Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലൈഫ്മിഷന്‍ പദ്ധതിയില്‍ തട്ടിപ്പ്: ലൈസന്‍സില്ലാത്ത ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് പൂട്ടുവീഴുന്നു

തിരൂര്‍- കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈസന്‍സില്ലാത്ത ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്രിമം നടത്തി വ്യാജരേഖയിലൂടെ ലൈഫ്മിഷന്‍ ഭവന പദ്ധതിയില്‍ തട്ടിപ്പു നടത്തിയതാണ് ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്ക് പൂട്ടുവീഴാന്‍ കാരണമായത്. കേരളത്തിലെ പല പഞ്ചായത്തുകളിലും സമര്‍പ്പിക്കപ്പെട്ട അപേക്ഷകളുടെ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായിരിക്കുന്നത്. ഇതോടെയാണ് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരെ വച്ച് സര്‍ക്കാര്‍ വ്യാപക പരിശോധന നടത്തിയത്.

ഓരോ വാര്‍ഡുകളില്‍ മാത്രം പത്തിലധികം അനര്‍ഹര്‍ ലൈഫ് ഭവനപദ്ധതിയില്‍ കൃത്രിമത്തിലൂടെ കയറികൂടിയതായി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. പഞ്ചായത്ത് ലൈസന്‍സുകളില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍നിന്നാണ് വ്യാജരേഖകള്‍ നിര്‍മ്മിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. പാലക്കാട് ജില്ലയിലെ പട്ടിത്തറ സ്വദേശിയും തരൂര്‍ എം.എല്‍.എയുമായ പി.പി. സുമോദിന്റെ സര്‍ട്ടിഫിക്കറ്റുകളില്‍ അടക്കം കൃത്രിമം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.എല്‍.എ യും രംഗത്തുവന്നുകഴിഞ്ഞു.

സമര്‍പ്പിക്കപ്പെട്ട അപേക്ഷകളിലെ ക്യു' ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോഴാണ് രേഖകളിലെ ക്യു.ആര്‍.കോഡുമായി പൊരുത്തപ്പെടാത്തതായി തെളിയുന്നത്. ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ പട്ടിക സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ഇതില്‍ കയറിക്കൂടിയത് ഭൂരിഭാഗവും അനര്‍ഹരാണെന്ന് പരാതികള്‍ ശക്തമാണ്. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനോടൊപ്പം തന്നെ ഭൂമിയില്ലാത്തവരാണെന്ന് വില്ലേജ് ഓഫീസര്‍മാര്‍ സാക്ഷ്യപത്രം കൊടുത്തിട്ടുള്ളതാണ്. എന്നിട്ടും ഭൂമിയില്ലാതെ അലയുന്നവരെ തഴഞ്ഞാണ് അനര്‍ഹര്‍ കയറിക്കൂടിയിരിക്കുന്നത്. വ്യാപക പരാതികള്‍ ശക്തിപ്പെട്ടതോടെയാണ് പുന:പരിശോധനക്ക് തീരുമാനമെടുത്തത്. സ്വാധീനം ചെലുത്തി ലൈസന്‍സില്ലാത്ത ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളിലൂടെ അപേക്ഷ സമര്‍പ്പിച്ചവരാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്.

ക്യു.ആര്‍.കോഡ് പരിശോധന സംസ്ഥാനത്ത് വ്യാപകമാക്കിയാല്‍ തട്ടിപ്പിന്റെ ആഴം വലുതായിരിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കയറിക്കിടക്കാന്‍ കൂരയില്ലാതെ, ഒരു തുണ്ടു ഭൂമിയില്ലാതെ പാവപ്പെട്ട കുടുംബങ്ങള്‍ അലയുമ്പോള്‍ അര്‍ഹതപ്പെട്ടവരെ തട്ടിമാറ്റി ലൈഫ് പദ്ധതിയും അനര്‍ഹര്‍ കൈക്കലാക്കാനുള്ള നീക്കത്തിലാണ്. ഇനി ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കേന്ദ്രകള്‍ അടച്ചുപൂട്ടണമെന്നതാണ് ജനങ്ങളുടെ ആവശ്യം.

 

Latest News