ബെംഗളൂരു-കോളേജുകളില്‍ ഹിജാബും കാവിഷാളുകളും അനുവദിക്കില്ലെന്നും മതപരമായ വിവേചനമില്ലെന്നും വിശദീകരിച്ച് കര്‍ണാടക ആഭ്യന്തരമന്ത്രി അറഗ ജ്ഞാനേന്ദ്ര.
രണ്ട് കോളേജുകളില്‍ ഹിജാബ് ധരിക്കുന്ന വിദ്യാര്‍ഥിനികളെ തടഞ്ഞതിനെ ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെയാണ് കാലങ്ങളായി ധരിക്കുന്ന ഹിജാബിനേയും അടുത്തിടെ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കാന്‍ ധരിച്ചുതുടങ്ങിയ കാവിഷാളിനേയും മന്ത്രി താരതമ്യം ചെയ്തത്.
ഹിജാബ് ധരിച്ചുകൊണ്ട് കോളേജില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം പെണ്‍കുട്ടികള്‍ പ്രതിഷേധം തുടങ്ങിയതിനെ തുടര്‍ന്നാണ് ഒരു വിഭാഗം ആണ്‍കുട്ടികളും പെണ്‍കുട്ടികളും കാവിഷാള്‍ ധരിച്ച് ക്ലാസുകളില്‍ എത്തിത്തുടങ്ങിയത്.
സര്‍ക്കാര്‍ ഉത്തരവില്‍ മതപരമായ വിവേചനമില്ലെന്നും കോളേജ് കാമ്പസുകളില്‍ ഹിജാബും കാവി ഷാളുകളും അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
എല്ലാവരും ഭാരതമാതാവിന്റെ മക്കളും തുല്യരുമാണ്. കുട്ടികള്‍ മതത്തിനതീതമായി ചിന്തിക്കണം. ഏകീകൃത യൂണിഫോം തുല്യതയുടെ പ്രതീകമാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.