മനം മയക്കുന്ന കളിയുടെ ഉപാസകരായ ബ്രസീലും ഹംഗറിയും 1954 ലെ ലോകകപ്പിന്റെ ക്വാർട്ടറിൽ മുഖാമുഖം വന്നപ്പോൾ ക്ലാസിക് പോരാട്ടമാണ് കാണികൾ പ്രതീക്ഷിച്ചത്. ഫൈനലിനു മുമ്പത്തെ ഫൈനൽ എന്ന് മാധ്യമങ്ങൾ ആവേശം കൊണ്ടു. പക്ഷേ 90 മിനിറ്റ് കണ്ടത് കൈയാങ്കളിയുടെ പൊടിപൂരമായിരുന്നു. മൂന്നു പേർ ചുവപ്പ് കാർഡ് കണ്ടു. 42 ഫ്രീകിക്കുകൾ കളിയെ തടസ്സപ്പെടുത്തിക്കൊണ്ടേയിരുന്നു. കളി കഴിഞ്ഞ ശേഷവും കൈയാങ്കളി തുടർന്നു. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വൃത്തികെട്ട മത്സരമായി വിലയിരുത്തപ്പെടുന്ന ഈ കളി 'ബേണിലെ യുദ്ധം' എന്നാണ് അറിയപ്പെടുന്നത്. ബ്രസീൽ ചന്തമുള്ള പാസിംഗ് ഗെയിമിനു പകരം കൈക്കരുത്തിനെ ആയുധമാക്കി. ഹംഗറിയുടെ മാന്ത്രിക മാഗ്യാറുകൾ സന്തോഷപൂർവം പങ്കുചേർന്നു. ഹംഗറി 4-2 ന് ജയിച്ചുവെന്നത് ആ കളിയുടെ അടിക്കുറിപ്പ് മാത്രം.
മൃഗീയമായ അടിയായിരുന്നു അതെന്ന് അന്നത്തെ ഹംഗറി കോച്ച് ഗുസ്താവ് സെബെസ് ഓർക്കുന്നു. മത്സര ശേഷം കുപ്പിയേറ് കൊണ്ട സെബെസിന് മുഖത്ത് നാലു തുന്നൽ വേണ്ടിവന്നു. 'കളി ഞങ്ങൾ ജയിച്ച ശേഷവും അടി നിന്നില്ല. ബ്രസീലിന്റെ ഫോട്ടോഗ്രഫർമാരും ആരാധകരും ഗ്രൗണ്ടിലേക്കിറങ്ങിയപ്പോൾ സംരക്ഷണത്തിനായി പോലീസിനെ വിളിക്കേണ്ടി വന്നു. ഡ്രസ്സിംഗ് റൂമിലേക്കുള്ള വഴിയിലും കളിക്കാർ ഏറ്റുമുട്ടി. കളിക്കാരും ഒഫീഷ്യലുകളും ആരാധകരും കൈയിൽ കിട്ടിയതു കൊണ്ടൊക്കെ അടിച്ചു' -സെബെസ് ഓർമിച്ചു.
