ഈസ്റ്റ് ഇന്ത്യ കമ്പനിയെ പോലെ ബി.ജെ.പിയേയും ഒരുനാള്‍ രാജ്യം പുറന്തള്ളും- മെഹ്ബൂബ മുഫ്തി

ശ്രീനഗര്‍- ബി.ജെ.പി ഈസ്റ്റ് ഇന്ത്യ കമ്പനി പോലെയാണെന്നും ഒരുദിവസം അവരെ രാജ്യം പുറന്തള്ളുമെന്നും പി.ഡി.പി നേതാവും ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി.
തെക്കന്‍ കശ്മീരിലെ ഷോപിയാനില്‍ പാര്‍ട്ടി പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അവര്‍. ജമ്മു കശ്മീരിലെ യഥാര്‍ഥ സ്ഥിതിഗതികളെ കുറിച്ച് സംസാരിക്കുന്നതിനാല്‍ സര്‍വകക്ഷി സഖ്യമായ പി.എ.ജി.ഡിയെ ബി.ജെ.പി ഭയപ്പെടുകയാണെന്ന് അവര്‍ പറഞ്ഞു.
ജമ്മു കശ്മീരിന് നഷ്ടമായ പദവി പുനഃസ്ഥാപിച്ചു കിട്ടാനാണ് പി.എ.ജി.ഡി പ്രവര്‍ത്തിക്കുന്നതെന്നും ആര്‍ട്ടിക്കിള്‍ 370 ഉം 35 എയും പുനഃസ്ഥാപിച്ച്  ജനങ്ങളെ ഈ പ്രശ്‌നങ്ങളില്‍നിന്ന് രക്ഷപ്പെടുത്തണമെന്നും മെഹ്ബൂബ പറഞ്ഞു.
ആയിരക്കണക്കിന് കശ്മീരികളെ അറസ്റ്റ് ചെയ്ത് ജയിലിനു പുറത്ത് തടങ്കലിലാക്കിയിരിക്കയാണെന്ന് അവര്‍ ആരോപിച്ചു. യഥാര്‍ഥ വസ്തുതകള്‍ അറിയാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഇതിനെ ചോദ്യം ചെയ്തതിനാലാണ് പി.എ.ജി.ഡിയെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുന്നത്. താഴ്‌വരയിലെ യഥാര്‍ഥ വസ്തുതകളെ കുറിച്ച് ആരും സംസാരിക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. അനുഛേദം 370 ഒഴിവാക്കിയതോടെ കശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടു എന്നാണ് ബി.ജെ.പി പറയുന്നത്. എന്നാല്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായിരിക്കയാണെന്നും പരിഹാരം കൂടുതല്‍ പ്രയാസകരമായിരിക്കയാണെന്നും മെഹ്ബൂബ പറഞ്ഞു.
ഇന്ത്യയെ ഗോഡ്‌സെയുടെ ഇന്ത്യയാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കര്‍ണാടകയിലെ ഹിജാബ് നിരോധ വിഷയത്തില്‍ അവര്‍ പ്രതികരിച്ചു. ഇന്ത്യയില്‍ താമസിക്കുന്ന വിവിധ ജനവിഭാഗങ്ങള്‍ക്ക് വ്യത്യസ്തമായ വസ്ത്രധാരണ രീതിയും ഭക്ഷണരീതിയുമുണ്ട്. അതൊക്കെ ഇല്ലാതാക്കി ഗോഡ്‌സെയുടെ ഇന്ത്യയാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്- മെഹ്ബൂബ മുഫ്തി പറഞ്ഞു.

 

Latest News