കുഞ്ഞിനെ ക്രൂരമായി മര്‍ദിക്കുന്നത് സി.സി.ടി.വിയില്‍; വധശ്രമത്തിന് യുവതി അറസ്റ്റില്‍

അഹമ്മദാബാദ്- ഗുജറാത്തില്‍ എട്ടുമാസം പ്രായമായ കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച വീട്ടുവേലക്കാരിയായ യുവതി അറസ്റ്റില്‍. കുഞ്ഞുങ്ങളെ പരിചരിക്കാനായി നിയോഗിച്ച സൂറത്ത് സ്വദേശിനി കോമള്‍ ചന്ദ്‌ലേക്കറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.


മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സൂറത്തിലെ രന്ദേര്‍ പാലന്‍പുരില്‍ താമസിക്കുന്ന മിതേഷ് പട്ടേലിന്റെ കുഞ്ഞിനെയാണ് യുവതി നിരന്തരം മര്‍ദിച്ചതെന്ന്  പോലീസ് പറഞ്ഞു.
മിതേഷും ഭാര്യയും ജോലിക്ക് പോകുന്നതിനാലാണ് കുഞ്ഞുങ്ങളെ പരിചരിക്കാനായി കോമളിനെ വീട്ടില്‍ നിര്‍ത്തിയത്.


മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് കുഞ്ഞുങ്ങളുടെ കരച്ചില്‍ കേള്‍ക്കാറുണ്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞതിനെ തുടര്‍ന്ന് ദമ്പതികള്‍ വീട്ടില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം  ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് യുവതി കുഞ്ഞിനെ മര്‍ദിക്കുന്നത് കണ്ടെത്തിയത്. കുഞ്ഞിന്റെ തലയിലും മുഖത്തും അടിക്കുന്ന ദൃശ്യങ്ങളാണ് ക്യമാറയില്‍ പതിഞ്ഞിരുന്നത്. മിതേഷ് പട്ടേല്‍ പോലീസില്‍ പരാതി നല്‍കുകയതിനെ തുടര്‍ന്നാണ്  യുവതിയെ അറസ്റ്റ് ചെയ്തത്.

മൂന്ന് മാസം മുമ്പാണ് കോമള്‍ ജോലിക്കായി വന്നു തുടങ്ങിയത്. അടുത്തിടെയായി കുഞ്ഞുങ്ങള്‍ വല്ലാതെ കരയാറുണ്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ജോലിക്കാരിയെ സംശയിച്ചതും  സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതും.  വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് യുവതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് വിവാഹിതയായ യുവതിക്ക് കുട്ടികളില്ല.

 

Latest News