കോഴിക്കോട്- കുറ്റ്യാടിയില്‍ വീട്ടില്‍ അതിഥിയായി എത്തി സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍. തളീക്കര കാഞ്ഞിരോളിയിലെ തട്ടാര്‍കണ്ടി ഷമീനയുടെ വീട്ടില്‍നിന്ന് ആറു പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ നടുപ്പൊയില്‍ സ്വദേശി ബുഷ്‌റയെയാണ് (40) തൊട്ടില്‍പ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.
കുറ്റ്യാടി ഗവ. ഹൈസ്‌കൂളില്‍ പഠിച്ചവരാണ് ഇരുവരം. ക്ലാസിന്റെ വാട്‌സാപ്പ്ഗ്രൂപ്പില്‍ ചാറ്റ് ചെയ്യാറുമുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ട് ഓട്ടോയില്‍ വീട്ടിലെത്തിയ ബുഷ്‌റ അതേ ഓട്ടോയില്‍തന്നെ മടങ്ങിയിരുന്നു. അതിഥിക്കായി അടുക്കളയില്‍ ചായയുണ്ടാക്കുന്ന സമയത്ത് അലമാരയില്‍ സൂക്ഷിച്ച അഞ്ചര പവന്റെ മാലയും അര പവന്‍ മോതിരവും മോഷ്ടിച്ചെന്നാണ് പരാതി. അതേ ഓട്ടോയില്‍തന്നെയാണ് യുവതി തിരിച്ചുപോയത്.
ആഭരണം നഷ്ടപ്പെട്ട വിവരം രാത്രിയാണ് അറിയുന്നത്. തൊട്ടില്‍പ്പാലം എസ്.ഐ സജി അഗസ്റ്റിനും സംഘവും യുവതിയെയും ഡ്രൈവറെയും ചോദ്യം ചെയ്‌തെങ്കിലും നിഷേധിച്ചു. എന്നാല്‍, തിരിച്ചുപോകുമ്പോള്‍ തളീക്കര ഭാഗത്ത് യുവതി എന്തോ പുറത്തേക്ക് എറിഞ്ഞതായി ഡ്രൈവര്‍ മൊഴി നല്‍കി. ഇവിടെ നടത്തിയ തിരച്ചിലില്‍ ആഭരണം സൂക്ഷിച്ചിരുന്ന പെട്ടി കണ്ടെത്തി.
വീണ്ടും ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ച യുവതി കുറ്റ്യാടിയിലെ ബാങ്കില്‍ ആഭരണങ്ങള്‍ പണയം വെച്ചതായും അറിയിച്ചു. നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോവിഡ് സാഹചര്യത്തില്‍ ജാമ്യത്തില്‍ വിട്ടു.