കണ്ണൂര്‍- സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജി വെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചു. ദുബായില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു പ്രതിഷേധം.
ഞായറാഴ്ച ഉച്ചയ്ക്ക് 12.40ഓടെയാണ് മുഖ്യമന്ത്രി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. മരിച്ചുപോയ സുഹൃത്തിന്റെ വീട്ടില്‍ പോകുന്നതിനു വേണ്ടിക്കൂടിയാണ് മുഖ്യമന്ത്രി കണ്ണൂരില്‍ ഇറങ്ങിയത്.
വിമാനത്താവളത്തില്‍നിന്നു രണ്ടു കിലോമീറ്റര്‍ ചുറ്റളവിലാണ് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മനോജ് പുലിയൂര്, ബിജെപി ജില്ലാ സെക്രട്ടറി അരുണ്‍ കൈതപ്രം എന്നിവര്‍ നേതൃത്വം നല്കി.

	
	




