കണ്ണൂര്‍ - വിവാഹസംഘത്തിനുനേരെ ബോംബെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. അക്രമിസംഘം ഉപയോഗിച്ചിരുന്ന വടിവാള്‍ കണ്ടെത്തി. ബോംബുണ്ടാക്കുന്നതിനായി സംഘത്തിന് സാധനങ്ങള്‍ എത്തിച്ചു നല്‍കിയ ആളെയും തിരിച്ചറിഞ്ഞു.
കടമ്പൂര്‍ കപ്പണത്താഴെ ഹൗസില്‍ കെ.ടി. അരുണ്‍ കുമാറിനെ (30)യാണ് അസി.കമ്മീഷണര്‍ പി.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം അഞ്ചായി.
ഏച്ചൂര്‍ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം കാടാച്ചിറയിലെ സനാദ് എത്തിച്ചു കൊടുത്ത വടിവാള്‍, സംഭവത്തിന് ശേഷം മിഥുന്‍ ഉപേക്ഷിച്ചിരുന്നു. ഈ വാളാണ് അരുണ്‍ കുമാറിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. സനാദിന് വാള്‍ എത്തിച്ചു നല്‍കിയത് അരുണ്‍ കുമാറാണ് . സനാദിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. സജീവ സി.പിഎം പ്രവര്‍ത്തകനാണ് അരുണ്‍കുമാര്‍. ഏതാനും മാസം മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വടിവാള്‍ വീശി ആക്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍.
തോട്ടടയില്‍ വിവാഹ സംഘത്തിന് നേരെ എറിഞ്ഞ ബോംബ് ഉണ്ടാക്കുന്നതിന് സാധനങ്ങള്‍ എത്തിച്ചു കൊടുത്തയാളെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. മിഥുനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കണ്ണൂര്‍ ടൗണിനടുത്തു താമസിക്കുന്ന ഇയാളുടെ പേരുവിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. മിഥുന്‍ പിടിയിലായതോടെ ഇയാള്‍ ഒളിവില്‍ പോയിരിക്കയാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
അതിനിടെ, ബോംബാക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങളും പുറത്തുവന്നു. നവവധു ഉള്‍പ്പെടെയുള്ളവര്‍ ഭയന്ന് ഓടുന്ന ദൃശ്യങ്ങള്‍ അടക്കമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഏച്ചൂര്‍ സ്വദേശികളായ മാവിലാക്കണ്ടി മിഥുന്‍ (24), കനോത്ത് ഹൗസില്‍ കണ്ടോത്ത് ഗോകുല്‍, (24),ഏച്ചൂരിലെ താമസക്കാരനും ഇപ്പോള്‍ കടമ്പൂര്‍ പൂങ്കാവനം ക്ഷേത്രത്തിനടുത്ത് കണ്ടത്തില്‍ മാധവി ഹൗസില്‍ താമസക്കാരനുമായ സനാദ് (24) എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്.
മിഥുന്റെ വീടിനു സമീപമാണ് ബോംബ് നിര്‍മ്മിച്ചത്. സ്ഫോടക വസ്തുക്കളുടെ അവശിഷ്ടം ഇവിടെ നിന്നും കണ്ടെത്തി. മിഥുനിന്റെ വീടിന്റെ പരിസരത്ത് സ്ഫോടനം നടത്തി പരീക്ഷിച്ചിരുന്നു. മരിച്ച ജിഷ്ണുവിന്റെ കയ്യില്‍ ബോംബില്ലായിരുന്നു. ആക്രമണത്തിന്റെ തൊട്ട് തലേ ദിവസമാണ് ബോംബുണ്ടാക്കിയത്. വിവാഹ വീട്ടില്‍ പ്രശ്നമുണ്ടാക്കി മടങ്ങിയ ശേഷമാണ് സംഘം ബോംബ് നിര്‍മ്മിച്ചത്.
പടക്കകടയില്‍ നിന്ന് കല്യാണ വീട്ടില്‍ പൊട്ടിക്കാന്‍ 4000 രൂപയുടെ പടക്കം വാങ്ങിയിരുന്നു. എന്നാല്‍ ബോംബുണ്ടാക്കിയ സ്ഫോടക വസ്തു വാങ്ങിയ ഉറവിടം വേറെയാണ്. ഇത് എത്തിച്ചു നല്‍കിയ ആളെയാണ് തിരിച്ചറിഞ്ഞത്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാവുമെന്നാണ് സൂചന.






