കൊച്ചുകൊച്ചു വേഷങ്ങളിലൂടെ മലയാള സിനിമയുടെ മുഖ്യധാരയിലേയ്ക്ക് കടന്നുവരികയാണ് അഞ്ജലി നായർ. ചെറിയ വേഷങ്ങളാണെങ്കിലും ശ്രദ്ധിക്കപ്പെടുന്നവയായതുകൊണ്ട് പ്രേക്ഷകമനസ്സിൽ നിലയുറപ്പിച്ചു. കുട്ടിക്കാലംതൊട്ടേ സിനിമ കണ്ടുവളർന്ന്, സ്‌കൂൾ പഠനകാലം മുതൽ പരസ്യ ചിത്രങ്ങളിലും സിനിമകളിലും ചെറിയ വേഷങ്ങളിൽ തിളങ്ങി. അപ്പോഴൊന്നും സിനിമയാണ് തന്റെ വഴിയെന്ന് അഞ്ജലി തീർച്ചപ്പെടുത്തിയിരുന്നില്ല. എന്നാൽ വർഷങ്ങൾ പിന്നിട്ടപ്പോൾ അഭിനയ ജീവിതത്തിൽ സജീവമാകുകയും അംഗീകാരങ്ങൾ തേടിയെത്തുകയും ചെയ്തതോടെ സിനിമതന്നെയാണ് തന്റെ ലാവണമെന്ന് ഈ അഭിനേത്രി തിരിച്ചറിയുകയായിരുന്നു.
തിരക്കുകളുടെ ലോകത്താണ് അഞ്ജലിയിപ്പോൾ. പുറത്തിറങ്ങാനിരിക്കുന്ന പന്ത്രണ്ടോളം ചിത്രങ്ങളിൽ ഈ നടിയുടെ സാന്നിധ്യമുണ്ട്. ഇപ്പോഴും ഓടിനടന്ന് അഭിനയിച്ചുകൊണ്ടിരിക്കുന്നു. തിരക്കിൽനിന്നും തിരക്കുകളിലേയ്ക്കുള്ള യാത്ര. ബേബി സാം, വാരിക്കുഴിയിലെ കൊലപാതകം, പനി, മോഹൻലാൽ, കളം, പന്ത്, കമ്മാരസംഭവം, പ്രേമസൂത്രം, ബദൽ തുടങ്ങിയവ അക്കൂട്ടത്തിലുണ്ട്. ഈയിടെ പുറത്തിറങ്ങിയ ആമിയിലും ശ്രദ്ധേയമായ വേഷത്തിൽ അഞ്ജലിയുണ്ടായിരുന്നു. കൂടാതെ ആശ്ചര്യക്കുറി എന്ന തമിഴ് ചിത്രത്തിലും വേഷമിട്ടു.
മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു തുടക്കം. തുടർന്ന് ലാളനം, മംഗല്യസൂത്രം, ബന്ധങ്ങൾ ബന്ധനങ്ങൾ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. തമിഴിലും മൂന്നു ചിത്രങ്ങൾ. നെല്ല്, കൊറ്റി, ഉന്നൈ കാതലിപ്പേൻ... തുടങ്ങിയവ. പിന്നീട് ഒരു ഇടവേളയായിരുന്നു. സിനിമയിൽനിന്നും അകന്നുകഴിഞ്ഞ നാളുകൾ.
സീനിയേഴ്‌സിലെ റെനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു തിരിച്ചുവരവ്. വെനീസിലെ വ്യാപാരി, കിംഗ് ആന്റ് കമ്മീഷണർ, മാറ്റിനി, അഞ്ച് സുന്ദരികൾ, പട്ടംപോലെ, കൂതറ... തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ.
ആങ്കറിങ്ങിലൂടെയായിരുന്നു തുടക്കം. തുടക്കത്തിൽ ആത്മവിശ്വാസം തീരെയുണ്ടായിരുന്നില്ല. എങ്കിലും ക്രമേണ ധൈര്യം വീണ്ടെടുത്തുതുടങ്ങി. ആങ്കറിങ്ങിൽനിന്നും മോഡലിങ്ങിലേയ്ക്കും പരസ്യ ചിത്രങ്ങളിലേയ്ക്കും കടന്നുചെന്നു. അഭിനയത്തിന് തുണയായത് നൃത്തവേദിയിൽനിന്നും ലഭിച്ച കരുത്താണ്. കുട്ടിക്കാലംതൊട്ടേ നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ മുഖഭാവങ്ങൾ അനായാസമായി.
