ബ്രിട്ടനിൽ നീലച്ചിത്ര വെബ്സൈറ്റുകൾ ഉപയോക്താക്കളുടെ പ്രായം ഉറപ്പു വരുത്തണം. ഇന്റർനെറ്റ് ഉപയോഗിക്കുന്ന കുട്ടികളെ സുരക്ഷിതരാക്കുന്നതിനായുള്ള ഓൺലൈൻ സുരക്ഷാ ബില്ലിന്റെ ഭാഗമായാണിത്. പോൺ സൈറ്റുകളിലേക്ക് വരുന്നവരുടെ പ്രായം പതിനെട്ടിൽ കൂടുതലാണെന്ന് ഉറപ്പു വരുത്താത്ത കമ്പനികൾക്ക് ആഗോള വരുമാനത്തിന്റെ പത്ത് ശമാനം പിഴ ചുമത്തുമെന്നാണ് ഓൺലൈൻ സുരക്ഷാ ബില്ലിലെ വ്യവസ്ഥ. ഉപയോക്താക്കൾ ക്രെഡിറ്റ് കാർഡ് വഴിയോ മൂന്നാം കക്ഷി സേവനം വഴിയോ പ്രായം 18 ൽ കൂടുതലാണെന്ന് വ്യക്തമാക്കണം.
ഹാനികരമാകുന്ന ഉള്ളടക്കങ്ങളിൽനിന്ന് ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് രക്ഷ നൽകുന്നതിനാണ് ഓൺലൈൻ സേഫ്റ്റി ബിൽ തയാറാക്കിയിരിക്കുന്നത്. ഏതാനും മാസങ്ങൾക്കകം ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. പോൺ സൈറ്റുകളിൽ പ്രായം പരിശോധിക്കുന്നതിനും സ്ഥിരീകരിക്കുന്നതിനും സംവിധാനം വേണമെന്ന് കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടി രംഗത്തുള്ള സംഘടനകൾ കാലങ്ങളായി ആവശ്യപ്പെടുന്നതാണ്.
ഓൺലൈനിൽ ലഭിക്കുന്ന ഉള്ളടക്കങ്ങൾ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും ലഭ്യമാകുന്നു എന്നതാണ് നിലവിലെ അവസ്ഥ. പോൺ സൈറ്റുകളിൽനിന്ന് കുട്ടികളെ രക്ഷിക്കുന്നതിന് സമാനമായ നടപടികൾ 2019 ൽ ഏർപ്പെടുത്താൻ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. യു.കെയിൽ 11-13 പ്രായക്കാരിൽ പകുതിയും പോൺ സൈറ്റുകളിൽ എത്തിപ്പെടുന്നതായാണ് കണക്ക്. സെക്സിനെ കുറിച്ച് കുട്ടികളിൽ തെറ്റായ ധാരണയുണ്ടാക്കുവാനും ചൂഷണങ്ങൾക്ക് ഇരകളാകുവാനും ഇത് കാരണമാകന്നുണ്ട്. ഇത്തരം സൈറ്റുകളിലെത്തുന്ന അനുഭവം കുട്ടികളെ ചൂഷണങ്ങളെ കുറിച്ച് പരാതി പറയുന്നതിൽനിന്ന് തടയുകയും ചെയ്യുന്നതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു.
തങ്ങളുടെ കുട്ടികൾ അനാവശ്യങ്ങൾ കാണുന്നില്ലെന്ന ഉറപ്പിൽ മാതാപിതാക്കൾക്ക് മനഃസമാധാനത്തോടെ കഴിയാൻ സാധിക്കണമെന്ന് ഡിജിറ്റൽ ഇക്കോണമി മന്ത്രി ക്രിസ് ഫിലിപ്പ് പറഞ്ഞു. വ്യവസ്ഥകൾ പാലിക്കാത്ത സൈറ്റുകളിൽനിന്ന് ഫൈൻ ഈടാക്കന്നതോടൊപ്പം യു.കെയിൽ വേണമെങ്കിൽ അവ ലഭ്യമാക്കാതിരിക്കാൻ അധികൃതർക്ക് നടപടികൾ കൈക്കൊള്ളാം. സുരക്ഷിത ഇന്റർനെറ്റ് ലഭ്യമാക്കാൻ നടപടികൾ കൈക്കൊള്ളുന്ന ഓഫ്കോം മുന്നോട്ട് വെക്കുന്ന വ്യവസ്ഥകൾ പാലിക്കാത്ത വെബ്സൈറ്റ് ഉടമകളെ വിചാരണക്ക് വിധേയമാക്കാനും കഴിയും. നേരത്തെ ചില പരിമിതികളുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ എല്ലാ വാണിജ്യ പോൺ സൈറ്റുകളും ഓൺലൈൻ സേഫ്റ്റി ബില്ലിന്റെ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്.
ഓൺലൈൻ സുരക്ഷക്കായുള്ള ശ്രമങ്ങൾ ഇതുവരെ വേണ്ടത്ര മുന്നോട്ടു പോയിട്ടില്ലെന്ന് പുതിയ നീക്കത്തെ സ്വാഗതം ചെയ്തുകൊണ്ട് കുട്ടികൾക്കെതിരായ ക്രൂരത തടയുന്നതിനായുള്ള നാഷണൽ സൊസൈറ്റി (എൻ.എസ്.പി.സി.സി) വക്താവ് ആൻഡി ബറോസ് പറഞ്ഞു. ഓൺലൈൻ സേഫ്റ്റിയിൽ സംഭവിച്ചിരുന്ന വീഴ്ച പരിഹരിക്കാനാണ് അധികൃതരുടെ ശ്രമം. നീലച്ചത്രങ്ങൾ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ അവയിൽനിന്ന് കുട്ടികളെ രക്ഷിക്കണമെന്ന അഭ്യർഥന ഇപ്പോൾ ചെവിക്കൊണ്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.






