മലപ്പുറം- മലബാർ സമരനായകനും പണ്ഡിതനും സൂഫിവര്യനുമായിരുന്ന ആലി മുസ്‌ലിയാരുടെ വീരചരമത്തിന് ഒരു നൂറ്റാണ്ട് തികയുന്നു. 1922 ഫെബ്രുവരി 17 പുലർച്ചെയാണ് അദ്ദേഹത്തെ കോയമ്പത്തൂർ ജയിലിൽ തൂക്കിലേറ്റിയത്. മലബാറിൽ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം ആളിക്കത്തിയ കാലത്ത് തിരൂരങ്ങാടി പള്ളി വളഞ്ഞാണ് ആലി മുസ്‌ലിയാർ ഉൾപ്പടെയുള്ളവരെ ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്തത്. 1921 നവംബർ രണ്ടിനാണ് കോഴിക്കോട് കോടതിയിൽ ഇവരുടെ വിചാരണ നടന്നത്. മാർഷൽ ലോ കോടതി കോഴിക്കോട്ട് പ്രത്യേകം കച്ചേരി ചേർന്ന് വിചാരണ നടത്തുകയായിരുന്നു.
അറസ്റ്റിലായവർക്ക് വേണ്ടി വാദിക്കാൻ അഡ്വ. എ.വി. ബാലകൃഷ്ണ മേനോനെ നിയമിച്ചിരുന്നെങ്കിലും വാദിക്കേണ്ടതില്ലെന്നായിരുന്നു ആലി മുസ്ലിയാരുടെ നിലപാട്. മൂന്നു ദിവസത്തെ വിചാരണക്ക് ശേഷം ആലി മുസ്ലിയാർ അടക്കം 13 പേരെ തൂക്കിക്കൊല്ലാനും മൂന്ന് പേരെ നാട് കടത്താനും 14 പേരെ ജീവപര്യന്തം ജയിലിലടക്കാനും എട്ട് പേരെ ജീവപര്യന്തം നാട് കടത്താനും എല്ലാ പ്രതികളുടെയും സ്വത്തുക്കൾ പിടിച്ചെടുത്ത് സർക്കാറിലേക്ക് മുതൽ കൂട്ടാനുമായിരുന്നു വിധി. പ്രതികൾ അപ്പീൽ നൽകിയെങ്കിലും സ്വീകരിച്ചില്ല. ശിക്ഷ നടപ്പാക്കുന്നതിനായി പ്രതികളെ കോയമ്പത്തൂർ ജയിലിലേക്ക് മാറ്റി. 1922 ഫെബ്രുവരി 17 ന് പുലർച്ചെ തൂക്കിക്കൊല്ലാനുള്ള വിധി ജയിലധികൃതർ നടപ്പാക്കാനൊരുങ്ങുമ്പോൾ അവസാനമായി നമസ്‌കരിക്കാനുള്ള അനുവാദമാണ് ആലി മുസ്‌ലിയാർ ജയിൽ അധികൃതരോട് തേടിയത്. നമസ്‌കാരത്തിനിടെ അദ്ദേഹം മരണപ്പെട്ടതായും കോടതി വിധി നടപ്പാക്കാൻ വേണ്ടി ജയിൽ അധികൃതർ തൂക്കിലേറ്റുകയായിരുന്നെന്നും ചില ചരിത്രരേഖകളിൽ പറയുന്നുണ്ട്. കോയമ്പത്തൂരിലെ ശുക്റാൻ പേട്ടിൽ മറവ് ചെയ്യപ്പെട്ട ആലി മുസ്ലിയാർക്ക് അവിടെ 1957-ൽ സ്മാരകം നിർമിച്ചിരുന്നു.
സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ മുൻ കേന്ദ്രമന്ത്രി പ്രൊഫ. ഹുമയൂൺ കബീറാണ് ഇത് ഉദ്ഘാടനം ചെയ്തത്. മാസങ്ങൾക്ക് മുമ്പ് ആലി മുസ്ലിയാരുടെ പൗത്രപുത്രൻമാർ കോയമ്പത്തൂരിൽ പോയപ്പോൾ അദ്ദേഹത്തിന്റെ ഖബർ തിരിച്ചറിയാനാകാത്ത വിധം വിസ്മൃതിയിലായതായി വെളിപ്പെടുത്തിയിരുന്നു.