മാപ്പിളപ്പാട്ടുകളിൽ കാവ്യ മകരന്ദം

ഷൈജൽ ഒടുങ്ങാക്കാട്
ഷൈജൽ ഒടുങ്ങാക്കാട് കുടുംബത്തോടൊപ്പം.

ഖത്തറിൽ പ്രവാസിയായ ഷൈജൽ ഒടുങ്ങാക്കാട് തനതായ മാപ്പിള ശീലുകളുടെ തോഴനാണ്. കോഴിക്കോട് - വയനാട് അതിർത്തിയിൽ വ്യാപാരിയായിരുന്ന വള്ളിക്കെട്ടുമ്മൽ അബൂബക്കറിന്റെയും സൈനബയുടെയും രണ്ടാമത്തെ മകനായാണ് ഷൈജൻ ജനിച്ചത്. എസ്.എസ്.എൽ.സി പാസായെങ്കിലും തുടർന്ന് പഠിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. ടെയിലറിംഗ്, ഡ്രൈവിംഗ് തുടങ്ങി പല മേഖലകളിലും ജോലി ചെയ്തുകൊണ്ടിരിക്കേയാണ് ദുബായിലേക്ക് വിസ കിട്ടിയത്. ദുബായ്, കുവൈത്ത്, ഒമാൻ, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിലായി ഇതിനകം രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കിക്കഴിഞ്ഞു.
ചെറുപ്പം മുതലേ മാപ്പിളപ്പാട്ടുകളോട് ആഭിമുഖ്യമുണ്ടായിരുന്നു. പാട്ടുകൾ കേട്ടും പാടിയും മൽസരത്തിൽ സമ്മാനം നേടിയുമൊക്കെയാണ് വളർന്നത്. പലപ്പോഴും മാപ്പിളപ്പാട്ടുകൾ നാവിൻ തുമ്പിൽ വന്നിരുന്നെങ്കിലും സ്വന്തമായി എഴുതിത്തുടങ്ങിയത് ഖത്തറിലെത്തിയ ശേഷമാണ് . രാഷ്ട്രീയ ഗാനങ്ങൾ, ആശംസാ ഗാനങ്ങൾ, കല്യാണപ്പാട്ടുകൾ എന്നിങ്ങനെ ആയിരക്കണക്കിന് പാട്ടുകളാണ് ഈ അനുഗൃഹീത തൂലികയിൽ നിന്നും ഉതിർന്നുവീണത്.
ഇശൽ, ഭാഷ, പ്രാസം എന്നിവ മൂന്നും മാപ്പിളപ്പാട്ടിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നും ഇവ ഒത്തുവരുന്ന ലക്ഷണമൊത്ത പാട്ടുകളാണ് തനതായ മാപ്പിളപ്പാട്ടുകളായി പരിഗണിക്കുന്നതെന്നുമാണ് ഷൈജൽ കരുതുന്നത്. ഇത്തരത്തിൽ ലക്ഷണമൊത്ത നൂറിലധികം മാപ്പിളപ്പാട്ടുകൾ ഷൈജലിന്റേതായി ഇതിനകം തന്നെ പ്രചാരം നേടിയിട്ടുണ്ട്. പ്രമുഖ മാപ്പിളപ്പാട്ട് ഗായകരായ കണ്ണൂർ ഷരീഫ്, രഹ്‌ന, ബൽഖീസ്, ബെൻസീറ, സജ്ന സതീഷ്, ഫിദ ബഷീർ, ഇബ്രാഹീം മേപ്പാടി മുതലായവരൊക്കെ ഷൈജലിന്റെ പാട്ടുകൾ പാടിയിട്ടുണ്ട്.

മദ്രസയിൽ പഠിച്ചിരുന്ന കാലത്ത് സൈനുദ്ദീൻ ഉസ്താദാണ് മാപ്പിളപ്പാട്ടിൽ ആദ്യം പരിശീലനം നൽകുകയും മൽസരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തതെന്ന് ഷൈജൽ നന്ദിയോടെ ഓർക്കുന്നു.

