മെറ്റാവേഴ്‌സിറ്റിയിലേക്ക്  പറിച്ചു നടുന്ന വിദ്യാഭ്യാസം 

ഓൺലൈനിനപ്പുറം ക്ലാസ് മുറികളുടെ യഥാർത്ഥ അനുഭവങ്ങൾ സാധ്യമാക്കുന്ന പ്രതീതി ലോകത്തെ പുതിയ സാങ്കേതികവിദ്യ വിദ്യാഭ്യാസ രീതികളെ അടിമുടി പൊളിച്ചെഴുതാൻ പോകുന്നു.

രാഹുലിന് ബംഗളൂരുവിലെ ഒരു ഐ.ടി കമ്പനിയിൽ ജോലി ലഭിച്ചിട്ട് ഒന്നര വർഷമേ ആയിരുന്നുള്ളൂ. കോവിഡാനന്തരം ജോലി വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറിയിട്ടിപ്പോൾ രണ്ടു വർഷത്തോളമായി. ശമ്പളത്തിലും കമ്പനി നൽകുന്ന പിന്തുണയിലും ഒരു കുറവുമില്ല. പക്ഷേ വീട്ടിലെ ഈ ഇരിപ്പും ജോലിയും രാഹുലിനു മടുത്തു. ഇതിനിടെ ഒഴിഞ്ഞു കിട്ടുന്ന സമയം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ആലോചിച്ചപ്പോഴാണ് യു.എസിലെ പ്രശസ്തമായ ഐവി ലീഗ് കോളേജുകളിലൊന്നിൽ ഉപരിപഠനം നടത്താനുള്ള തന്റെ പഴയ ആഗ്രഹം രാഹുൽ പൊടിതട്ടിയെടുത്തത്. പണച്ചെലവും കഠിന പ്രവേശന കടമ്പകളും കാരണം എന്നേ മാറ്റിവെച്ചതായിരുന്നു ഈ ആഗ്രഹം. ഏവരും ചെയ്യുന്ന പോലെ ഏതെങ്കിലും ഓൺലൈൻ വിദ്യാഭ്യാസ സാധ്യതകൾ ആരായാമെന്നാണ് കരുതിയത്. എന്നാൽ അതിനുമപ്പുറം നിൽക്കുന്ന പുതിയൊരു വെർച്വൽ വിദ്യാഭ്യാസ സാങ്കേതിക വിദ്യയുടെ സാധ്യതകളിലാണ് രാഹുലിന്റെ അന്വേഷണം ചെന്നെത്തിയത്. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ അടുത്ത തലമായ മെറ്റാവേഴ്‌സിറ്റിയിൽ. ഇവിടെ രാഹുൽ ആഗ്രഹിച്ചതു പോലെ തന്നെ അധികം വൈകാതെ തന്റെ കുഗ്രാമത്തിലിരുന്ന് പ്രശസ്തമായ ഒരു യു.എസ് യൂനിവേഴ്‌സിറ്റിയിൽ താങ്ങാവുന്ന ചെലവിൽ ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സ് ചെയ്യാനും സഹപാഠികൾക്കൊപ്പം കാമ്പസിൽ ചുറ്റിയടിക്കാനും കഫെയിലിരുന്ന് കോഫി നുണയാനുമെല്ലാം വേദിയൊരുങ്ങുകയാണ്.

ഡിജിറ്റലായതോടെ അനുഭവങ്ങൾക്ക് ഭംഗം വന്ന വിദ്യാഭ്യാസ പ്രക്രിയ നമുക്ക് അനുഭവവേദ്യമാകുന്ന തരത്തിൽ മെറ്റവേഴ്‌സ് എന്ന ഇന്റർനെറ്റിനും അപ്പുറത്തേക്കുള്ള പുതിയൊരു ലോകത്തേക്ക് പറിച്ചു നടുകയാണ്. ലോക പ്രശസ്ത യൂനിവേഴ്‌സിറ്റി കാമ്പസുകളെ മെറ്റാവേഴ്‌സ് എന്ന ഡിജിറ്റൽ പ്രപഞ്ചത്തിൽ വെർച്വലായി പുനഃസൃഷ്ടിച്ച് വി.ആർ ഉപകരണങ്ങളുടെ സഹായത്തോടെ ഫിസിക്കലായി തന്നെ ക്ലാസുകളിൽ കയറിയിരിക്കാനും അധ്യാപകരോടും സഹപാഠികളോടും പതിവു പോലെ ഇടപഴകാനും സാങ്കേതിക വഴികളൊരുക്കുന്ന മെറ്റാവേഴ്‌സിറ്റി എന്ന ആശയം പടർന്നു പന്തലിക്കാൻ പോകുന്നു. പൂർണമായും വെർച്വൽ ആണെങ്കിലും ശരിയായ കാമ്പസ് അനുഭവം നൽകുന്ന പുതിയ മെറ്റാവേഴ്‌സിറ്റിയാണ് എഡ്‌ടെക് എന്ന ചുരുക്കപ്പേരിൽ വിളിക്കപ്പെടുന്ന വിദ്യാഭ്യാസ സാങ്കേതികവിദ്യാ രംഗത്തെ ഇനി അടിമുടി അഴിച്ചുപണിയാൻ പോകുന്നത്.

