കുവൈത്ത് സിറ്റി - അശ്ലീല വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച കേസിൽ കുവൈത്തി നടിയും സോഷ്യൽമീഡിയ സെലിബ്രിറ്റിയുമായ ബേബി ബൂശഹ്‌രിയെയും കൂട്ടുകാരനെയും കുവൈത്ത് ക്രിമിനൽ കോടതി രണ്ടു വർഷം കഠിന തടവിന് ശിക്ഷിച്ചു. ഇരുവർക്കും രണ്ടായിരം കുവൈത്തി ദീനാർ വീതം കോടതി പിഴ ചുമത്തിയിട്ടുമുണ്ട്. പൊതുസമൂഹത്തിൽ ഏറെ വിവാദമായ വീഡിയോ പ്രചരിച്ച കേസിൽ അന്വേഷണം പൂർത്തിയാകുന്നതു വരെ ബേബി ബൂശഹ്‌രിയെയും കൂട്ടുകാരനെയും ജയിലിൽ അടക്കാൻ കഴിഞ്ഞ നവംബറിൽ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടിരുന്നു.
നിയമ നടപടികളിൽ നിന്ന് സ്വയരക്ഷക്ക് ശ്രമിച്ചും നഷ്ടപരിഹാരം തേടിയും, സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിംഗിനെതിരെ പരാതി നൽകാൻ ബേബി ബൂശഹ്‌രി പോലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് കേസിന്റെ തുടക്കം. എന്നാൽ ഈ കേസിൽ പരാതിക്കാരിയിൽ നിന്ന് പ്രതിയായി ബേബി ബൂശഹ്‌രി മാറുകയായിരുന്നു.\