നാല് ദശകങ്ങൾക്കപ്പുറം കേരളത്തിലെ ആദ്യ സബ്‌വേ തുറന്നത് കോഴിക്കോട്ടാണ്. ഏറ്റവും തിരക്കേറിയ പാളയം ജംഗ്ഷനിൽ നാല് പാതകളിലേക്കും ആളുകൾക്ക് സുഗമമായി റോഡ് മുറിച്ചു കടക്കാൻ പാകത്തിലാണ് ഭൂഗർഭ നടപ്പാത പണിതത്. വടക്കൻ കേരളത്തിലെ ഏറ്റവും തിരക്കേറിയ കേന്ദ്രമായിരുന്നു നഗരത്തിലെ പാളയം ജംഗ്ഷൻ. പിൽക്കാലത്ത്് ഇന്ദിരാഗാന്ധി റോഡായി മാറിയ മാവൂർ റോഡും മൊഫ്യൂസിൽ ബസ് സ്റ്റാന്റുമൊന്നും യാഥാർഥ്യമായിട്ടില്ല.
അതും കഴിഞ്ഞാണ് രാമനാട്ടുകര-വെങ്ങളം ബൈപാസ് വന്നതും തൊണ്ടയാട്ടെ ഹൈലൈറ്റ് മാളൊക്കെ ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറിയതും. എങ്കിലും പാളയത്തിന്റെ പ്രതാപത്തിന് ഒട്ടും കുറവ് വന്നിട്ടില്ലെന്നാണ് സദാ തിരക്കനുഭവപ്പെടുന്ന റോഡ് സന്ധി തെളിയിക്കുന്നത്. വൈവിധ്യത്തിന്റെ മാധുര്യമൂറുന്ന കോഴിക്കോട് സ്‌പെഷ്യൽ ഹലുവ ലഭിക്കുന്ന മിഠായിത്തെരുവ് ഇവിടെ നിന്ന് വിളിപ്പാടകലെയാണല്ലോ.
ഞങ്ങളുടെയൊക്കെ ഡിഗ്രി പഠന കാലത്താണ് ഈ പദ്ധതിയുടെ നിർമാണം നടന്നത്. മാനാഞ്ചിറയിലെ സിറ്റി സ്റ്റാന്റിൽ നിന്ന് ബസ് കയറി പൊക്കുന്നിലെ സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലേക്ക് നിത്യേന കടന്നു പോയത് പാളയം വഴി. പെട്ടെന്നൊരു നാൾ ഗതാഗതം വഴി തിരിച്ചു വിടുകയായിരുന്നു. കേരളത്തിലെ ആദ്യ അണ്ടർ ഗ്രൗണ്ട് നടപ്പാതയുടെ നിർമാണത്തിനാണ് വാഹന ഗതാഗതം തിരിച്ചു വിട്ടത്. മാനാഞ്ചിറയിൽ നിന്ന് പുറപ്പെടുന്ന സിറ്റി ബസുകൾ ഡേവിസൺ തിയേറ്ററിനടുത്തു നിന്ന് (ഇതും ഇപ്പോഴില്ല, വാണിജ്യ സമുച്ചയം പണിയാൻ പൊളിച്ചിട്ടിരിക്കുകയാണ്) പൂന്താനം ജംഗ്ഷൻ വഴി തളി, ആര്യവൈദ്യശാല, പുഷ്പ ജംഗ്ഷൻ, മാങ്കാവ് വഴിയായിരുന്നു കോളേജ് യാത്ര. സർക്കാർ പദ്ധതിയല്ലേ, വർഷങ്ങളെടുത്തായിരിക്കും പണി പൂർത്തീകരിക്കുക എന്നായിരുന്നു എല്ലാവരുടെയും ധാരണ. കാസർകോട്ടുകാരായ കരാറുകാർ നിശ്ചിത സമയത്തിനും ആറു മാസം മുമ്പ് ജോലി പൂർത്തിയാക്കിയതിന് മന്ത്രി അവർക്ക് പ്രത്യേക ഉപഹാരം നൽകിയതിന്റെ വാർത്ത വായിച്ചതോർക്കുന്നു. കേരളത്തിലെ ആദ്യ സബ്‌വേയുടെ കാരണഭൂതൻ മന്ത്രി ചന്ദ്രികയിലെ മുൻ പത്രപ്രവർത്തകൻ കൂടിയായ മൺമറഞ്ഞ പി.എം. അബൂബക്കറായിരുന്നു.
