ഒരു മനുഷ്യന്റെ ജീവിതത്തിൽ എന്നും മായാതെ നിറഞ്ഞു നിൽക്കുന്ന അനുഭവങ്ങളുടെയും സ്വപ്നങ്ങളുടെയും വർണാഭമായ ഘട്ടമാണ് അവരുടെ ജീവിതത്തിൽ കഴിഞ്ഞു പോയ കൗമാരപ്രായം. ഈ ലേഖനത്തിൽ അത്തരം ആളുകളുടെയും കുട്ടികളുടെയും വിഷയം ചർച്ച ചെയ്യാം. ഇത് വായിക്കുന്ന മുതിർന്നവരും ഒപ്പം കുട്ടികളും അവരുടെ ജീവിതത്തിലെ കൗമാര പ്രായത്തെ കുറിച്ച് ഒന്ന് പിറകിലേക്കു നോക്കി ക്രിയാത്മകമായി ഈ വിഷയത്തെ മനസ്സിലാക്കാൻ ശ്രമിക്കുക. കൗമാര പ്രായത്തിൽ ജീവിതത്തിൽ നമ്മൾ ഇഷ്ടത്തോടെ കാണുകയും കേൾക്കുകയും ചെയ്യുന്ന വസ്തുതകളെ നമ്മുടെ സ്വപ്നത്തിന്റെ ഭാഗമാക്കാൻ നമ്മൾ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കും. അതേയവസരത്തിൽ നമ്മൾ ഇഷ്ടമില്ലാതെയും ബുദ്ധിമുട്ട് സഹിച്ചും നേരിടുന്ന വിഷയങ്ങളിൽ നിന്നും തെന്നി മാറാനും ഒളിച്ചോടാനും നമ്മൾ കാണിക്കുന്ന കാര്യങ്ങളെ ഇതേ നാണയത്തിന്റെ മറുവശം ആയും നമുക്ക് പരിഗണിക്കാം. പലപ്പോഴും നമ്മുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും യാഥാർത്ഥ്യവുമായി സമരസപ്പെട്ടവയായിരിക്കണമെന്നില്ല. കൗമാര പ്രായത്തിൽ നമ്മൾ നേരിടുന്ന ശാരീരിക മാറ്റങ്ങൾ, അതു മൂലമുണ്ടാവുന്ന സ്വഭാവ സവിശേഷതകൾ എല്ലാം നമ്മളെ സ്വപ്ന ലോകത്തിലൂടെ സഞ്ചരിക്കാനും അതിലേക്കു എത്തിപ്പെടാൻ ഏതു റിസ്കും എടുക്കാനും കൗമാര പ്രായക്കാർ മുതിരുന്ന അവസ്ഥയും നമ്മൾ കാണുന്നു. കൗമാര പ്രായക്കാരുടെ പ്രശ്നങ്ങളെ നേരിടാൻ അവരുടെ വ്യക്തിത്വങ്ങളെയും അവസ്ഥകളെയും തിരിച്ചറിഞ്ഞ് അവരുമായി ഇടപെടുക എന്നതാണ് മനഃശാസ്ത്രപരമായി അതിനുള്ള പ്രായോഗിക മാർഗം. അതിലേക്കു വിരൽ ചൂണ്ടുന്ന ഏതാനും പ്രധാന വിഷയങ്ങൾ നമുക്ക് നോക്കാം.