പരിക്കേറ്റ ഫെറഞ്ച് പുഷ്‌കാസ് ഇല്ലാതെയാണ് കിരീടപ്രതീക്ഷകളായ ഹംഗറി ഇറങ്ങിയത്. എന്നിട്ടും അവർ പത്തു മിനിറ്റിനകം രണ്ടു ഗോളിന് മുന്നിലെത്തി. ഹംഗറിയുടെ ഏകപക്ഷീയ മുന്നേറ്റമായിരുന്നു കണ്ടത്. പെനാൽട്ടിയിൽനിന്ന് ദ്യാൽമ സാന്റോസ് നേടിയ ഗോൾ ബ്രസീലിന് പ്രതീക്ഷ നൽകി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹംഗറിക്ക് പെനാൽട്ടി നൽകിയതോടെയാണ് കളി പരുക്കനായത്. കിക്ക് ലാന്റോസ് ഗോളാക്കി. പലതവണ ബ്രസീലിന്റെ ജേണലിസ്റ്റുകളും ഒഫീഷ്യലുകളും ഗ്രൗണ്ട് കൈയേറി. പോലീസ് എത്തിയാണ് ഓരോ തവണയും അവരെ ഓടിച്ചത്. ഫൗളുകളും ഇടികളും തുടർന്നുകൊണ്ടേയിരുന്നു. ഇംഗ്ലീഷുകാരനായ റഫറി ആർതർ എല്ലിസിന്റെ ശക്തമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ കൂടുതൽ അപകടം ഉണ്ടായേനേ. എന്നാൽ റഫറിയുടെ നിലവാരത്തിൽ പ്രതിഷേധം അറിയിച്ച് ബ്രസീൽ ഫിഫക്ക് പരാതി നൽകി. ഹംഗറിയെ സഹായിക്കാനുള്ള കമ്യൂണിസ്റ്റ് പദ്ധതിയുടെ ഭാഗമായാണ് റഫറി പ്രവർത്തിച്ചതെന്ന് അവർ കുറ്റപ്പെടുത്തി. എല്ലിസിന്റെ കാറിനു നേരെ ബ്രസീലുകാർ തുപ്പി. 'കമ്യൂണിസ്റ്റ്' എന്ന വിളികൾക്കിടയിലാണ് അദ്ദേഹം രക്ഷപ്പെട്ടത്.
ജീവിതത്തിലെ ഏറ്റവും മികച്ച മത്സരത്തിനായാണ് താൻ വന്നതെന്നും എന്നാൽ കമ്യൂണിസ്റ്റ് ഹംഗറിയുടെ രാഷ്ട്രീയവും കത്തോലിക്കൻ ബ്രസീലിന്റെ വിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടലായി മത്സരം മാറിയെന്നും 1962 ൽ പുറത്തിറക്കിയ ആത്മകഥയിൽ എല്ലിസ് വിലയിരുത്തി.
അടിപിടിയിൽ പുഷ്‌കാസിന്റെ പങ്കും വിവാദമായി. ഗാലറിയിലിരുന്ന് കളി കണ്ട ഹംഗറിയുടെ ഗാലപ്പിംഗ് മേജർ മത്സരം തീർന്നയുടനെ ഒരു കുപ്പി പൊട്ടിച്ച് ബ്രസീൽ താരത്തെ കുത്താനോങ്ങിയെന്ന് റിപ്പോർട്ടുണ്ടായി. എന്നാൽ പുഷ്‌കാസ് അല്ല മറ്റൊരു കാണിയാണ് ഇതു ചെയ്തതെന്ന് വിശദീകരണം വന്നു. 1997 ൽ പുറത്തിറങ്ങിയ പുഷ്‌കാസിന്റെ ആത്മകഥ 'പുഷ്‌കാസ് ഓൺ പുഷ്‌കാസി'ൽ സംഭവത്തെക്കുറിച്ച് അദ്ദേഹത്തിന്റെ വിശദീകരണം ഇങ്ങനെ: 'മത്സരം കഴിഞ്ഞപ്പോഴാണ് പ്രശ്‌നം രൂക്ഷമായത്. കോച്ചിനു നേരെ കുപ്പിയേറുണ്ടായി. അതോടെ ഒരു ബ്രസീൽ താരത്തെ ഞാൻ പിടിച്ച് ഞങ്ങളുടെ ഡ്രസ്സിംഗ് റൂമിലേക്ക് വലിച്ചു കൊണ്ടുവന്നു. അയാൾ വിറച്ചുപോയി. അതോടെ അയാളെ വെറുതെ വിട്ടു'. ക്വാർട്ടറിൽ പുറത്തായി മടങ്ങിയെത്തിയ ബ്രസീലിനെ മാധ്യമങ്ങൾ സ്വീകരിക്കുകയാണ് ചെയ്തത്. 'പൊരുതാനറിയുന്നവർക്ക് നമോവാകം' എന്നായിരുന്നു ഒരു പത്രത്തിന്റെ തലക്കെട്ട്.