ജിദ്ദ- ചേരിപ്രദേശങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി ജിദ്ദയില്‍ 34 സട്രീറ്റുകളിലെ കെട്ടിടങ്ങള്‍ നവംബര്‍ 27നകം പൊളിച്ചുനീക്കുമെന്ന് ജിദ്ദ നഗരസഭ അറിയിച്ചു. 26 സ്ട്രീറ്റുകളിലെ 18.5 മില്യന്‍ ചതുരശ്ര മീറ്റര്‍ പ്രദേശങ്ങളിലും അസീസിയ ഭാഗത്തെ 8 സ്ട്രീറ്റുകളില്‍ 13.9 മില്യന്‍ ചതുരശ്രമീറ്റര്‍ പ്രദേശങ്ങളിലുമാണ് പൊളിക്കല്‍ നടക്കുക. പൊളിക്കല്‍ തുടങ്ങുന്നതിന്റെയും അവസാനിക്കുന്നതിന്റെയും അവശിഷ്ടങ്ങള്‍ നീക്കുന്നതിന്റെയും തിയ്യതികള്‍ നഗരസഭ പുറത്തുവിട്ടു. ജൂണ്‍ മാസത്തിനുള്ളില്‍ എല്ലാ ഭാഗവും പൊളിക്കല്‍ തുടങ്ങും.
ഇതില്‍ മിക്ക സ്ഥലങ്ങളിലും പൊളിക്കല്‍ ആരംഭിച്ചിട്ടുണ്ട്. ഗുലൈല്‍, പെട്രോമിന്, ഖുറയാത്ത്, മുസഫ, നുസല യമാനിയ, സആലിബ, ബലദ്, സഹീഫ, അല്അമാരിയ, കന്ദറ, സബീല്‍, ഹന്ദാവിയ, സഗര്, ബഗ്ദാദിയ, ശര്‍ഖിയ, സലാമ, നുസ്ഹ, ബനീ മാലിക, അല്‍വുറൂദ്, മുശ്റിഫ, റഹാബ്, അസീസിയ, റബവ, മദാഇന്‍ അല്‍ഫഹദ്, ജാമിഅ, റവാബി, മുതനസ്സഹാത്ത്, അല്‍അദ്ല്‍ വല്ഫദല്, ഉമ്മുസല്മ് എന്നീ പ്രദേശങ്ങളിലാണ് കെട്ടിടങ്ങള്‍ പൊളിക്കുന്നത്. ഈ സ്ഥലങ്ങളിലെ നിശ്ചിത കെട്ടിടങ്ങളിലെ വൈദ്യുതിയും വെള്ളവും പൊളിക്കുന്നതിന്റെ ഒരാഴ്ച മുമ്പ് വിഛേദിക്കും. അതിനും രണ്ടാഴ്ച മുമ്പേ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കും.






