ആലക്കോട് - പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടികൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ആലക്കോട് തടിക്കടവ് സ്വദേശി വെട്ട്കല്ല് മുറിയില്‍ വീട്ടില്‍ റാഫി (19) യാണ് പോക്‌സോ വകുപ്പുകള്‍ അനുസരിച്ച് ആലക്കോട് സി.ഐ,
എം.പി.വിനീഷ് കുമാര്‍ അറസ്റ്റു ചെയ്തത്.
നെല്ലിപ്പാറ സ്വദേശികളായ പതിനാറും പതിനാലും വയസ്സുള്ള സഹോദരിമാരെ സൗഹൃദം നടിച്ച് യുവാവ് ഇക്കഴിഞ്ഞ പതിനാലിന് തട്ടികൊണ്ടു പോകുകയായിരുന്നു. അരങ്ങം ക്ഷേത്ര ഉത്സവ സ്ഥലത്തുവെച്ച് ഇതില്‍ ഒരു പെണ്‍കുട്ടിയെ റാഫി പരിചയപ്പെട്ടിരുന്നു. പിന്നീട് നിരന്തരം ഫോണില്‍ ബന്ധപ്പെടുകയും ഒളിച്ചോടാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു. വായാട്ടു പറമ്പ് കവലയിലെ ചിക്കന്‍ സ്റ്റാളിലെ ജീവനക്കാരനായ റാഫി, സംഭവദിവസം വൈകുന്നേരം ബൈക്കില്‍ തളിപ്പറമ്പിലെത്തുകയും, ബസ്സില്‍ അവിടെയെത്തിയ പെണ്‍കുട്ടികളെ ആദ്യം കണ്ണൂരിലേക്കും പിന്നീട് കോഴിക്കോട്ടേക്കും കൊണ്ടു പോവുകയായിരുന്നു.
കുട്ടികള്‍ വീട്ടിലെത്താത്തതിനെതുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ്, സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെണ്‍കുട്ടികളെയും യുവാവിനെയും കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് വെച്ച് പിടികൂടിയത്. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച് സഹോദരിമാരില്‍ നിന്നും മൊഴിയെടുത്ത പോലീസ് തട്ടികൊണ്ടു പോകലിനും പോക്‌സോ നിയമ പ്രകാരവും കേസെടുത്ത് യുവാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു. കോട്ടയത്തുള്ള ബന്ധുവീട്ടിലേക്ക് കുട്ടികളെ കൊണ്ടുപോകാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് യുവാവ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.






