ലാഹോര്‍- പാക്കിസ്ഥാനിലെ സോഷ്യല്‍ മീഡിയാ താരമായിരുന്ന ഖന്ദീര് ബലൂചിനെ ദുരഭിമാനത്തിന്റെ പേരില്‍ കൊന്ന കേസില്‍ അറസ്റ്റിലായ സഹോദരനെ കോടതി വെറുതെ വിട്ടു. ഗ്ലാമറസ് ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത താരമായ ഖന്ദീലിനെ 2016ലാണ് സഹോദരന് വീട്ടില്‍ കഴുത്ത് ഞെരിച്ച് കൊന്നത്. പാക്കിസ്ഥാനിലെ പ്രമാദമായ ദുരഭിമാന കൊലക്കേസായിരുന്നു ഇത്. സഹോദരിയെ കൊന്ന കേസില്‍ ഖന്ദീലിന്റെ സഹോദരന് മുഹമ്മദ് വസീം കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തടവു ശിക്ഷ ആറു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് വസീമിന് മോചനത്തിന്റെ വഴിതുറന്നത്. പാക്കിസ്ഥാനിലെ നിയമ പ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്കിയാല് പ്രതി കുറ്റവിമുക്തനാക്കപ്പെടും. ഇവിടെ ഇരയും പ്രതിയും ഒരു മതാപിതാക്കളുടെ മക്കളാണ്. വസീമിന് മാപ്പു നല്കാന് ആദ്യം രക്ഷിതാക്കള്‍ ഒരുക്കമായിരുന്നില്ല. എന്നാല്‍ പിന്നീട് അവരുടെ മനസ്സ് മാറുകയായിരുന്നു.