അഭിനയവഴിയിൽ സഞ്ചാരം തുടരവേയാണ് പൊടുന്നനെ അംഗീകാരമെത്തിയത്. സംവിധായകൻ വിപിൻ ആറ്റ്‌ലി, ബെൻ എന്ന ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ ഈ കഥാപാത്രം മികച്ച നടിക്കുള്ള അംഗീകാരത്തിലേയ്ക്കുള്ള ചവിട്ടുപടിയാകുമെന്ന് കരുതിയില്ല. 2015 ലെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ബെൻ എന്ന ചിത്രത്തിലെ ആശ എന്ന കഥാപാത്രത്തിനാണ് ലഭിച്ചത്. നമുക്കുള്ളത് നമ്മെ തേടിവരും എന്ന പാഠമാണ് ഈ അംഗീകാരം പഠിപ്പിച്ചത്. അവിചാരിതമായാണ് ഈ കഥാപാത്രത്തിലേയ്ക്ക് എത്തിപ്പെട്ടത്. അതും ചിത്രീകരണത്തിന് തലേ ദിവസമാണ് ആറ്റ്‌ലി വിളിച്ച് ആശയാകാമോ എന്നു ചോദിച്ചത്. തിരക്കഥ കണ്ടിട്ടില്ല. കഥാപാത്രത്തെക്കുറിച്ച് കൂടുതലറിയില്ല. എന്നിട്ടും ആറ്റ്‌ലിയിലുള്ള വിശ്വാസംകൊണ്ട് സമ്മതം മൂളുകയായിരുന്നു. ഒരു പരസ്യചിത്രത്തിലൂടെയായിരുന്നു അദ്ദേഹവുമായി പരിചയപ്പെട്ടത്.
ഒരു യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ബെൻ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ വിപിൻ ആറ്റ്‌ലിക്ക് അടുത്തറിയാവുന്ന സംഭവം. ഇപ്പോഴും ഇതേ പേരിൽതന്നെ അവർ ജീവിച്ചിരിക്കുന്നുണ്ട്. ഒരമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ കൂടിയാണിത്. മകനെ അതിരറ്റ് സ്‌നേഹിക്കുകയും അതോടൊപ്പം വേദനിപ്പിക്കുകയും ചെയ്യുന്ന ഒരമ്മ. അവനെ ശിക്ഷിച്ചുകഴിഞ്ഞാൽ രാത്രിയിൽ അവനോട് മാപ്പു പറയുന്ന അമ്മ. സമൂഹത്തിലെ സ്റ്റാറ്റസിനുവേണ്ടി ഗ്രാമത്തിൽനിന്നും നഗരത്തിലേയ്ക്കു മാറിത്താമസിക്കുകയാണവർ. അതിനായി ഭർത്താവിനെ ഗൾഫിലേയ്ക്കയക്കുന്നു. നഗരത്തിലെ മുന്തിയ സ്‌കൂളിലെത്തുന്ന അവന് അവിടത്തെ പഠനസമ്പ്രദായങ്ങൾ ഗ്രഹിക്കാനാവുന്നില്ല. അവിടെയും അവന് ശിക്ഷ ലഭിക്കുന്നു. അമ്മയോ സ്‌കൂളിലെ അധ്യാപകരോ യഥാർത്ഥ കാരണം കണ്ടെത്തുന്നില്ല. മാനസിക സംഘർഷത്താൽ എന്തെങ്കിലും സംഭവിക്കുംമുമ്പ് അവരെല്ലാം ആ മകന്റെ അവസ്ഥ മനസ്സിലാക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്.
ഒരു അഭിനേത്രിയായെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് അഞ്ജലി പറയുന്നു. വലിപ്പചെറുപ്പം നോക്കാതെ കിട്ടുന്ന കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിക്കുകയായിരുന്നു. മികച്ച നടിയായെന്നു കരുതി നായികാവേഷം മാത്രമേ അവതരിപ്പിക്കൂ എന്നൊന്നുമില്ല. എല്ലാത്തരം വേഷങ്ങളും അവതരിപ്പിച്ചതുകൊണ്ടാകണം ജനമനസ്സുകളിൽ സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞതെന്ന് തോന്നുന്നു. സുഹൃത്തുക്കളുടെ ചിത്രങ്ങളിൽ ചെറിയ വേഷമാണെങ്കിൽപോലും അഭിനയിക്കുക എന്നതാണ് നയം.
ചെറിയ പ്രായത്തിൽതന്നെ സൂപ്പർ താരങ്ങളുടെയെല്ലാം അമ്മ വേഷത്തിൽ അഞ്ജലി അഭിനയിച്ചുകഴിഞ്ഞു. പലരും ചോദിക്കാറുണ്ട് ഈ ചെറുപ്രായത്തിൽ അമ്മ വേഷങ്ങൾ അവതരിപ്പിക്കുന്നത് എന്തിനാണെന്ന്. എനിക്കതിൽ സന്തോഷമേയുള്ളു. ലാലേട്ടന്റേയും പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും മഞ്ജുവാര്യരുടെയും വിനീത് ശ്രീനിവാസന്റെയുമെല്ലാം അമ്മയായി വേഷമിട്ടുകഴിഞ്ഞു. പുലിമുരുകനിലെ അമ്മ വേഷംകണ്ട് പലരും കളിയാക്കാറുണ്ട് ലാലേട്ടന്റെ അമ്മ എന്നു പറഞ്ഞ്. ചെറിയ വേഷമാണെങ്കിൽകൂടി എല്ലാവരും ശ്രദ്ധിക്കപ്പെട്ടു എന്നതിലാണ് കാര്യം.
