പെഷാവര്‍- ആണ്‍കുഞ്ഞിനെ പ്രസവിക്കാന്‍ മന്ത്രവാദ ചികിത്സ നടത്തിയ സിദ്ധന്‍ ഗര്‍ഭിണിയായ യുവതിയുടെ നെറ്റിയില്‍ ആണി അടിച്ചു കയറ്റി. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷാവറിലാണ് സംഭവം. നെറ്റി തുളച്ചു കയറി ആണി പറിച്ചെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ യുവതി തന്നെ ചികിത്സ തേടി ആശുപത്രിയിലെത്തുകയായിരുന്നുവെന്ന് ഡോക്ടറെ ഉദ്ധരിച്ച് എഎഫ്പി റിപോര്‍ട്ട് ചെയ്യുന്നു. യുവതിക്ക് ബോധം നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല, എന്നല്‍ വേദനയില്‍ പുളയുകയായിരുന്നുവെന്ന് ഡോ. ഹൈദര്‍ ഖാന്‍ പറഞ്ഞു. മൂന്ന് പെണ്‍കുട്ടികളുടെ അമ്മയായ യുവതി നാലാമതും പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്നു.
രണ്ടിഞ്ച് നീളമുള്ള ആണിയാണ് യുവതിയുടെ നെറ്റിയില്‍ അടിച്ചു കയറ്റിയതെന്ന് എക്‌സ്‌റേ പരിശോധനയില്‍ വ്യക്തമായി. ആണി തലച്ചോറില്‍ തുളച്ചു കയറിയിട്ടില്ല. ഹാമര്‍ കൊണ്ട് അടിച്ചു കയറ്റിയതാകാനാണ് സാധ്യതെന്ന് ഡോക്ടര്‍ പറഞ്ഞു. സിദ്ധന്റെ നിര്‍ദേശ പ്രകാരം ആണി സ്വയം അടിച്ചു കയറ്റിയതാണെന്ന് ആദ്യം പറഞ്ഞ യുവതി പിന്നീട് ഇതു സിദ്ധന്‍ തന്നെ ചെയ്തതാണെന്ന് സമ്മതിച്ചു. ഇയാളെ പിടികൂടാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.