രാഗസാന്ദ്രം, അഹദിന്റെയും ഇഷാന്റെയും സ്വപ്‌നങ്ങൾ

മുഹമ്മദ് ഇഷാൻ
അബ്ദുൽ അഹദ്
മുഹമ്മദ് ഇഷാൻ
അബ്ദുൽ അഹദ്

ബാല്യം തൊട്ടേ മൊട്ടിട്ട സംഗീതാഭിനിവേശം ജിദ്ദ ഇൻർനാഷനൽ ഇന്ത്യൻ സ്‌കൂളിലെത്തിയതോടെ എറണാകുളത്തുകാരായ അബ്ദുൽ അഹദിന്റെയും അനിയൻ മുഹമ്മദ് ഇഷാന്റെയും മനസ്സിൽ പൂത്തുലഞ്ഞു. ജിദ്ദയിൽ സൗദി ഇൻഡസ്ട്രിയൽ സർവീസസ് കമ്പനി ഉദ്യോഗസ്ഥൻ കൊടുങ്ങല്ലൂർ സ്വദേശി മുഹമ്മദ്‌ ശിഹാബിന്റെയും എറണാകുളം സ്വദേശി തുഷാര ശിഹാബിന്റെയും ഈ മക്കൾ, പാട്ടിന്റെ ലോകത്ത് ഇതിനകം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. നന്നേ കുട്ടിയാകുമ്പോൾ തന്നെ അബ്ദുൽ അഹദ്, സംഗീതോപകരണങ്ങളിൽ വിരൽ പായിച്ച് തന്റെ മനസ്സിലെ പാട്ടുകാരനെ കണ്ടെത്തിയിരുന്നു. കലയിലും സംഗീതത്തിലും തൽപരരായ മാതാപിതാക്കളുടെ പ്രോൽസാഹനത്തോടെ അഹദ് ആ സിദ്ധി വളർത്തിയെടുത്തു. കരീം പട്ടാമ്പിയായിരുന്നു ആദ്യ ഗുരു. നാലാം ക്ലാസിലെത്തിയതോടെ കീബോർഡ് പഠിക്കാനാരംഭിച്ച അഹദിന്റെ വിരൽ വിസ്മയം തിരിച്ചറിഞ്ഞത് അന്ന് ജിദ്ദയിലെ പാട്ടുവേദികളിലെ പക്കമേളക്കാരനായിരുന്ന കലാഭവൻ ഗഫാർ ആയിരുന്നു. ഗഫാറിന്റെ ശിക്ഷണത്തിൽ വയലിൻ അഭ്യസിച്ച അഹദ്, പത്താം ക്ലാസിലെത്തിയതോടെ ഇളംപ്രായക്കാർക്കിടയിലെ മികച്ച വയലിൻ വാദകരിലൊരാളായി മാറി. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിൽ നിന്നാണ് സംഗീത തൽപരരായ അധ്യാപകരുടെയും കൂട്ടുകാരുടെയും സഹായത്തോടെ ഗിറ്റാർ, ഒക്ടോപാഡ്, ഹാർമോണിയം എന്നിവയിൽ പരിശീലനം നേടിയത്. ഉപരിപഠനത്തിന് ബാംഗ്ലൂരിലെത്തിയപ്പോൾ പഠനത്തോടൊപ്പം സംഗീതത്തിനും അഹദ് മുൻഗണന നൽകി. ബാംഗ്ലൂരിൽ മാത്രം കുറഞ്ഞ സമയം കൊണ്ട് ഇരുന്നൂറോളം വേദികളിൽ അഹദ് പെർഫോം ചെയ്തു. ബി.എ മ്യൂസിക് കോഴ്‌സിനു ചേർന്ന അഹദ്, പിയാനോയിലും തന്റെ വൈഭവം പ്രകടിപ്പിച്ചു. ഇപ്പോൾ എറണാകുളത്ത് നിയമ വിദ്യാർഥിയായ അഹദ്, 'മ്യൂസിക് പ്രൊഡക്ഷനി'ലെ ജിൻസന്റെ ശിഷ്യനായി സംഗീത പഠനവും സമാന്തരമായി തുടരുകയും നിരവധി വേദികളിൽ നിറഞ്ഞുനിൽക്കുകയും ചെയ്യുന്നു. ഇതിനിടെ, ചില ഷോർട്ട് ഫിലിമുകൾ, സെൽഫ് കവറുകൾ, യുട്യൂബ് എന്നിവയിലും അഹദിന്റെ സംഗീത മുദ്രകൾ തെളിഞ്ഞുനിന്നു. എസ്.