ചെറുപ്രായത്തിലും മുതിർന്നവരിലും തുല്യ അവളവിൽ കാണുന്ന ഒരു പ്രധാന പ്രശ്നമാണ് സ്നേഹിക്കപ്പെടാനുള്ള ആഗ്രഹം. പൊതുവിൽ എല്ലാതരം ജീവികളിലും ഈ ഘടന കൂടുതലായി നിലനിൽക്കുന്നു എന്ന് മാത്രമല്ല മനുഷ്യരിൽ സ്നേഹം കിട്ടാനും നേടിയെടുക്കാനും വെമ്പൽ കൂടുതലായി കാണുന്നു പ്രത്യേകിച്ചും കൗമാര പ്രായക്കാരിൽ. കൗമാര പ്രായക്കാരായ കുട്ടികളിൽ 28% നേരിടുന്ന പ്രധാന വെല്ലുവിളിയാണ് അവർക്കു വേണ്ടുന്ന സ്നേഹ ലാളനകൾ വീട്ടുകാരിൽ നിന്നും അവരെ പരിപാലിക്കേണ്ട ചുറ്റുപാടിൽ നിന്നും ലഭിക്കുന്നില്ല എന്നത്. ഇത്തരം കുട്ടികൾ ഇനി പറയാൻ പോവുന്ന ഇതര വിഭാഗങ്ങളിൽ എത്തിപ്പെടാനും വഴി തെന്നി സഞ്ചരിക്കാനും സാധ്യത കൂടുതലാണ് എന്ന് തിരിച്ചറിയുക.
കൗമാര പ്രായക്കാരായ കുട്ടികളിൽ കാണുന്ന മറ്റൊരു ആസക്തിയാണ് മൊബൈൽ / കംപ്യൂട്ടർ എന്നിവയിലും സാങ്കേതിക ആപ്ലിക്കേഷനിലും കാണിക്കുന്ന അതിയായ താൽപര്യം. 15% കൗമാര പ്രായക്കാരിലും മൊബൈൽ ആസക്തി വളരെ സങ്കീർണ രൂപത്തിലേക്ക് എത്തിക്കുകയും അവർ അവർക്കു വേണ്ട പ്രധാന വിഷയങ്ങളിൽ നിന്നും വിരസപ്പെട്ടു വരുന്നതായും കാണാം. കാര്യകാരണ ബന്ധമില്ലാതെ മൂന്ന് മണിക്കൂറിൽ കൂടുതൽ ഒരാൾ മൊബൈൽ ഉപയോഗിക്കുന്നുവെങ്കിൽ അയാളിൽ മൊബൈൽ അഡിക്ഷൻ ഉണ്ടെന്നു പറയാം. മറ്റൊരു പ്രധാന വിഷയമാണ് കൗമാര പ്രായക്കാരിൽ ഉണ്ടായിവരുന്ന സോഷ്യൽ മാസ്ക് എന്നത്. അവരുടെ വ്യക്തിത്വം അവർ വളർത്തിക്കൊണ്ട് വരുമ്പോൾ പലപ്പോഴും നമ്മുടെ ഇടപെടലുകളും ഉപദേശ നിർദേശങ്ങളും അവരിലെ വ്യക്തിത്വത്തെ മുറിവേൽപിക്കുന്നതായി അനുഭവപ്പെടും. കൗമാര പ്രായക്കാരിലെ സോഷ്യൽ മാസ്ക് തകരാത്ത വിധത്തിൽ അവരുമായി നമ്മൾ ഇടപെടാൻ ശ്രമിക്കുക എന്നതാണ് ഉത്തമം.
