കയ്റോ- ഈജിപ്തില്‍ മയക്കുമരുന്നിന് അടിമയായ യുവാവ് സ്വന്തം മാതാപിതാക്കളെയും ഭാര്യയെയും വെടിവെച്ചു കൊലപ്പെടുത്തി. വെടിവെപ്പില്‍ പ്രതിയുടെ സഹോദരിക്കും സഹോദരീ ഭര്‍ത്താവിനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ദക്ഷിണ ഈജിപ്തിലെ ഖിനാ ഗവര്‍ണറേറ്റിലെ ദിശ്ന മര്‍കസില്‍ അബൂമന്നാഅ് ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം. ഗ്രാമത്തിലെ വീട്ടില്‍ നിന്ന് വെടിയൊച്ച കേട്ടതായി ഗ്രാമവാസികള്‍ സുരക്ഷാ വകുപ്പുകളെ അറിയിക്കുകയായിരുന്നു. സുരക്ഷാ വകുപ്പുകളും ആംബുലന്‍സുകളും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹങ്ങളും പരിക്കേറ്റവരെയും ആശുപത്രിയിലേക്ക് നീക്കി.
മയക്കുമരുന്ന് ഉപയോഗത്തിന്റെ ഫലമായി മാനസികരോഗിയായി മാറിയ യുവാവാണ് നിഷ്ഠൂര കൃത്യം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ചികിത്സ നല്‍കാനുള്ള കുടുംബത്തിന്റെ ശ്രമങ്ങള്‍ യുവാവ് നിരാകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഉപദ്രവം സഹിക്ക വെയ്യാതെ ബലംപ്രയോഗിച്ച് യുവാവിനെ ഡോക്ടറെ കാണിക്കാന്‍ കുടുംബം ശ്രമിക്കുകയായിരുന്നു. ഇതിനെ ശക്തിയുക്തം എതിര്‍ത്ത യുവാവ് ഹിസ്റ്റീരിയ ബാധിച്ച പോലെ പെരുമാറുകയും തോക്കെടുത്ത് കുടുംബാംഗങ്ങള്‍ക്കു നേരെ നിറയൊഴിക്കുകയുമായിരുന്നു.
കൃത്യത്തിനു ശേഷം സമീപത്ത് നിര്‍മാണത്തിലുള്ള സ്വന്തം വീട്ടില്‍ കയറി ഒളിച്ച പ്രതി പിടികൂടാന്‍ ശ്രമിച്ച പോലീസുകാര്‍ക്കു നേരെ നിറയൊഴിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. യന്ത്രത്തോക്കും നിരവധി വെടിയുണ്ടകളും പ്രതിയുടെ പക്കല്‍ കണ്ടെത്തി. മയക്കുമരുന്ന് അടിമയും മാനസിക രോഗിയുമായ യുവാവ് മുമ്പ് പല കേസുകളില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.






