സൗദി അറേബ്യ എണ്ണയുല്‍പാദനം ഒരു കോടി ബാരലായി ഉയര്‍ത്തി

റിയാദ് - ജനുവരിയില്‍ സൗദി അറേബ്യ പ്രതിദിന എണ്ണയുല്‍പാദനം ഒരു കോടി ബാരലിന് മുകളിലേക്ക് ഉയര്‍ത്തിയതായി ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിദിന ഉല്‍പാദനത്തില്‍ 1,30,000 ബാരലിന്റെ വര്‍ധനവാണ് ജനുവരിയില്‍ സൗദി അറേബ്യ വരുത്തിയത്. കഴിഞ്ഞ മാസം പ്രതിദിനം 10.08 ദശലക്ഷം ബാരല്‍ എണ്ണ തോതിലാണ് സൗദി അറേബ്യ ഉല്‍പാദിപ്പിച്ചത്.
ഒപെക് കൂട്ടായ്മയിലെ മറ്റൊരു പ്രധാന ഉല്‍പാദകരായ യു.എ.ഇ പ്രതിദിന ഉല്‍പാദനത്തില്‍ നേരിയ വര്‍ധന വരുത്തി. ജനുവരിയില്‍ യു.എ.ഇയുടെ പ്രതിദിന എണ്ണയുല്‍പാദനം 29.3 ലക്ഷം ബാരലായിരുന്നു. ഒപെക്കിന് പുറത്തുള്ള സ്വതന്ത്ര ഉല്‍പാദകരായ റഷ്യയും കഴിഞ്ഞ മാസം പ്രതിദിനം 10.08 ദശലക്ഷം ബാരല്‍ എണ്ണ തോതിലാണ് ഉല്‍പാദിപ്പിച്ചത്. ഒപെക് പ്ലസ് കൂട്ടായ്മാ കരാര്‍ പ്രകാരം ജനുവരിയില്‍ സൗദിയുടെയും റഷ്യയുടെയും പ്രതിദിന ഉല്‍പാദന ക്വാട്ട 10.122 ദശലക്ഷം ബാരല്‍ വീതമായിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും ഈ തോതിലേക്ക് ഉല്‍പാദനം ഉയര്‍ത്തിയില്ല.
ഒപെക് പ്ലസ് കരാര്‍ പ്രകാരമുള്ള ഉല്‍പാദന ക്വാട്ടയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വെനിസ്വേലയുടെ എണ്ണയുല്‍പാദനത്തില്‍ കഴിഞ്ഞ മാസം 1,20,000 ബാരലിന്റെ കുറവ് രേഖപ്പെടുത്തി. വെനിസ്വേല കഴിഞ്ഞ മാസം പ്രതിദിനം 6,30,000 ബാരല്‍ എണ്ണ തോതിലാണ് ഉല്‍പാദിപ്പിച്ചത്. ജനുവരിയില്‍ ലിബിയയുടെ എണ്ണയുല്‍പാദനവും കുറഞ്ഞു. എണ്ണപ്പാടങ്ങളിലെ പ്രശ്‌നങ്ങളാണ് ഇതിന് കാരണം. 2020 ഒക്‌ടോബറിനു ശേഷം ആദ്യമായി ലിബിയയുടെ പ്രതിദിന എണ്ണയുല്‍പാദനം പത്തു ലക്ഷം ബാരലിന് താഴെയായി.

 

 

Latest News