എം ക്രിയേഷൻസിന്റെ 'തീവെട്ടി സാമ്രാജ്യം' എന്ന വെബ് സീരീസുമായി സഹകരിക്കുകയും പശ്ചാത്തല സംഗീതം നൽകുകയും ചെയ്തു. പരീക്കുട്ടി പെരുമ്പാവൂരുമായി (ബിഗ് ബോസ്) ചേർന്ന് ചില കവർ സീരീസും അഹദ് ചെയ്തു. സംഗീതത്തിന്റെ മേഖലയിൽ കൂടുതൽ ഉയരങ്ങളിലെത്താൻ സമർപ്പിത മനസ്സോടെ മുന്നേറുകയാണ്, ഹൃദയത്തിൽ പ്രതിഭയുടെ കൈയൊപ്പുള്ള ഈ നിയമ വിദ്യാർഥി. 
ജ്യേഷ്ഠന്റെ പാത പിൻപറ്റിയാണ് മുഹമ്മദ് ഇഷാനും സംഗീതം ഇഷ്ടവിഷയമായി തെരഞ്ഞെടുത്തത്. ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ ഇഷാനും രണ്ടു വർഷത്തിലേറെയായി കീബോർഡിലും ഗിറ്റാറിലും കവിത വിരിയിക്കുന്നു. പാട്ടിനോടൊപ്പം നൃത്തത്തിലും കവിതയിലും കായിക മേഖലയിലുമെല്ലാം ഇഷാൻ ഇതിനകം കഴിവ് തെളിയിച്ചു കഴിഞ്ഞു. സ്‌കൂളിലെ വേദികളിൽ തിളങ്ങി നിന്ന ഈ കൊച്ചുകലാകാരൻ, ജിദ്ദയിലെ മുസ്‌രിസ് എന്ന കലാസംഘടനയുടെ വേദിയിലും മൈത്രി, നവോദയ സാംസ്‌കാരിക കൂട്ടായ്മകളുടെ നിരവധി സ്റ്റേജുകളിലും പാട്ടിനൊപ്പം സംഗീതോപകരണങ്ങളും വായിച്ച് പ്രവാസികളുടെ അംഗീകാരം നേടിയെടുത്തു. 
പ്രത്യേക ശബ്ദത്തിനുടമയായ ഈ മിടുക്കൻ പ്രമുഖ നാടക പ്രവർത്തകനായ മുഹ്‌സിൻ കാളികാവിന്റെ രണ്ടു നാടകങ്ങൾക്ക് പിന്നിൽ സജീവമായി പ്രവർത്തിക്കുകയും അരങ്ങിലും അണിയറയിലും തന്റെ സാന്നിധ്യം തെളിയിക്കുകയും ചെയ്തു. ഈയിടെ സമാപിച്ച ഇ.എം.ടി ന്യൂസ് ചാനലിന്റെ സൂപ്പർ സിംഗർ ഗ്രാന്റ് ഫിനാലെയിൽ സീനിയർ വിഭാഗത്തിൽ മികച്ച ഗായകനായി തെരഞ്ഞെടുക്കപ്പെട്ടത് ഇഷാനായിരുന്നു. എച്ച് ആന്റ് ഇ ചാനലിന്റെ പ്രോഗ്രാമിൽ പങ്കെടുത്ത് ശ്രദ്ധ നേടിയ ഇഷാൻ നിരവധി കവർ വീഡിയോകളും ചെയ്തിട്ടുണ്ട്. പിന്നണിഗാന രംഗത്ത് നിലയുറപ്പിക്കണമെന്നാഗ്രഹിക്കുന്ന ഇഷാന്റെ മറ്റൊരു പാഷൻ സിനിമാട്ടോഗ്രഫിയാണ്. 
 

Latest News