അതെ, നമുക്ക് വേണ്ടത്  കേരള പാർട്ടിയാണ്  - യെച്ചൂരി പറഞ്ഞ പോലെ

 സി..പി.എം. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി കേരളാ അല്ലെന്ന സീതാറാം യെച്ചൂരിയുടെ വാക്കുകൾ അറംപറ്റിയെന്ന രീതിയിലാണ് രാഷ്ട്രീയ ചർച്ചകൾ വികസിക്കുന്നത്. വരും ദിവസങ്ങളിൽ സിപിഎമ്മിനെ ആടിയുലക്കാൻ പോകുന്നത് ഈ വിഷയം തന്നെയായിരിക്കും. ലോകസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താനിടയുണ്ടെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിൽ കോൺഗ്രസ്സ് ബന്ധത്തെ ചൊല്ലിയുള്ള കാരാട് - യെച്ചൂരി ഭിന്നത രൂക്ഷമാകുമെന്നുറപ്പ്. ത്രിപുരയിൽ കോൺഗ്രസ്സുമായി ബന്ധമുണ്ടാക്കിയിരുന്നെങ്കിൽ ബിജെപി വിജയത്തെ തടയാമായിരുന്നു എന്നു യെച്ചൂരി വാദിക്കുമ്പോൾ ബിജെപിയുടെ വിജയത്തിനു വഴിയൊരുക്കിയ കോൺഗ്രസ്സുമായി ഒരു ധാരണയും വേണ്ട എന്ന നിലപാടിന്റെ മൂർച്ച കൂടുകയാണ് കാരാടും കേരളഘടകവും. ബംഗാൾ - ത്രിപുര ഘടകങ്ങൾക്കൊപ്പം മറ്റു സംസ്ഥാനങ്ങളും യെച്ചൂരിയെ പിന്തുണക്കാനുള്ള സാധ്യതയേറുന്നു. അതേസമയം പാർട്ടിയുടെ ഏക മുഖ്യമന്ത്രിയായ പിണറായിയുടെ കരുത്ത് വർദ്ധിക്കാനും പോകുകയാണ്.
വാസ്തവത്തിൽ യെച്ചൂരി പറഞ്ഞതാണ് സിപിഎമ്മിനു സ്വീകരിക്കാവുന്ന ഏറ്റവും അനുയോജ്യമായ മാർഗം. അക്ഷരാർത്ഥത്തിൽ കേരള പാർട്ടിയാകുക. കുറച്ചെങ്കിലും ശക്തിയുള്ള സംസ്ഥാനങ്ങളിലും അത്തരമൊരു പാത പിന്തുടരുക. അതാതു സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ച് നിലപാടുകൾ സ്വീകരിക്കുക. അതോടൊപ്പം അക്ഷരാർത്ഥത്തിൽ ഒരു ജനാധിപത്യപാർട്ടിയുമാകുക. 
