മുംബൈ- സംഗീതത്തിന്റെ മാന്ത്രിക സിദ്ധി വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ല. ദേശ, ഭാഷ വ്യത്യാസമില്ലാതെ മനുഷ്യരെ അതാകര്‍ഷിക്കുന്നു. ക്രിക്കറ്റ് പോലെ ഇന്ത്യക്കാരെ ഒരുമിപ്പിക്കുന്ന മറ്റൊന്നാണ് ബോളിവുഡ് സംഗീതം. 60കളിലെ റഫി-ലത യുഗമഗാനമൊന്ന് ശ്രവിച്ചു നോക്കൂ, എല്ലാ പ്രയാസങ്ങളും പെട്ടെന്ന് വിസ്മൃതിയിലാവും. ഇന്ത്യയുടെ ശില്‍പ്പിയായ പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റുവിനെ വരെ കരയിച്ച പാട്ടും പോയ് മറഞ്ഞ വാനമ്പാടി ആലപിച്ചിട്ടുണ്ട്. ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ കണ്ണീരണിയിച്ച ലതാ മങ്കേഷ്‌കറുടെ ആ ഗാനമാണ് 'ഏ മേരേ വതന്‍ കേ ലോഗോന്‍', ദേശഭക്തി ഗാനത്തിന്റെ ആത്മാര്‍ത്ഥമായ ആലാപനം. ഈ ദേശഭക്തി ഗാനമാണ് ലത മങ്കേഷ്‌ക്കറെന്ന ഗായികയെ വാനോളം ഉയര്‍ത്തിയത്. 2014ല്‍, വളരെയധികം ജനപ്രിയമായ ദേശഭക്തി ഗാനത്തിന്റെ 51ാം വാര്‍ഷികത്തോടനുബന്ധിച്ച് മുംബൈയില്‍ നടന്ന ഒരു പരിപാടിയിലാണ് ലത മങ്കേഷ്‌ക്കര്‍ ഈ കാര്യം വെളിപ്പെടുത്തിയത്. പരിപാടി അവതരിപ്പിക്കുന്നതിന് ഒരു ദിവസം മുമ്പ് ഗാനരചയിതാവ് കവി പ്രദീപ് തന്നെ സമീപിച്ചതായി ലതാ മങ്കേഷ്‌കര്‍ പറഞ്ഞു. റിഹേഴ്‌സലിന് സമയമില്ലാത്തതിനാല്‍ ഗായിക നേരത്തെ പാടാന്‍ വിസമ്മതിച്ചിരുന്നുവെങ്കിലും കവിയുടെ നിര്‍ബന്ധപ്രകാരം 1963 ജനുവരി 27 ന് ദല്‍ഹിയിലെ രാംലീല മൈതാനിയില്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മുന്നില്‍ വെച്ച് അവര്‍ ഗാനം ആലപിച്ചു.