തിരുവനന്തപുരം- സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുസ്തകമെഴുതിയ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ നടപടിയുണ്ടാവില്ല. സര്‍ക്കാരിനേയോ സര്‍ക്കാര്‍ നയങ്ങളേയോ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളൊന്നും പുസ്തകത്തില്‍ ഇല്ലാത്തതാണ് കാരണം.
1968-ലെ ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ച് സര്‍വീസിലിരിക്കുന്ന ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന് സര്‍വീസിലിരിക്കുന്ന കാലയളവില്‍ പുസ്തകം എഴുതുന്നതിന് മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ല. എന്നാല്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എഴുതുന്ന പുസ്തകത്തില്‍ സര്‍ക്കാരിന്റെ നയങ്ങളെയോ സര്‍ക്കാരിനെയോ വിമര്‍ശിക്കുന്നുണ്ടെങ്കില്‍ നടപടി സ്വീകരിക്കാം. ഇത് പ്രകാരമാണ് മുന്‍ ഡി.ജി.പി ജേക്കബ് തോമസിന്റെ പുസ്തകം 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കേണ്ടിവന്നത്. അതേസമയം എം. ശിവശങ്കറിന്റെ പുസ്തകത്തില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനമില്ലെന്നാണ് വിലയിരുത്തല്‍.
എം. ശിവശങ്കറിന്റെ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ക്കെതിരേയും മാധ്യമങ്ങള്‍ക്കെതിരേയുമാണ് പ്രധാന വിമര്‍ശനം. ഈ പശ്ചാത്തലത്തിലാണ് തല്‍ക്കാലം നടപടി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്.