നമ്മുടെ തൊഴിൽ, വിദ്യാഭ്യാസ സങ്കൽപങ്ങളെ ഒരു വൈറസ് വന്ന് അടിമുടി മാറ്റുകയും ഈ മേഖലകളിൽ രണ്ടു വർഷം മുമ്പ് വരെ അനുവർത്തിച്ചു പോന്നിരുന്ന പല പരമ്പരാഗത രീതികളെയും മാറ്റിമറിക്കുകയും ചെയ്തു എന്നത് ഇന്നെല്ലാവരും തിരിച്ചറിഞ്ഞ ഒരു വസ്തുതയാണ്. ആളുകൾക്ക് ജോലി ചെയ്യാനും വിദ്യാർത്ഥികൾക്ക് സ്‌കൂളിലും കോളേജിലും പോകാനും ഇനി പ്രത്യക്ഷമായ ഒരു ഓഫീസോ കെട്ടിടങ്ങളോ ഒന്നും വേണ്ടതില്ല എന്ന് എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. പക്ഷേ എത്ര കാലം ഓൺലൈനായി മാത്രം പോകും എന്ന ചോദ്യത്തിനുള്ള ഉത്തരം മെറ്റാവേഴ്‌സിറ്റിയിൽ നമുക്ക് കണ്ടെത്താം.

വ്യക്തിപരമായ ആവശ്യങ്ങൾക്കും ഓഫീസ് ആവശ്യങ്ങൾക്കും വീഡിയോ കോൺഫറൻസുകൾക്കും മാത്രമായി തയാറാക്കിയ ആപ്പുകളിലൂടെയാണ് ഇപ്പോൾ നമ്മുടെ സ്‌കൂളുകളും കോളേജുകളുമെല്ലാം ഓൺലൈനായിരിക്കുന്നത്. സൂം, ഗൂഗ്ൾ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഓൺലൈൻ, വെർച്വൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കു വേണ്ടി മാത്രം രൂപകൽപന ചെയ്യപ്പെട്ടവയല്ല എന്നതാണ് വിദ്യാഭ്യാസ രംഗത്തെ ഈ ആപ്പുകളുടെ പരിമിതി. ഇവയെ മറികടക്കുന്നതാണ് മെറ്റാവേഴ്‌സിറ്റികളിലൂടെ സാധ്യമാകുന്ന അനുഭവവേദ്യ വെർച്വൽ വിദ്യാഭ്യാസം.

ഈ രംഗത്തേക്ക് ടെക് ഭീമൻമാർ കടന്നു വരുന്നതേയുള്ളൂ. രണ്ടു മാസം മുമ്പ് ട്വിറ്ററിൽ നിന്ന് രാജിവെച്ച കമ്പനിയുടെ ഇന്ത്യാ മേധാവിയായിരുന്ന മനീഷ് മഹേശ്വരിയാണ് ആഗോള തലത്തിൽ വലിയ രീതിയിൽ മെറ്റാവേഴ്‌സിറ്റി എന്ന ആശയവുമായി കടന്നു വന്നിരിക്കുന്നത്. മൈക്രോസോഫ്റ്റിൽ സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്ന തനയ് പ്രതാപിനൊപ്പം ചേർന്ന് മനീഷ് ഇൻവാക്ട് മെറ്റാവേഴ്‌സിറ്റി എന്ന പുതിയ കമ്പനിക്ക് രൂപം നൽകിയിരിക്കുകയാണ്. മൂന്ന് മാസത്തിനകം ഇന്ത്യയിലും യു.എസിലുമായി ഈ മെറ്റാവേഴ്‌സിറ്റി കോഴ്‌സുകൾ നൽകിത്തുടങ്ങും. ഒരു വെർച്വൽ പ്ലാറ്റ്‌ഫോം ഒരുക്കി അവിടെ ത്രിമാന കോളേജുകളും ക്ലാസ് മുറികളും ഒരുക്കി അധ്യാപകരെയും വിദ്യാർത്ഥികളെയും ആനിമേറ്റഡ് രൂപത്തിൽ ഡിജിറ്റലായി പുനഃസൃഷ്ടിച്ചാണ് മെറ്റാവേഴ്‌സിറ്റി ഒരുക്കുന്നത്. ലൈബ്രറിയും കഫേകളും ഓഡിറ്റോറിയങ്ങളുമെല്ലാം ഈ കാമ്പസിലുണ്ടാകും. എല്ലാവർക്കും ഇവിടെ പരസ്പരം ഇടപഴകാനും സംസാരിക്കാനും സാധിക്കും. ഇതിനായി ത്രിഡി, വെർച്വൽ എക്‌സ്പീരിയൻസ്, വെർച്വൽ ഐഡന്റിറ്റി, വെർച്വൽ അസറ്റുകൾ എന്നിവ വികസിപ്പിക്കുന്നതിലാണ് കമ്പനിയുടെ ഇപ്പോഴത്തെ ശ്രദ്ധ. 