മഹാകവി മോയിൻകുട്ടി വൈദ്യർ, കുഞ്ഞായിൻ മുസ്ലിയാർ, ഖാദി മുഹമ്മദ് തുടങ്ങി പൂർവസൂരികളായ മാപ്പിള മഹാകവികൾ പടുത്തുയർത്തിയ മഹത്തായ മാപ്പിളപ്പാട്ടു രചനാ സമ്പ്രദായങ്ങളെ ആഴത്തിൽ അപഗ്രഥിച്ച് അവയോട് ചേർന്നു നിൽക്കാൻ കാണിക്കുന്ന മിടുക്കാണ് ഷൈജൽ ഒടുങ്ങാക്കാടെന്ന യുവ കവിയെ വ്യത്യസ്തനാക്കുന്നത്. തനിമ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാപ്പിളപ്പാട്ട് മേഖലയിൽ തനിമ ഒട്ടും ചോർന്നു പോകാത്ത നിരവധി രചനകൾ ആ തൂലികയിൽ നിന്നും പിറവി എടുത്തിട്ടുണ്ട്

പ്രശസ്ത ഗ്രന്ഥകാരനും നിരൂപകനും കവിയുമായ ഹസൻ മാസ്റ്റർ നെടിയനാട്, മാപ്പിള കവി ബദറുദ്ദീൻ പാറന്നൂർ, എം.എച്ച്. വള്ളുവങ്ങാട്, ബക്കർ പന്നൂര്, നസ്‌റുദ്ദീൻ മണ്ണാർക്കാട് തുടങ്ങിയവരിൽ നിന്നാണ് മാപ്പിളപ്പാട്ടിന്റെ ഇശലുകളും രചനാ നിയമങ്ങളും കവി മനസ്സിലാക്കിയത്. ഖത്തർ മാപ്പിള കലാ അക്കാദമി ചെയർമാൻ മുഹ്‌സിൻ തളിക്കുളം നൽകുന്ന പിന്തുണയും സർഗ സപര്യയിലെ ചാലക ശക്തിയാണ് . സഹൃദയ സുഹൃത്തുക്കളായ ബഷീർ, അനീസ്, അലവി വയനാടൻ, ഷഫീർ വാടാനപ്പള്ളി, അബൂബക്കർ തുടങ്ങിയവരെയും നന്ദിയോടെ മാത്രമേ ഓർക്കാനാകൂ.

ഇസ്ലാമിക ചരിത്രം, സ്വാതന്ത്ര്യ സമര ചരിത്രം മുതലായവയെ കേന്ദ്രീകരിച്ചാണ് ഷൈജൽ മിക്കവാറും പാട്ടുകളെഴുതാറുള്ളത്. ഒഴിവ് സമയം വായിച്ച് പഠിച്ചും പാട്ടുകൾ കേട്ടുമൊക്കെയാണ് ഷൈജൽ സാർഥകമാക്കുന്നത്. ഇശാറത്ത്, ഇഖ്റഅ്, കിനാവിലെ മദീന, മദീനയുടെ മുഅദ്ദിൻ, സന്മാർഗം, എന്റെ ഇലാഹ്, തിങ്കളിൽ മങ്കലം തുടങ്ങിയവ ഷൈജലിന്റെ ശ്രദ്ധേയമായ പാട്ടുകളാണ് .
മാപ്പിളപ്പാട്ടിലെ പൂർവ സൂരികളുടെ പാരമ്പര്യവും ശൈലിയും നിലനിർത്തുന്ന തരത്തിലുള്ള കവിതകളും പാട്ടുകളും തീർക്കുന്ന സർഗപ്രപഞ്ചമാണ് ഷൈജൽ ഒടുങ്ങാക്കാട് എന്ന മാപ്പിള കവിയുടെ സവിശേഷത. സുമയ്യ ബീവി ചരിത്രം, ജല്ല ജലാൽ, ഉമർ ഖാദി, റസൂലിന്റെ വഫാത്ത് തുടങ്ങിയ ഏതാനും വർക്കുകൾ ഉടൻ പുറത്തു വരുമെന്ന് ഷൈജൽ പറഞ്ഞു.

