മുംബൈ- റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് നാലുശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35ശതമാനത്തിലും തുടരും. അക്കമൊഡേറ്റീവ് നയം തുടരാനും പണവായ്പ അവലോകന യോഗത്തില്‍ ധാരണയായി. സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിന് നയപരമായ പിന്തുണ തുടരേണ്ടത് ആവശ്യമായതിനാലാണ് തീരുമാനമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. പത്താമത്തെ തവണയാണ് റിപ്പോ നിരക്കില്‍ മാറ്റം വരുത്താത്തത്. 2020 മെയ് മുതല്‍ റിപ്പോ നിരക്ക് നാലുശതമാനത്തില്‍ തുടരുകയാണ്. പണപ്പെരുപ്പ പരിധി 2-6ശതമാനത്തിനുള്ളില്‍ നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കി. ഒമിക്രോണ്‍ വ്യാപനം ലോകത്തെയാകെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കയാണ്.
2021-22ലെ മൊത്തം ആഭ്യന്തര ഉത്പാദനം കോവിഡിനുമുമ്പത്തെ നിരക്കിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 2022-23 വര്‍ഷത്തിലെ വളര്‍ച്ചാ അനുമാനം 7.8ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.