മാധ്യമ പ്രവർത്തകൻ മന്ത്രിയായതിന്റെ ഗുണം കൂടിയാവുമിത്. 1980 ലെ ഇ.കെ. നായനാർ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന സ്മാരകവും ഇതായിരിക്കും. ജി.എച്ച.് റോഡ്, എം.എം. അലി റോഡ്, പാളയം റോഡ്, കല്ലായ് റോഡ് എന്നീ പ്രധാന റോഡുകളാണ് ഇവിടെ സംഗമിക്കുന്നത്. അതായത് ഇന്ത്യയിലെ പ്രധാന ദേശീയ പാതയായിരുന്ന മുംബൈ-കന്യാകുമാരി ഹൈവേയിൽ മലബാറിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്ന സ്ഥാനം. ഈ പോയന്റിലെ ട്രാഫിക് പോലീസുകാരന് കഠിന ജോലിയായിരുന്നു ദിവസം മുഴുവൻ. നാല് ദിശയിലെയും വാഹനങ്ങളെ നിയന്ത്രിക്കുന്നതിന് പുറമെ ഇടയ്ക്ക് കാൽ നട യാത്രക്കാരെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുകയും വേണം.
ഈ സാഹചര്യത്തിൽ നിലവിൽ വന്ന പുതിയ പദ്ധതി നഗരവാസികളെയെന്ന പോലെ ഫ്‌ളോട്ടിംഗ് പോപ്പുലേഷനെയും ആഹ്ലാദിപ്പിച്ചു. വിവിധ ആവശ്യങ്ങൾക്കായി ലക്ഷക്കണക്കിനാളുകളാണ് നഗരത്തിൽ വന്നു പോയ്‌ക്കൊണ്ടിരുന്നത്. മധുവിധു വർഷങ്ങൾ സന്തോഷത്തോടെ മുന്നേറി. ഐ.ജി റോഡിൽ മൊഫ്യൂസിൽ ബസ് സ്റ്റാന്റ് വരികയും രണ്ടു ബൈപാസുകൾ തുറന്നതും പാളയത്തിലെ തിരക്ക് കുറച്ചു. ആളുകൾ അടിപ്പാത ഉപേക്ഷിച്ച് മൊയ്തീൻ പള്ളിക്ക് മുമ്പിൽ വെച്ചും മറ്റും റോഡ് ക്രോസ് ചെയ്തു തുടങ്ങി.
തക്കം പാത്തിരുന്ന സാമൂഹിക വിരുദ്ധർ സബ്‌വേ അവരുടെ താവളമാക്കി. മയക്കുമരുന്ന് ഇടപാടുകൾ പൊടിപൊടിച്ചു. സാധാരണ മനുഷ്യർ ഇതു വഴി തീരെ വരാതായി. അങ്ങനെയിരിക്കേ 1996 ൽ ഇത് നഗരസഭ പൂട്ടി. 2014 ഡിസംബറിലാണ് വീണ്ടും തുറന്നത്. അതും അധികകലം നീണ്ടുനിന്നില്ല. പ്രളയ ജലം നിറഞ്ഞ സബ്‌വേ തീർത്തും ഉപയോഗ ശൂന്യമായി. പലേടത്തും വിള്ളൽ വീണ് ചോരാനും തുടങ്ങി. പേരിനെങ്കിലുമുണ്ടായിരുന്ന വൈദ്യുത ദീപങ്ങൾ കണ്ണു ചിമ്മുകയും ചെയ്തു. നഗരവാസികൾ സബ്‌വേയുടെ കാര്യം തന്നെ മറന്നു തുടങ്ങിയതായിരുന്നു.