മാനവ സ്നേഹത്തിന്റെ ഉജ്വല മാതൃകയിലൂടെ സമൂഹ മനസ്സിൽ സ്ഥാനം നേടിയ മർഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അപദാനങ്ങൾ കോർത്തിണക്കി സീറത്തു സയ്യിദുശ്ശിഹാബിയ്യ എന്ന പേരിൽ മാലപ്പാട്ട് കോർത്തും ഷൈജൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

മിതഭാഷിയും സ്മിത ഭാഷിയുമായിരുന്ന ശിഹാബ് തങ്ങളുടെ അപദാനങ്ങൾ കൊരുത്ത കവനങ്ങൾ മലയാളത്തിൽ സുലഭമാണെങ്കിലും ഒറ്റയൊറ്റയായി കേട്ട അത്തരം പാട്ടുകളിൽ നിന്നും വേറിട്ട അനുഭൂതി പകരുന്നതാണ് സീറത്തു സയ്യിദുശ്ശിഹാബിയ്യ എന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരുപിടി മികച്ച മാപ്പിളപ്പാട്ടുകൾ മലയാളത്തിനേകിയ ഷൈജൽ ഒടുങ്ങാക്കാട് എന്ന കവിയുടെ തനതായ മാപ്പിളപ്പാട്ടിനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഈ ദീർഘ കവനത്തിന്റെ ചാരുത പതിന്മടങ്ങ് വർധിപ്പിക്കാൻ നിമിത്തമായതെന്ന് കരുതുന്നു. ഓരോ നാട്ടിലുമുള്ള പാട്ടുകൾക്ക് കെട്ടിലും മട്ടിലും നിയതമായ ചിട്ടവട്ടങ്ങളുണ്ടാകും. നമ്മുടെ പാട്ടു പ്രസ്ഥാനത്തിലും മോന, എതുക മുതലായ പ്രാസ നിഷ്ഠകൾ ഉണ്ട്.
വരികളുടെ ആദ്യാന്തങ്ങളിലെ പ്രാസം മാത്രമല്ല, ഒരു ഗാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൃത്യമായ നിയമ നിഷ്ഠയോടെ പ്രാസാലങ്കാരം ആവശ്യമുള്ള രചനയാണ് മാപ്പിളപ്പാട്ട്.
കേൾക്കാൻ മാത്രം ഇമ്പമുണ്ടായാൽ പോരാ, വായിക്കുമ്പോഴും ആഹ്ലാദത്തിന്റെ മയിൽ ഏഴഴകുള്ള പീലി വിടർത്തിയാടണമെങ്കിൽ പ്രസ്തുത മാപ്പിളപ്പാട്ട് പൂർവ കവികൾ നിഷ്‌കർഷിച്ച രചനാസരണിയിലൂടെ തന്നെ മുന്നോട്ട് പോകൽ അനിവാര്യമാണ്.

കമ്പി (ആദ്യാക്ഷര പ്രാസം), കഴുത്ത് (മൊഴികളിലെ ദ്വിതീയാക്ഷര പ്രാസം), വാൽക്കമ്പി (അന്ത്യാക്ഷര പ്രാസം), വാലുമ്മൽ കമ്പി (അന്താദി പ്രാസം), ചിറ്റെഴുത്ത് (അനുപ്രാസം) തുടങ്ങി ഒട്ടേറെ ചിട്ടകളുണ്ട് മാപ്പിളപ്പാട്ടു രചനാ സമ്പ്രദായത്തിൽ എന്ന വിവരമുള്ളയാളാണ് ഷൈജൽ ഒടുങ്ങാക്കാടെന്ന് ശിഹാബ് തങ്ങൾ സീറയുടെ പ്രഥമ വായനയിൽ തന്നെ ബോധ്യമാകുന്നതാണ്. 
വിരസമായ പ്രവാസ ദിനങ്ങളെ മനോഹരങ്ങളായ പാട്ടുകളെഴുതിയും കേട്ടും സംഗീത സാന്ദ്രമാക്കുന്ന ഈ മാപ്പിളക്കവി സഹൃദയ സാന്നിധ്യമറിയിച്ച പ്രവാസ ലോകത്തിന് തന്നെയൊരനുഗ്രഹമാണ്. സറീനയാണ് ഭാര്യ. റന ഫാത്തിമ, സന ഫാത്തിമ, റസ ഫാത്തിമ എന്നിവർ മക്കളാണ്.


 

Latest News