വിദ്യാഭ്യാസ രംഗത്ത് അടിമുടി ഒരു മാറ്റം വേണ്ടതുണ്ടെന്നും റെക്കോർഡ് ചെയ്ത വീഡിയോ ക്ലാസുകളിൽ മാത്രം വിദ്യാഭ്യാസത്തെ പരിമിതപ്പെടുത്തരുതെന്നുമാണ് മനീഷ് പറയുന്നത്. ഒരു ക്ലാസ് കണ്ടിരിക്കുന്നതിനു പകരം ക്ലാസിൽ ഇരുന്ന് തന്നെ പഠനം അനുഭവിക്കാൻ കഴിയും. ലളിതമായ ഒരു വെർച്വൽ റിയാലിറ്റി (വി.ആർ) ഉപകരണം ധരിച്ചാൽ മാത്രം മതി. വി.ആർ ഉപകരണങ്ങൾക്ക് വില കുറയുകയും ഇന്റർനെറ്റ് ലഭ്യത സൗജന്യമാകുകയും ചെയ്യുന്നതോടെ ഇതു സാർവത്രികമാകാനിരിക്കുകയാണ്. 

കോളേജ് വിദ്യാഭ്യാസ കാലത്ത് ശരിക്കും കാര്യങ്ങൾ പഠിക്കുന്നത് ക്ലാസുകൾക്ക് പുറത്താണ്. ലൈബ്രറിയിലും കഫ്റ്റീരിയയിലും ഓഡിറ്റോറിയങ്ങളിലും സഹപാഠികൾക്കൊപ്പം ചുറ്റിക്കറങ്ങുമ്പോഴാണ് ഈ അവസരങ്ങൾ ലഭിക്കുന്നത്. എന്നാൽ ഇതൊന്നും ഓൺലൈൻ വിദ്യാഭ്യാസത്തിൽ ഇല്ല. മാത്രവുമല്ല, ഓൺലൈൻ കോഴ്‌സുകൾ പൂർത്തീകരിക്കുന്നവരുടെ എണ്ണവും കുറവാണ്. ഇൻവാക്ട് മെറ്റാവേഴ്‌സിറ്റി ഈ അവസരങ്ങളെ ഓൺലൈൻ പഠന അനുഭവത്തിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്. വിദ്യാർത്ഥി സമൂഹത്തെ വെർച്വലായി കാമ്പസിലെത്തിച്ച് ക്ലാസിലും പുറത്തും വിദ്യ അഭ്യസിക്കാൻ വഴിയൊരുക്കുന്നു. ഓൺലൈനായി ആളുകൾ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഒരു സമൂഹമായി രൂപംകൊള്ളുന്നതെങ്ങനെ എന്നും ട്വിറ്ററിൽ നിന്ന് പഠിച്ച പാഠമാണ്. ഈ സാധ്യതകൾ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് കൂട്ടിച്ചേർക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് മനീഷ് പറയുന്നു. 

മെറ്റാവേഴ്‌സ് എന്ന ഡിജിറ്റൽ പ്രപഞ്ചത്തെ പുൽകാൻ ലോകം ഇപ്പോൾ തയാറായിരിക്കുകയാണ്. കൂടുതലായി ഇടപഴകാൻ സാധിക്കുന്ന, ലയിച്ചു ചേരാവുന്ന അനുഭവവേദ്യ സാങ്കേതിക വിദ്യകൾ ആളുകൾ കൂടുതൽ ഇഷ്ടപ്പെടുന്നു. സമൂലമായ ഒരു നവീകരണവും കാര്യമായി നടന്നിട്ടില്ലാത്ത വിദ്യാഭ്യാസ മേഖലയെ മെറ്റാവേഴ്‌സിൽ പൊളിച്ചുപണിയുകയാണ് മനീഷിന്റെ പുതിയ കമ്പനി. വലിയൊരു വിപണിയാണിത്. ഈ രംഗത്ത് അതിവേഗമാണ് നവീനാശയങ്ങൾ വരുന്നതെന്ന് മനീഷ് പറയുന്നു.

യു.എസ് ആസ്ഥാനമായി തുടക്കമിട്ട ഇൻവാക്ട് മെറ്റാവേഴ്‌സിറ്റിക്ക് ബംഗളൂരുവിലും സാങ്കേതിക വിദഗ്ധരുടെ ഒരു സംഘമുണ്ട്. ആദ്യ ഘട്ടത്തിൽ രണ്ട് കോഴ്‌സുകൾ തുടങ്ങി പിന്നീട് അടുത്ത ഘട്ടത്തിൽ പ്രശസ്ത സർവകലാശാലകളെയും കോളേജുകളെയും ക്ഷണിച്ച് വരുത്തി മെറ്റാവേഴ്‌സിൽ അവരുടെ കാമ്പസുകൾ പുനഃസൃഷ്ടിച്ച് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാനാണ് പദ്ധതി. ലോകത്തിന്റെ ഏതു കോണിലിരുന്നും വിദ്യാർത്ഥികൾക്ക് ഈ കാമ്പസിലെത്താം. സ്വന്തം വീട്ടിലിരുന്ന് ഈ ക്ലാസ് മുറികളിൽ കയറാം. വിദ്യാർത്ഥികളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് മനീഷ് പറയുന്നു. 

താങ്ങാവുന്ന ഫീസ് ആണ് ഏർപ്പെടുത്തുകയെന്നും ഐവി ലീഗ് കോളേജുകളിൽ പഠിക്കുമ്പോൾ ലഭിക്കുന്ന അതേ സഹപാഠികളെയും പ്രൊഫഷനൽ നെറ്റ്‌വർക്കും മെറ്റാവേഴ്‌സിറ്റിയിലും സാധ്യമാകുമെന്നുമാണ് ഇൻവാക്ട് മെറ്റാവേഴ്‌സിറ്റിയുടെ വാഗ്ദാനം. വലിയ അവസരം മുന്നിൽ കണ്ട് ടെക് ഭീമൻമാർ ഈ രംഗത്ത് വൻ നിക്ഷേപമാണ് നടത്തിവരുന്നത്. മെറ്റ (ഫെയ്‌സ്ബുക്ക്), ഗൂഗ്ൾ, ആമസോൺ, മൈക്രോസോഫ്റ്റ്, ഉബർ, സോഫ്റ്റ് ബാങ്ക്, ട്വിറ്റർ, ലിങ്ക്ഡിൻ, ഡിസ്‌നി തുടങ്ങിയ കമ്പനികളെല്ലാം ഇൻവാക്ട് മെറ്റാവാഴ്‌സിറ്റിയിൽ നിക്ഷേപമിറക്കാൻ തയാറായി മുന്നോട്ടു വന്നിട്ടുണ്ട്. രണ്ടു ദിവസം മുമ്പാണ് 70 ലേറെ ആഗോള സംരംഭകർ 3.3 കോടി ഡോളർ ഇൻവാക്ട് മെറ്റാവേഴ്‌സിറ്റിയിൽ നിക്ഷേപിച്ചത്. ഇന്ത്യയിൽ നിന്ന് ഫ്യൂചർ ഗ്രൂപ്പ് മേധാവി കിഷോർ ബിയാനി, മണിപാൽ ഗ്ലോബൽ എജുക്കേഷൻ മേധാവി ടി.വി. മോഹൻദാസ് പൈ, മുൻ ഫെയ്‌സ്ബുക്ക് ഇന്ത്യാ മേധാവി കൃതിക റെഡ്ഡി എന്നിവരും മനീഷിന്റെ പുതിയ കമ്പനിയിൽ നിക്ഷേപമിറക്കിയവരിൽ ഉൾപ്പെടും. വിദ്യാഭ്യാസത്തിന്റെ ഭാവി ഇനി മെറ്റാവേഴ്‌സിറ്റിയിലാണെന്നാണ് ഇതു നൽകുന്ന സൂചന.


 

Latest News