ബംഗളൂരു- കർണാടകയിൽ ഹിജാബ് വിഷയം കൂടുതൽ സങ്കീർണമാകുന്നതിനിടെ കേസിൽ ഹൈക്കോടതിയുടെ ഫുൾ ബെഞ്ചിൽ നാളെ(ചൊവ്വ)യും വാദം തുടരും. ഉച്ചക്ക് രണ്ടര മുതലാണ് ഹൈക്കോടതി വാദം കേട്ടു തുടങ്ങുക. ഇന്ന് കോടതിയിൽ ഇതുസംബന്ധിച്ച് നടന്ന വാദം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. തട്ടമിടാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച പെൺകുട്ടികൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ദേവദത്ത് കമ്മത്താണ് ഹാജരായത്. തട്ടമിടുക എന്നത് മുസ്്‌ലിംകളുടെ അടിസ്ഥാന വിശ്വാസത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം വാദിച്ചു.
അതേസമയം, കർണാടകയിൽ തിങ്കളാഴ്ച തട്ടം ധരിച്ചെത്തിയ വിദ്യാർഥിനികളെ പരീക്ഷ എഴുതാൻ അനുവദിച്ചില്ല. തട്ടം ഊരണമെന്ന് അധികൃതർ ശഠിച്ചതിനെ തുടർന്ന് 43 വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാനായില്ല. മാണ്ഡ്യയിലെ നെല്ലിഹുഡിക്കേരിയിൽ 30 വിദ്യാർത്ഥികളെയാണ് അധികൃതർ തിരിച്ചയച്ചത്. ഷിമോഗയിൽ 13 കുട്ടികൾക്കും പരീക്ഷ നഷ്ടമായി. അഞ്ചുദിവസത്തെ അവധിക്ക് ശേഷം സംസ്ഥാനത്തെ ഹൈസ്‌കൂളുകൾ തിങ്കളാഴ്ചയാണ് തുറന്നത്. കുട്ടികളുടെ രക്ഷിതാക്കളും കൂടെ വന്ന് ശിരോവസ്ത്ര അനുമതി തേടിയെങ്കിലും കർണാടക ഹൈക്കോടതി നിർദേശം ചുണ്ടിക്കാട്ടി അധികൃതർ നിരാകരിച്ചു. മൗലിക കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തുള്ള പഠനവും പരീക്ഷയും തങ്ങൾക്ക് സ്വീകാര്യമല്ലെന്ന് വീട്ടിലേക്ക് മടങ്ങുന്ന വിദ്യാർഥിനികളിൽ ഒരാളായ ആലിയ മെഹന്ത് പറഞ്ഞു. അതേസമയം നൂറോളം മുസ്ലിം വിദ്യാർഥിനികൾ ശിരോവസ്ത്രം ഇല്ലാതെ ഈ വിദ്യാലയത്തിൽ പരീക്ഷ എഴുതി. മാണ്ഡ്യ ജില്ലയിലെ സർക്കാർ സ്‌കൂളിന്റെ ഗേറ്റിന് മുന്നിൽ ഹിജാബ് ധരിച്ച വിദ്യാർഥിനികളെ ഒരു അധ്യാപകൻ തടഞ്ഞുനിർത്തുകയും 'അത് നീക്കം ചെയ്യുക, അത് നീക്കം ചെയ്യുക' എന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. തുടർന്ന് രക്ഷിതാക്കൾ വാദപ്രതിവാദത്തിൽ ഏർപെടുന്ന സംഭവവും ഉണ്ടായി. ശേഷം വിദ്യാർഥിനികൾ ഹിജാബ് അഴിച്ചുമാറ്റിയാണ് സ്‌കൂളിലേക്ക് പ്രവേശിച്ചത്. ഈ ദൃശ്യം സോഷ്യൽ മീഡിയകളിൽ വൈറലായി. അതിനിടെ സംസ്ഥാനത്തെ ഭൂരിഭാഗം വിദ്യാലയങ്ങളിലും അംഗീകൃത യൂണിഫോം ധരിച്ചാണ് കുട്ടികൾ സ്‌കൂളുകളിൽ എത്തിയത്. സംഘർഷ സാധ്യത കണക്കിലെടുത്തു വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. കോളേജുകൾ തുറക്കുന്നത് നീട്ടിവെക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കോടതി വിധി വന്നതിന് ശേഷമേ തിയതി തീരുമാനിക്കൂ