ വെല്ലുന്ന തരത്തിൽ ഇന്റർനെറ്റിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടപ്പോൾ അവയെ വേറിട്ടറിയാൻ വീഡിയോയിലുള്ള മനുഷ്യർ കണ്ണിമ വെട്ടുന്നുണ്ടോ എന്ന് നോക്കിയാൽ മതിയെന്നാണ് വിദഗ്ധർ കണ്ടെത്തിയ പ്രതിവിധി. എന്നാൽ യാതൊരു സംശയത്തിനും ഇടവരാത്ത തരത്തിൽ കണ്ണിമ വെട്ടുന്നത് പോലും കിറുകൃത്യമായി സജ്ജീകരിക്കപ്പെട്ട കൃത്രിമ വീഡിയോകളാണ് പിന്നീട് നിർമിക്കപ്പെട്ടത്! ഡീപ് ഫേക്ക് അഥവാ അഗാധ വ്യാജങ്ങൾ എന്നാണ് സാങ്കേതികമായി ഇത്തരം ഡിജിറ്റൽ ദുരുപയോഗങ്ങളെ വിശേഷിപ്പിക്കുന്നത്.
ഡിജിറ്റൽ രംഗത്ത് മനുഷ്യർ കൈവരിച്ച മുന്നേറ്റങ്ങൾ ജീവിതത്തെ കൂടുതൽ എളുപ്പമുള്ളതാക്കിയിട്ടുണ്ട്. പലയിടങ്ങളിലുമുള്ള ദീർഘമായ കാത്തിരിപ്പും നീണ്ട ക്യൂവും കുറഞ്ഞു വന്നു. ഷോപ്പിംഗ്, മീറ്റിംഗ് എല്ലാം മാറി! പ്രത്യേകിച്ചും ബാങ്കുകളിലും ട്രഷറികളിലും ബുക്കിംഗ് സെന്ററുകളിലും പല ഓഫീസുകളിലും മണിക്കൂറുകളോളം വിരസമായി കാത്തുകെട്ടിക്കിടന്ന നാളുകൾ കേവലം ഓർമ മാത്രമായി മാറിക്കൊണ്ടിരിക്കുന്നു.
വാണിജ്യം, വ്യവസായം, ബാങ്കിംഗ്, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിനോദം, ഗവേഷണം വാർത്താ വിതരണം തുടങ്ങി സർവ രംഗങ്ങളിലും മാറ്റങ്ങൾ പ്രതിനിമിഷം വന്നുകൊണ്ടിരിക്കുന്നു.
ഒരു ഭാഗത്ത് ജീവിതം സാങ്കേതികമായി പ്രയാസരഹിതമായിക്കൊണ്ടിരിക്കുമ്പോൾ മറുഭാഗത്ത് സാമൂഹ്യമായും സാംസ്കാരികമായും ജീർണത മജ്ജയോളം കടന്നെത്തിയിരിക്കുന്നു.
മുമ്പെങ്ങുമില്ലാത്ത തരത്തിൽ അരക്ഷിതത്വവും അപര വിദ്വേഷവും അപകടകരമായ തരത്തിൽ സമൂഹത്തിലെ ആബാലവൃദ്ധം ജനങ്ങളെയും ഗ്രസിച്ചുകൊണ്ടിരിക്കുന്നു.
ഡിജിറ്റൽ രംഗത്തെ സാധ്യതകൾ ഉപയോഗിച്ച് ക്രിമിനൽ മനസ്സോടെ പ്രവർത്തിക്കുന്ന കക്ഷികൾ ലോകാടിസ്ഥാനത്തിൽ തന്നെ അരാജകത്വം വിതച്ച് പലരുടെയും സൈ്വര ജീവിതം അടിക്കടി തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇന്റർനെറ്റ് സാമ്രാജ്യത്തിന് ദേശാതിർത്തികളില്ല. ജാതി മത പരിഗണനകളോ ആൺ പെൺ വ്യത്യാസങ്ങളോ ഇല്ല. മൂല്യബോധമോ സദാചാര വിചാരങ്ങളോ വിലങ്ങാവുന്നില്ല. ഒരു ഭരണകർത്താവോ, അവിടെ ഭരണഘടനയോ നിലവില്ല എന്ന#ു വേണം പറയാൻ. ആർക്കും എന്തുമാവാം എന്ന സർവ തന്ത്ര സ്വതന്ത്ര റിപ്പബ്ലിക്കായാണതിനെ പലരും കാണുന്നത്. അതിനാൽ തന്നെ മുമ്പെങ്ങും കേട്ടുകേൾവിയില്ലാത്ത കെടുതികൾ അധികാരികളും സാധാരണക്കാരും മാതാപിതാക്കളും ഇളം തലമുറയും അനുഭവിക്കുന്നുണ്ട്.
