പഴയങ്ങാടി - എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഏഴ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒളിവില്‍ പോയ എസ്.എഫ്.ഐ നേതാവ് അറസ്റ്റില്‍.
തെയ്യം കലാകാരനും മാടായി കോളേജിലെ എസ്.എഫ്.ഐ .കോളേജ് യൂനിയന്‍ പ്രതിനിധിയുമായ കൗമാരക്കാരനാണ് അറസ്റ്റിലായത്. കൂട്ടുപ്രതിയും ഇയാളുടെ ബന്ധുവുമായ വെങ്ങര സ്വദേശി എം.പി.പ്രകാശന്‍ (50) ഒളിവിലാണ്.
രണ്ട് മാസം മുമ്പാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഈ സംഭവത്തില്‍ നാല് ദിവസം മുമ്പാണ് പഴയങ്ങാടി പോലിസ് കേസെടുക്കുകയും ബാലിക പയ്യന്നൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നല്‍കുകയും ചെയ്തത്. രണ്ട് മാസം മുമ്പ് വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്താണ് നിത്യസന്ദര്‍ശകരായിരുന്ന എം.പി പ്രകാശനും കൗമാരക്കാരനും ബാലികയെ പീഡിപ്പിച്ചത്. സ്‌കൂളില്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപിക നടത്തിയ കൗണ്‍സിലിംഗിലാണ് സമൂഹ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം പുറംലോകം അറിയുന്നത്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ഈ വിവരം പോലിസിലോ സി.ഡബ്ല്യു.സി അധികൃതരെയോ അറിയിക്കാതെ ഒതുക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പഴയങ്ങാടി പോലിസ് കേസെടുത്തത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും, പ്രതികള്‍ നാട്ടില്‍ ഉണ്ടായിട്ടും പിടികൂടാത്തത് ഏറെ ചര്‍ച്ചയായിരുന്നു. പ്രതികളെ സംരക്ഷിക്കുവാന്‍ ചിലര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതിന് പിന്നാലെയാണ് പ്രതികളില്‍ ഒരാളായ കൗമാരക്കാരന്‍ പഴയങ്ങാടി പോലിസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്.
പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് ഇയാളെ കോളേജില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൂട്ടുപ്രതിയായ വാദ്യകലാകാരന്‍ ഇപ്പോഴും ഒളിവിലാണ്.