ഒരു പ്രത്യേക വിഷയത്തിൽ മാത്രം കുട്ടികൾ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനോട് മാത്രം ആസക്തിയുണ്ടാവുന്നതും ശ്രദ്ധിക്കേണ്ട വിഷയമാണ്. കൂടുതൽ എന്റർടെയ്ൻമെന്റ്, വിരക്തിയും മൗന സ്വഭാവവും, കൂടുതൽ കണ്ടുവരുന്ന ഗ്രൂപ്പ് സോഷ്യലൈസേഷൻ എല്ലാം മോണിറ്റർ ചെയ്യപ്പെടേണ്ട കാര്യങ്ങൾ തന്നെയാണ് എന്ന് മാത്രമല്ല, പല മരുന്നുകളുടെയും ദുരുപയോഗത്തിലേക്കു ഇത്തരം കൂട്ടുകെട്ടുകൾ അവരെ എത്തിക്കും. കൗമാരപ്രായക്കാരിൽ ഏറ്റവും ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന വിഷയമാണ് അവരുടെ ഭക്ഷണ രീതിയിൽ വരുന്ന മാറ്റങ്ങൾ. കൂടുതൽ ഭക്ഷണം കഴിക്കുന്നതും ക്രമം തെറ്റി ഭക്ഷണം കഴിക്കുന്നതും എന്തും ഭക്ഷിക്കുന്ന രീതിയുമെല്ലാം അവരിൽ വളരെയധികം ശാരീരിക മാനസിക മാറ്റങ്ങൾക്ക് വിധേയരാക്കും. തന്നെയുമല്ല, ഭക്ഷണത്തിൽ വരുന്ന മാറ്റങ്ങൾ പലപ്പോഴും അവരിലെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തെ അത് തടസ്സപ്പെടുത്തുകയും ചെറുപ്പത്തിൽ തന്നെ പല രോഗങ്ങളുടെയും കീഴിലേക്ക് ജീവിതത്തെ എത്തിക്കുകയും ചെയ്യും. ക്രമമായ ഭക്ഷണം, ചിട്ടയായ ജീവിതം, വ്യായാമങ്ങൾ എല്ലാം നമ്മുടെ ജീവിതത്തെയും ലക്ഷ്യത്തെയും ഏകോപിപ്പിച്ചു കൊണ്ടുപോവാൻ വളരെ അത്യാവശ്യമാണ്. ദേഷ്യം വരുമ്പോൾ പലപ്പോഴും ശാരീരികമായ മുറിപ്പെടുത്തലുകൾ പല കുട്ടികളും ചെയ്യാറുണ്ട്. അവരിലെ ദേഷ്യം മറ്റുള്ളവരോട് തീർക്കുന്നതിന് പകരം സ്വന്തം ശരീരത്തോട് തന്നെ പകപോക്കുന്നതാണ് ഇത്തരം മുറിപ്പെടുത്തലുകൾ. എട്ടു വയസ്സിനു ശേഷവും ഈ സ്വഭാവ സവിശേഷതകൾ കുട്ടികൾ കാണിക്കുന്നുവെങ്കിൽ വിദഗ്ധ ഉപദേശം തേടാൻ മറക്കരുത്. അവരിലെ ദേഷ്യത്തെ നമുക്ക് മറ്റു പല രൂപത്തിലും ഡിസ്ചാർജ് ചെയ്യാനുള്ള മാർഗം കാണിച്ചു കൊടുക്കാൻ കഴിയും.
നമ്മൾ അഡ്രസ് ചെയ്യേണ്ട മറ്റൊരു പ്രധാന വിഷയമാണ് കൗമാര പ്രായത്തിലുള്ള വിവാഹ സൂചനകൾ. കഴിയുന്നതും ഒരു 22 വയസ്സു വരെ നമ്മൾ അവർക്കു ചെറുപ്പവും കൗമാരവും യുവത്വത്തിലേക്കു കാലെടുത്തു വെക്കാനും അവസരം നൽകണം. കൗമാര പ്രായത്തിൽ കൂടുതലും ശാരീരിക വളർച്ച നേടുമ്പോൾ യുവത്വത്തിലേക്കു കാലെടുത്തു വെക്കുമ്പോൾ നമ്മുടെ മാനസിക വളർച്ചയും ലോകത്തെയും ജീവിതത്തെയും തിരിച്ചറിയാൻ പാകപെട്ടു വരും. ഇന്നത്തെ കുട്ടികൾ ഏറ്റവും ആഗ്രഹിക്കുന്നത് ഉയർന്ന മൂല്യങ്ങളും ഉന്നത വിദ്യാഭ്യാസവും നേടിയ ശേഷം വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുകയെന്നതാണ്. പലപ്പോഴും നമ്മൾ ചർച്ച ചെയ്യാതെ പോവുന്ന കാര്യമാണ് യുവാക്കളിലെ മത്സര ബുദ്ധി എന്നത്. 14 വയസ്സിനു ശേഷം കുട്ടികൾ പല അപകടം നിറഞ്ഞ ശാരീരിക അഭ്യാസങ്ങളും അതുപോലെ അവരിലെ ഗ്രൂപ്പ് മഹിമ കാണിക്കുന്ന വേഷവിധാനങ്ങളും കാണിച്ചുകൊണ്ടിരിക്കും. ഇത്തരം കാര്യങ്ങൾ പരിധി വിടാതെ നോക്കുക എന്നത് വളരെ പരമപ്രധാനമായ കാര്യമാണ്. ഇതെല്ലം നമ്മുടെ പരിധിയിൽ കവിഞ്ഞ പല അപകടങ്ങളും ക്ഷണിച്ചു വരുത്തുകയും ജീവന് തന്നെ അപകട ഭീഷണി ഉയർത്തുകയും ചെയ്യും. പല ഗാങുകളും അവരുടെ കാര്യങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടി തേടി ക്കൊണ്ടിരിക്കുന്നത് ഇത്തരം സ്വാഭാവ സവിശേഷതകൾ ഉള്ള ആളുകളെയാണ്.
ഇനി പറയാൻ പോകുന്ന കാര്യം നമ്മളുടെ ശാരീരിക സൗന്ദര്യം നിലനിർത്തിക്കൊണ്ടുള്ള ഫാഷൻ എങ്ങനെ നേടിയെടുക്കാൻ കഴിയും എന്നതാണ്. കുട്ടികളിൽ പലപ്പോഴും കാണുന്ന പ്രവണതയാണ് സ്റ്റൈൽ ഇംപ്ലിമെന്റേഷൻ. ഓരോ കാലത്തും അതാതു സ്റ്റൈൽ നമുക്ക് കാണാൻ കഴിയും. എന്നാൽ ഓരോ ആളുകളുടെയും ശാരീരിക വ്യത്യാസങ്ങൾ അനുസരിച്ചു വേണം പലപ്പോഴും വേഷങ്ങളും ശാരീരിക മാറ്റങ്ങളും ഉൾക്കൊള്ളാൻ. എല്ലാ ഫാഷനുകളും എല്ലാവർക്കും യോജിച്ചുകൊള്ളണമെന്നില്ല. നമ്മുടെ ശാരീരികമായ ഘടന, നമുക്ക് യോജിക്കുന്ന കളറുകൾ, സ്റ്റൈലുകൾ എന്നിവ പ്രത്യേകം കണ്ടെത്താൻ ശ്രമിക്കുക.
യുവത്വം എല്ലാവർക്കും ലഭിക്കും. പക്ഷേ അത് ജീവിതത്തിൽ ഒരിക്കൽ മാത്രം. തന്നെയുമല്ല, നമ്മുടെ ജീവിതത്തിലെ ഏറ്റവും നല്ല സ്വഭാവ രൂപീകരണം നടക്കുന്നത് യുവത്വത്തിലാണ്. അത് വരെ ജീവിതത്തെ ക്രമചിട്ടയോടെ കൊണ്ടുപോവുക. ഒരിക്കലും ഒരു മനുഷ്യനും പരിപൂർണനാവാൻ കഴിയില്ല. അതുകൊണ്ട് തന്നെ നമ്മൾ എല്ലാവരും ചെയ്യുന്നത് സമൂഹത്തിന്റെ ഇടയിൽ പല പാകപ്പെടലുകൾക്കും വിധേയമായിക്കൊണ്ടു എങ്ങനെ നന്നായി മാതൃകാപരമായി ജീവിച്ചു കാണിക്കാൻ കഴിയും എന്നതാണ്.