അവസാനത്തെ കൂടിക്കാഴ്ച നടന്നില്ല, കോട്ടയം പ്രദീപിനെ അനുസ്മരിച്ച് ഗോവിന്ദ് പത്മസൂര്യ

നടന്‍ കോട്ടയം പ്രദീപിന്റെ അപ്രതീക്ഷിത വിയോഗം സിനിമ ലോകത്ത് ദു:ഖം പടര്‍ത്തി. നിരവധി പേരാണ് പ്രദീപിനെ അനുസ്മരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടത്.
നടന്‍ ഗോവിന്ദ് പത്മസൂര്യയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പ്രദീപിനെ അവസാനമായി കണ്ടുപിരിഞ്ഞതിനെക്കുറിച്ചാണ് എഴുതുന്നത്.

ഗോവിന്ദ് പത്മസൂര്യയുടെ കുറിപ്പ്:
'ഒരിക്കല്‍ എന്റെ നമ്പര്‍ എവിടെ നിന്നോ സംഘടിപ്പിച്ച് പ്രദീപേട്ടന്‍ എന്നെ വിളിച്ചു. ജി.പിയെ എനിക്കും കുടുംബത്തിനും ഒരുപാട് ഇഷ്ടമാണ്, അവതരണം ഗംഭീരമാണ്, ഒരുമിച്ച് അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ട് എന്നൊക്കെ പറഞ്ഞു. ഞാന്‍ ഒരുപാട് സിനിമയില്‍ ഒന്നും അഭിനയിക്കുന്നില്ല ചേട്ടാ, ചെയ്യുന്നതെല്ലാം തെലുങ്ക് സിനിമകളാണെന്നും ഞാന്‍ പറഞ്ഞു. എന്റെ വലിയ ആഗ്രഹമാണ്, അത് നടക്കും എന്ന് എനിക്ക് ഉറപ്പുണ്ട് എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അതോടെ അദ്ദേഹത്തോടൊപ്പം അഭിനയിക്കാനുള്ള മോഹം എനിക്കും വര്‍ധിച്ചു. ഭാഗ്യവശാല്‍ സുഹൃത്ത് മിറാഷ് ചെയ്യുന്ന പ്രോജക്ടില്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് അഭിനയിക്കാന്‍ സാധിച്ചു. ഡബ്ബിങ്ങിനും പ്രൊമോഷനും കാണാം എന്നും പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞതാണ്. ഡബ്ബിങ്ങിനും പ്രൊമോഷനും ഞങ്ങള്‍ കാത്തിരിക്കുകയാണ് പ്രദീപേട്ടാ! പ്രണാമം. ഓം ശാന്തി.

 

Latest News