കൊച്ചി- തൃപ്പൂണിത്തുറയില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയെ സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പോലീസ്് കേസെടുക്കുന്നതില്‍ അലംഭാവം കാണിച്ചതായി ആക്ഷേപം. തൃപ്പൂണിത്തറയിലെ പ്രിയം സൂപ്പര്‍ മാര്‍ക്കറ്റിലാണ് ജീവനക്കാരിയുടെ ഭര്‍ത്താവ് അതിക്രമിച്ച് കയറി മറ്റൊരു ജീവനക്കാരിയുടെ കൈ അടിച്ചൊടിച്ചത്. പുതിയകാവ് സ്വദേശിനി ഷിജിക്കാണ് സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവില്‍ നിന്നും മര്‍ദനമേറ്റത്. ഹെല്‍മറ്റ് കൊണ്ടുള്ള മര്‍ദനമേറ്റ ഷിജിയുടെ കൈയ്ക്കും തലയ്ക്കും പരിക്കുണ്ട്. ആക്രമണം നടത്തിയ തൃപ്പൂണിത്തുറ സ്വദേശി സതീശന് സംഭവത്തിന് ശേഷം ഒളിവിലാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്കു നടന്ന അക്രമത്തില്‍ പരാതി നല്‍കിയിട്ടും ബുധനാഴ്ച പുലര്‍ച്ചെ നാലിനാണ് പോലീസ് കേസെടുത്തതെന്ന് ഷിജി ആരോപിക്കുന്നു. പരാതി നല്‍കിയിട്ടും ആദ്യം കേസെടുക്കാന്‍ പോലീസ് തയാറായില്ല. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പോയ മകനോട് പോലീസ് മോശമായി പെരുമാറി. ആശുപത്രിയിലുള്ള താന്‍ നേരിട്ട് വന്ന് പരാതി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പരാതി നല്കിയ ശേഷവും കേസെടുക്കണോയെന്ന് പോലീസ് ചോദിച്ചതായി ഷിജി വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്കായിരുന്നു അക്രമസംഭവം. സതീശന്റെ ഭാര്യ രണ്ടു മാസം മുമ്പ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്ക് കയറിയിരുന്നു. ചൊവ്വാഴ്ച ഭാര്യയെ ഫോണ്‍ വിളിച്ചപ്പോള്‍ തിരക്ക് കാരണം അവര്‍ കോള്‍ അറ്റന്‍ഡ് ചെയ്തിരുന്നില്ല. ഇതിന് പിന്നാലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ച് ഭാര്യയ്ക്ക് ഫോണ്‍ കൊടുക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഫോണെടുത്ത സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരി നല്ല തിരക്കിലാണെന്നും പിന്നെ വിളിക്കണമെന്നും പറഞ്ഞ് കോള്‍ കട്ട് ചെയ്യുകയായിരുന്നു. പ്രകോപിതനായ പ്രതി ഭാര്യയെ തേടി മൂന്ന്ു മണിക്ക് സൂപ്പര്‍ മാര്‍ക്കറ്റിലെത്തുകയും ജീവനക്കാരോട് തട്ടിക്കയറുകയും ചെയ്തു. ഇതിന് ശേഷം ഒരു ജീവനക്കാരിയെ ഹെല്‍മറ്റ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. അടുത്തു നിന്ന ഷിജിക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
എന്നാല്‍ സംഭവത്തില്‍ പോലീസിന് വീഴ്ചയില്ലെന്ന് പോലീസ് വിശദീകരിച്ചു. നേരിട്ടെത്തി പരാതി നല്‍കണമെന്ന് യുവതിയോട് ആവശ്യപ്പെട്ടിട്ടില്ല. കേസെടുക്കുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റിലെത്തി പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്നും പ്രതിയെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.






