കേരളത്തില്‍ പ്രീ പ്രൈമറി ക്ലാസുകളും നാളെ തുടങ്ങുന്നു; 21 മുതല്‍ ക്ലാസുകള്‍ വൈകിട്ടുവരെ

തിരുവനന്തപുരം- നാളെ സ്‌കൂളുകള്‍ തുറക്കുംമെന്നും ഈ മാസം 21 മുതല്‍ ക്ലാസുകള്‍ രാവിലെ മുതല്‍ വൈകിട്ടുവരെയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.  നാളെ മുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകള്‍ ഉച്ചവരെ മാത്രമായിരിക്കുമെന്നും 21 മുതല്‍ എല്ലാ ക്ലാസുകളും വൈകിട്ടുവരെയാക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ മാസവും അടുത്തമാസവും പൊതു അവധിയൊഴികെയുള്ള എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിവസമായിരിക്കുമെന്ന് മന്ത്രി പത്ര സമ്മേളനത്തില്‍ അറിയിച്ചു. പ്രീപ്രൈമറി ക്ലാസുകളും നാളെ ആരംഭിക്കും. ഉച്ചവരെ മാത്രമായിരിക്കും ക്ലാസ്. പകുതി കുട്ടികള്‍ക്ക് മാത്രമാണ് അനുമതി. ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകള്‍ക്ക് വാര്‍ഷിക പരീക്ഷ നടത്തും. ഉച്ചയ്ക്ക് ശേഷമായിരിക്കും വിക്ടേഴ്സിലെ ക്ലാസുകളെന്നും മന്ത്രി പറഞ്ഞു.

10,11,12 ക്ലാസുകള്‍ ഇപ്പോഴുള്ളതുപോലെ ഫെബ്രുവരി 19വരെ തുടരും. 21 മുതല്‍ ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകള്‍ സാധാരണപോലെ നടത്തുമെന്ന് ശിവന്‍കുട്ടി അറിയിച്ചു. എസ് എസ് എല്‍ സി, പ്ലസ് ടു മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് 16ന് ആരംഭിക്കും. പത്തിലെയും പ്ലസ് ടുവിലെയും പൂര്‍ത്തിയാക്കിയ പാഠഭാഗത്തെ കുറിച്ച് അദ്ധ്യാപകര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

 

Latest News