സമകാലിക ഇന്ത്യൻ രാഷ്ട്രീയചരിത്രം പരിശോധിച്ചാൽ കാര്യമായ രാഷ്ട്രീയ ചലനങ്ങളില്ലാത്ത സംസ്ഥാനമാണ് കേരളം എന്നു കാണാം. 50 വർഷത്തോളമായി ഇവിടെ നിലനിൽക്കുന്നത് ഇരുമുന്നണി സംവിധാനമാണ്. ഇടക്ക് ചില പാർട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ചാടുമെങ്കിലും സിപിഎമ്മിന്റേയും കോൺഗ്രസ്സിന്റേയും നേതൃത്വത്തിലുള്ള ഈ സംവിധാനം ഒരു മാറ്റവുമില്ലാതെ മുരടിച്ചു നിൽക്കുകയാണ്. ബിജെപി നില അൽപ്പം മെച്ചപ്പെടുത്തിയെങ്കിലും നിലവിലെ സംവിധാനത്തിൽ മാറ്റം വരുത്താനുള്ള ശക്തിയൊന്നും അവർക്കില്ല. മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥ വ്യത്യസ്തമാണ്. പല രീതയിലുള്ള രാഷട്രീയ ചലനങ്ങൾ അവിടങ്ങളിൽ നടക്കുന്നു. പ്രധാനമായും മൂന്നു തരത്തിലുള്ള ചലനങ്ങൾ അവിടങ്ങളിൽ കാണാം. അടിയന്തരാവസ്ഥയെ തുടർന്ന് രൂപീകൃതമായ ജനതാപാർടിയും ഒപ്പം പല സോഷ്യലിസ്റ്റ് - ലോഹ്യയിസ്റ്റ് ശക്തികളും പലയിടത്തും ശക്തമായി. തങ്ങളുടെ പ്രാദേശിക വികാരങ്ങളും ആവശ്യങ്ങളുമെല്ലാം ഉന്നയിച്ച് പ്രാദേശികപാർടികൾ. പിന്നീട് മണ്ഡൽ - മസ്ജിദ് കാലത്തോടെ ദളിത് - പിന്നോക്ക - മുസ്ലിം മുന്നേറ്റങ്ങൾ. 
അടുത്ത കാലത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ വൻ ചലനങ്ങളുണ്ടാക്കിയ ഈ മുന്നേറ്റങ്ങളൊന്നും പക്ഷെ കേരളത്തെ ബാധിച്ചില്ല. അടിയന്തരാവസ്ഥക്കു ശേഷം നാം കോൺഗ്രസ്സിനെ വിജയിപ്പിച്ചു. ഓരോ സംസ്ഥാനത്തിനു വേണ്ടിയും പ്രാദേശിക പാർട്ടികൾ ശബ്ദമുയർത്തുകയും പോരാടുകയും അധികാരത്തിലെത്തുകയും ചെയ്യുമ്പോൾ ഇവിടെ പൊതുവെ കേന്ദ്രത്തോട് പിച്ച ചോദിക്കുന്ന അവസ്ഥയാണ്. മറുവശത്ത് വർഗ്ഗ രാഷ്ട്രീയത്തിന്റെ പേരിൽ ദളിത് രാഷ്ട്രീയത്തേയും നാം പ്രതിരോധിക്കുന്നു. ഈയൊരവസ്ഥയാണ് രാഷ്ട്രീയമായി മുരടിച്ച ഒരു പ്രദേശമാക്കി നമ്മെ മാറ്റിയത്. 
ഇത്തരമൊരവസ്ഥയിൽ ക്രിയാത്മകമായി ഇടപെടാനുള്ള അവസരമാണ് സിപിഎമ്മിനു വന്നു ചേർന്നിരിക്കുന്നത്. ഇന്ത്യ ഒരു ദേശീയതയല്ലെന്നും വിവിധ ദേശീയതകളുടെ സമുച്ചയമാണെന്നുമുള്ള ശരിയായ നിലപാട് ഒരു കാലത്ത് സ്വീകരിച്ചിരുന്നവരാണ് കമ്യൂണിസ്റ്റുകാർ. ആ നിലപാടിന്റെ അടിസ്ഥാനത്തിൽ തന്നെ അഖിലേന്ത്യാ പാർട്ടികളേക്കാൾ പ്രസക്തം പ്രാദേശിക പാർട്ടികളാണെന്നത് വ്യക്തം. മാറിയ സാഹചര്യത്തിലെങ്കിലും ആ നിലപാടിലേക്ക് തിരിച്ചുപോകുന്ന കാര്യം ആലോചിക്കാവുന്നതാണ്. അവിടെയാണ് യെച്ചൂരി പറഞ്ഞ വാക്കുകൾ വേറൊരു അർത്ഥത്തിലാണെങ്കിലും പ്രസക്തമാകുന്നത്. കേരളത്തിൽ ഇന്ന് അത്തരമൊരു പാർട്ടിയുടെ ആവശ്യകതയുണ്ട്. കേരളത്തിനുവേണ്ടി വാദിക്കുന്ന ഒരു പ്രസ്ഥാനം. അത്തരമൊരു പ്രതീക്ഷയോടെ രൂപം കൊണ്ട കേരള കോൺഗ്രസ്സ് പിന്നീട് മതപാർട്ടിയെന്നു തന്നെ വിളിക്കാവുന്ന അവസ്ഥയിൽ മാറുകയാണല്ലോ ഉണ്ടായത്. കേരളത്തിലുടനീളം വേരുകളുള്ള സിപിഎമ്മിനാണ് ആ വിടവു നികത്താൻ സാധ്യതയുള്ളത്. 