പുറത്തിറങ്ങാനിരിക്കുന്ന മോഹൻലാൽ എന്ന ചിത്രത്തിലാണ് മഞ്ജുചേച്ചിയുടെ അമ്മയായി വരുന്നത്. ആ ചിത്രത്തിൽ ചേച്ചിയോടൊപ്പമുള്ള സീനുകളില്ലെങ്കിലും ആമിയിൽ ഒന്നിച്ചുള്ള സീനുകൾ ഏറെയുണ്ട്. കമർബാൻ എന്ന കഥാപാത്രമായാണ് ആമിയിലെത്തുന്നത്. കമൽസാറിന്റെ ചിത്രം, അതും മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ... ആമിയിലെ വേഷം വലിയ ഭാഗ്യമായാണ് തോന്നിയത്.
സിനിമതന്നെയാണ് ഇനിയുള്ള ജീവിതം എന്ന തോന്നലിൽനിന്നാണ് സ്വന്തമായ ഒരു നിർമ്മാണ കമ്പനിയുടെ പിറവിക്കു കാരണമായത്. റിയലൈസ് എന്നു പേരിട്ടിരിക്കുന്ന നിർമ്മാണ കമ്പനിക്കു പിന്നിൽ സഹോദരനുൾപ്പെടെ ഞങ്ങൾ അഞ്ചു പേരാണുള്ളത്. സിനിമയും സീരിയലും ഇവന്റ്‌സുമെല്ലാം ഈ കമ്പനിയിലൂടെ അവതരിപ്പിക്കാമെന്നാണ് കരുതുന്നത്. ഈ ബാനറിലൂടെ ഒരു സിനിമ ചെയ്യുകയാണ് ഇനിയുള്ള ലക്ഷ്യം. ഈയിടെ ഒരു ഷോർട്ട് ഫിലിം ഒരുക്കിയിരുന്നു. എന്താ ഇങ്ങനെ എന്ന പേരിൽ. നല്ല അഭിപ്രായമായിരുന്നു ആ ഹ്രസ്വചിത്രത്തിലൂടെ ലഭിച്ചത്.
ഒരു സിനിമ സംവിധാനം ചെയ്യണമെന്ന മോഹവും അഞ്ജലി മറച്ചുവയ്ക്കുന്നില്ല. അഭിനയത്തിനു പുറമെ സാങ്കേതികരംഗത്തും ശ്രദ്ധ ചെലുത്താറുണ്ട്. ലൊക്കേഷനിലെ ഒഴിവുസമയം ഇതിനായാണ് മാറ്റിവയ്ക്കുന്നത്. കുറേ കാര്യങ്ങൾ ഇതിനകം പഠിച്ചുകഴിഞ്ഞു. ഇനിയുമുണ്ട്. നല്ല ഒരു കഥയും തികഞ്ഞ ആത്മവിശ്വാസവും ഒത്തുവന്നാൽ സംവിധായികത്തൊപ്പി അണിയാനും അഞ്ജലി ഒരുക്കമാണ്.
ബെന്നിലെ ആശയെ അവതരിപ്പിക്കുമ്പോൾ തന്നെ പലരും അവാർഡ് ലഭിക്കുമെന്ന് പറഞ്ഞിരുന്നു. ഞാനും ഒരു അമ്മ ആയതിനാൽ ആശയെ അവതരിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. എപ്പോഴും മുഖത്ത് പുഞ്ചിരി മാത്രമുള്ള എന്നെ ഒരു നെഗറ്റീവ് കഥാപാത്രമാക്കിയത് സംവിധായകൻ ആറ്റ്‌ലിയാണ്. മകനെ ക്രൂരമായി ദേഹോപദ്രവം ചെയ്യുമ്പോൾ ശരിക്കും വേദന തോന്നിയിരുന്നു. എങ്കിലും കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി അവതരിപ്പിക്കുകയായിരുന്നു. നമുക്കിടയിൽ ഒട്ടേറെ ആശമാരുണ്ട്. മക്കളെ തല്ലുകയും തലോടുകയും ചെയ്യുന്നവർ. എത്ര തല്ലിയാലും രാത്രിയിൽ ചേർത്തുപിടിച്ച് ഉമ്മ നൽകി ഉറക്കുന്നവർ. ബെന്നിനോട് ഒരുപാട് ഇഷ്ടമുള്ള അമ്മയാണെങ്കിലും ആ സ്‌നേഹം അവൻ തിരിച്ചറിയുന്നില്ല. ഏത് അമ്മമാരെയുംപോലെ മക്കളെ വലിയ സ്‌കൂളിൽ പഠിപ്പിക്കാനും നല്ല രീതിയിൽ വളർത്താനും ആഗ്രഹിക്കുന്നവളാണ് ആശയും.
സംവിധായകൻ അനീഷാണ് ഭർത്താവ്. മകൾ ആറു വയസ്സുകാരി ആവണി. അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിൽ അമ്മയും മകളുമായി ഞങ്ങൾ വേഷമിട്ടിരുന്നു. ഖത്തറിൽ ജോലി നോക്കുന്ന അജയ് സഹോദരനാണ്. ജയസൂര്യ നായകനായ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ അജയ് പ്രത്യക്ഷപ്പെട്ടിരുന്നു.