ബെംഗളൂരു- കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ തുടര്‍ച്ചയായി നാലാം ദിവസവും ഹൈക്കോടതി വാദം കേട്ടു. മതപരമായ വിവേചനം പാടില്ലെന്ന് ആര്‍ട്ടിക്കള്‍ 15 വ്യക്തമാക്കുന്നതായി മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് രവി വര്‍മ കുമാര്‍ ചീഫ് ജസ്റ്റിസ് മുമ്പാകെ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഉത്തരവില്‍ മറ്റു മതചിഹ്നങ്ങളൊന്നും നിരോധിക്കുന്നതായി പറയുന്നില്ലെന്നും എന്തുകൊണ്ട് ഹിജാബ് മാത്രമെന്നും അദ്ദേഹം ചോദിച്ചു. മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരായ വിവേചനം മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി.
വിദ്യാര്‍ഥിനികളുടെ ഭാഗം കേള്‍ക്കാതെ ശിക്ഷിക്കുകയായിരുന്നു. ഇവരെ അധ്യാപകരെന്ന് വിളിക്കാമോ എന്നും അഭിഭാഷകന് ചോദിച്ചു.
എല്ലാവരുടേയും ശിരോവസ്ത്രമാണ് സര്‍ക്കാര്‍ ഉത്തരവില്‍ വിലക്കിയതെന്ന് ആര്‍ട്ടിക്കള്‍ 15 മതപരമായ വിവേചനം തടയുന്നുവെന്ന വാദത്തിനു മറുപടിയായി കോടതി ചൂണ്ടിക്കാട്ടി.
ക്രൈസ്തവര്‍ക്ക് കുരിശോ സിഖുകാര്‍ക്ക് തലപ്പാവോ വിലക്കിയിട്ടില്ലെന്ന് അഭിഭാഷകന് പറഞ്ഞു. പൊട്ട് തൊട്ട പെണ്‍കുട്ടിയെയോ വളയിട്ട പെണ്‍കുട്ടിയെയോ പുറത്താക്കിയിട്ടില്ല. എന്തുകൊണ്ട് തട്ടമിട്ട ഈ പെണ്‍കുട്ടികളെ മാത്രം പുറത്താക്കി. ഇത് ആര്‍ട്ടിക്കള്‍ 15 ന്റെ ലംഘനമാണ്- അഭിഭാഷകന് കുമാര്‍ വാദിച്ചു.
കേസില്‍ വ്യാഴം ഉച്ചക്ക് ശേഷം വിധി പറയുമെന്ന് ഹൈക്കോടതി അറിയിച്ചു.