എന്നാൽ ഈ ലക്ഷ്യം നേടുന്നതിന് രാഷ്ട്രീയമായും സംഘടനാപരമായും ജനാധിപത്യപാർടിയായി സിപിഎം മാറണം. എല്ലാ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലും ജനാധിപത്യ പോരാട്ടങ്ങൾ സജീവമായപ്പോൾ, ജനാധിപത്യ പാർടിയാകാൻ തയ്യാറായ പല കമ്യൂണിസ്റ്റ് പാർടികളേയും ലോകം കണ്ടു. എന്നാൽ ഇവിടുത്തെ കമ്യൂണിസ്റ്റുകാർക്ക് അതിൽ പങ്കെടുക്കുമ്പോഴും ജനാധിപത്യം ബൂർഷ്വാ സംവിധാനമാണ്. സോഷ്യൽ ഡെമോക്രസി പാപമാണ്. വേണ്ടത് തൊഴിലാളിവർഗ്ഗ സർവ്വാധിപത്യവും ഏകപാർട്ടി ഭരണവുമാണ്. ഈ ഇരടത്താപ്പ് മാറ്റി ജനാധിപത്യരാഷ്ട്രീയത്തിനായി നില കൊള്ളുകയും അതിനനുസൃതമായി ലെനിനിസറ്റ് പാർട്ടി ചടക്കൂടുകൾ മാറ്റുകയും വേണം. അതുപോലെ സാമ്പത്തിക നീതി എന്നതിനൊപ്പമോ അതിനേക്കാൾ കൂടുതലോ ആയി സാമൂഹ്യനീതി എന്ന ആശയം അംഗീകരിക്കാൻ തയ്യാറാവണം. എങ്കിൽ യെച്ചൂരിയൊക്കെ ആഗ്രഹിക്കുന്നപോലെ ദളിത് പിന്നോക്ക രാഷ്ട്രീയത്തോടൊക്കെ ക്രിയാത്മകമായി പ്രതികരിക്കാനാകും. ത്രിപുരയിൽ പോലും ഗോത്രവിഭാഗങ്ങളടെ സ്വത്വബോധത്തെ കാണാൻ പാർട്ടിക്കായില്ല. എന്തായാലും അടിമുടി പൊളിച്ചെഴുതാൻ തയ്യാറാകുകയും ജനാധിപത്യത്തിലും സാമൂഹ്യനീതിയിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഒരു കേരള പാർട്ടിയാകുകയും ചെയ്യുക എന്നാൽ അത്ര എളുപ്പമല്ല എന്നു വ്യക്തം. എന്നാൽ സിപിഎമ്മിനു ചെയ്യാവുന്നത് അതാണ്. കേരളത്തിന് ആവശ്യവും അതാണ്. ഒപ്പം ഫാസിസത്തിനെതിരായ വിശാലമായ ഐക്യമുന്നണിയിലും സജീവപങ്കാളിയാകാൻ പാർട്ടിക്ക് കഴിയണം. ഇതിനൊന്നുമാകുന്നില്ലങ്കിൽ സിപിഎമ്മിന് ചരിത്രപരമായി ഒരു പ്രസക്തിയുമില്ല എന്ന് വ്യക്തം.
 

Latest News