അടച്ചിടപ്പെട്ട കോവിഡ് കാലം വ്യാജ നിർമിതികളുടെ
കൊയ്ത്തുകാലം കൂടിയായിരുന്നു. സാർവത്രികമായി സ്മാർട്ട് ഫോൺ സഹായത്തോടെ ഡിജിറ്റൽ ലോകത്ത് വ്യാപരിക്കാൻ നിർബന്ധിതരായ ബഹുഭൂരിപക്ഷം ജനങ്ങളിലും തെറ്റിദ്ധാരണയും അപര വിദേഷവും കൊടുങ്കാറ്റ് കണക്കെ വിതയ്ക്കാൻ വ്യാജ വിലാസക്കാർക്ക് കഴിഞ്ഞു. വിവിധ അധികാര കേന്ദ്രങ്ങൾ അവ സമർത്ഥമായി ഉപയോഗപ്പെടുത്തുകയും ചെയ്തു.
2017 ൽ 51 ശതമാനമായിരുന്നു സോഷ്യൽ മീഡിയയിലെ വ്യാജരെങ്കിൽ ഇന്നത് അറുപത് ശതമാനത്തോടടുത്തിരിക്കുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
സാമ്പത്തിക സംബന്ധമായ കൃത്രിമത്വങ്ങളുടെ ഫലമായി കോടിക്കണക്കിന് തുകയാണ് പലർക്കും പല നാടുകളിലായി നഷ്ടപ്പെട്ടതെന്ന് രജിസ്റ്റർ ചെയ്യപ്പെട്ട സൈബർ കൃത്യങ്ങളുടെ കണക്കുകൾ സൂചിപ്പിക്കുന്നു. പുതിയ ഇ മാർക്കറ്റുകൾ, ഓൺലൈൻ പർച്ചേസുകൾ എന്നിവ ഇ ബാങ്കിംഗും ക്രഡിറ്റ് കാർഡുകളുടെ ഉപയോഗവും വർധിപ്പിച്ച പശ്ചാത്തലത്തിലാണിത്.
സ്വകാര്യമായി അന്വേഷിച്ചാൽ, ഡിജിറ്റൽ ചതിയിൽപെടാത്തവർ വളരെ വിരളമായിരിക്കും എന്ന് കാണാവുന്നതാണ്. പണം തട്ടുന്നവരാകട്ടെ, നാട്ടുകാരോ പരിചയക്കാരോ ഒന്നുമല്ല. ആഗോള തലത്തിലാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്.
അജ്ഞാതമായ നമ്പറുകളിൽ നിന്ന് പ്രത്യേകിച്ചും വിദേശത്ത് നിന്ന് വരുന്ന കോളുകൾ യാതൊരു കാരണവശാലും സ്വീകരിക്കാതിരിക്കുക, എളുപ്പത്തിൽ ഹാക് ചെയ്യാൻ പറ്റാത്ത ശക്തവും വൈവിധ്യവുമായ പാസ്വേഡ് ഉപയോഗിക്കുക; ഇടയ്ക്കൊക്കെ പാസ്വേർഡ് മാറ്റുക. ഒരു കാരണവശാലും പിൻ നമ്പറോ ഒടിപി നമ്പറോ മറ്റൊരാൾക്കും കൈമാറാറാതിരിക്കുക; സൗജന്യങ്ങളുടെയും മോഹന വാഗ്ദാനങ്ങളുടെയും പിന്നാലെ പോവാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ എടുത്താൽ ഒരു പരിധി വരെ സൈബർ ചതികളിൽ നിന്ന് രക്ഷ നേടാം.
ശബ്ദവും രൂപവും പശ്ചാത്തലവുമെല്ലാം
അൽഗോരിതത്തിലെ ഏതാനും മാറ്റിമറിക്കലിലൂടെ സാധ്യമാവുന്ന അഗാധ വ്യാജങ്ങളുടെ ഈ കാലത്ത് ഏതെങ്കിലും വ്യക്തിക്കോ വിഭാഗത്തിനോ നേരേ വിദ്വേഷം പരത്താൻ തൽപര കക്ഷികൾ മെനഞ്ഞുണ്ടാക്കുന്ന വീഡിയോകളും ചിത്രങ്ങളും അൽപമെങ്കിലും വിവേകമുള്ളവർ പ്രചരിപ്പിക്കരുത്. വസ്തുതകൾ പരിശോധിക്കാതെ ലൈക്കിനും കമന്റിനും വേണ്ടി ഗീർവാണ പോസ്റ്റിട്ടും ഫോർവേഡ് ചെയ്തും ആളാവുന്ന ഞരമ്പു രോഗികൾ വരുത്തിവെക്കുന്ന വിനകൾ ചില്ലറയല്ല.
ദയവായി അത്തരക്കാരുടെ വാർത്തകളും വിശകലനങ്ങളും പങ്ക് വെക്കാതിരിക്കുന്നതാണുത്തമം. അടിയന്തരമായി രാജ്യാന്തര നിയമ നിർമാണം നടത്തി സൈബർ ക്രിമിനലുകളെ നിലക്ക് നിർത്തിയില്ലെങ്കിൽ മനുഷ്യ രാശിയുടെ ഭാവി അപരിഹാര്യമായ തരത്തിൽ അപകടത്തിലാവുക തന്നെ ചെയ്യും.