അപ്പോഴാണ് നഗരസഭ ഇതിനെ പുനരുജ്ജീവിപ്പിച്ചത്. മുഖം മിനുക്കിയ സബ്‌വേ രണ്ടു മാസം മുമ്പാണ് ഉദ്ഘാടനം ചെയ്തത്. അടിമുടി പുതുക്കിപ്പണിതിരുന്നു. നല്ല ടൈലുകൾ, തൂവെള്ള പെയിന്റ് അടിച്ച ചുമരുകൾ, അതിൽ കോഴിക്കോടിന്റെ അടയാളങ്ങൾ. ആർട്ട് എക്‌സിബിഷൻ നടത്താനുള്ള സൗകര്യം വരെ ഇവിടെ ഒരുക്കി. പൂട്ടിക്കിടന്ന പാളയം സബ്‌വേ കോർപറേഷൻ നവീകരിച്ചു പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആണ് ഇക്കഴിഞ്ഞ ഡിസംബറിൽ ഉദ്ഘാടനം ചെയ്തത്. സബ്‌വേയുടെ നവീകരണത്തിന് നേതൃത്വം നൽകിയ കലാകാരൻമാരെയും സാങ്കേതിക വിദഗ്ധരെയും മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. സ്വകാര്യ പങ്കാളിത്തത്തോടെ നവീകരിച്ച സബ്‌വേയിൽ നഗരത്തിന്റെ സാംസ്‌കാരിക പൈതൃക പ്രൗഢി കാണിക്കുന്ന ചിത്രങ്ങൾ ചുമരുകളിൽ വരച്ചു ചേർത്തിട്ടുണ്ട്. നിലത്ത് പുതിയ ടൈൽ വിരിക്കുകയും കവാടത്തിലെ പഴയ ഇരുമ്പ് വാതിലും ഗ്രില്ലും പുതുക്കുകയും ചെയ്തു. ചോർച്ചകൾ അടക്കുകയും ചുമരും സീലിംഗും പെയിന്റ് ചെയ്ത് മനോഹരമാക്കി.
മേൽക്കൂര, ലൈറ്റ്, സി.സി.ടി.വി ക്യാമറ എന്നിവ സ്ഥാപിച്ചിട്ടുമുണ്ട്. മുഖം മിനുക്കി അണിഞ്ഞൊരുങ്ങി നിൽക്കുന്ന സബ്‌വേയിൽ രസത്തിന് കാഴ്ചക്കാരായും ആളുകളെത്തുന്നുവെന്നത് ശ്രദ്ധേയമാണ്. കൂട്ടുകാരികളൊത്ത് വന്നു സെൽഫിയെടുക്കുന്നതും കോഴിക്കോടിന്റെ പൈതൃകം വിവരിക്കുന്ന ചിത്രങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുന്നതും പതിവു കാഴ്ചയായി. ചെറിയ സാംസ്‌കാരിക ഒത്തുചേരലിന് പോലും വേദിയാക്കാവുന്ന വഴികളായി മാറി. നല്ല വൃത്തിയുള്ള പുതുക്കിയ അടിപ്പാതയിൽ പകലും രാവും വെളിച്ചമുണ്ട്. ശല്യക്കാർ താവളമാക്കുന്നത് തടയാൻ കാവൽക്കാരെ നിയോഗിച്ചിട്ടുണ്ട്. ഉപേക്ഷിച്ചുവെന്ന് കരുതിയ സബ്‌വേയെയാണ് അധികൃതർ മുൻകൈയെടുത്ത് പുനരുജ്ജീവിപ്പിച്ചത്. അൽപം ഭാവനയും കാര്യക്ഷമതയുമുണ്ടെങ്കിൽ ഈ കോഴിക്കോട് മോഡൽ കേരളത്തിലെവിടെയും പരീക്ഷിക്കാവുന്നതാണ്.