വെല്ലിംഗ്ടണ്‍- ന്യൂസിലന്‍ഡ് മലയാളിയായ ഷിബു ആന്‍ഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് പപ്പ .ന്യൂസിലന്‍ഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ന്യൂസിലന്‍ഡില്‍ ചിത്രീകരിച്ചു. മുമ്പ്,ന്യൂസിലന്‍ഡില്‍ ചിത്രീകരിച്ച ഹണ്ട്രട്ട് എന്ന ചിത്രത്തിന്റെ സംവിധാനവും, ക്യാമറായും നിര്‍വ്വഹിച്ച ഷിബുആന്‍ഡ്രൂസ്, രാജീവ് അഞ്ചലിന്റെ ജടായു പാറയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ക്യാമറാമാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗോള്‍ഡന്‍ എജ് ഫിലിംസും, വിന്‍വിന്‍ എന്റര്‍ടൈന്‍മെന്റിനും വേണ്ടി വിനോഷ് കുമാര്‍ മഹേശ്വരന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
ദുല്‍ഖര്‍ ചിത്രമായ സെക്കന്റ് ഷോ, മമ്മൂട്ടി ചിത്രമായ ഇമ്മാനുവേല്‍, ആര്‍.ജെ. മഡോണ തുടങ്ങിയ ചിത്രങ്ങളിലും, ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അനില്‍ ആന്റോ ആണ് പപ്പയില്‍ നായക വേഷം അവതരിപ്പിക്കുന്നത്.ഷാരോള്‍ നായികയായും എത്തുന്നു.
ന്യൂസിലന്‍ഡിലെ ഒരു മലയാളി കുടുംബത്തിന്റെ കഥയാണ് പപ്പ പറയുന്നത്. പപ്പയും, മമ്മിയും, ഒരു മകളും മാത്രമുള്ള കുടുംബം. വളരെ സന്തോഷത്തോടെയുള്ള കുടുംബ ജീവിതമായിരുന്നു അവരുടേത് .പെട്ടെന്ന് ഒരു ദിവസം പപ്പയേയും, മമ്മിയേയും ഒറ്റയ്ക്കാക്കി അവരുടെ പൊന്നുമകള്‍ എവിടെയോ പോയ് മറഞ്ഞു.അതോടെ യുവ ദമ്പതികളുടെ ജീവിതത്തില്‍ ഇരുള്‍ നിറഞ്ഞു. എവിടെയാണ് ഇവരുടെ ഓമനക്കുഞ്ഞ് പോയ് മറഞ്ഞത്? ഒടുവില്‍ ആ കഥ ചുരുള്‍ നിവരുകയാണ്. കൊടിയ വേദനകളുടെ, പാപബോധങ്ങളുടെ ഭൂതകാലച്ചുഴിയില്‍ അവര്‍ മുങ്ങി. ഇതില്‍ നിന്നൊരു മോചനം ഇവര്‍ക്കുണ്ടാവുമൊ!
വ്യക്തി ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിയ്ക്കുന്ന മലയാളികള്‍ക്ക് വലിയൊരു നൊമ്പരമായി പപ്പ എന്ന ചിത്രം മാറുമെന്ന് സംവിധായകന്‍ ഷിബുആന്‍ഡ്രൂസ് വിശ്വസിക്കുന്നു. നല്ല ഗാനങ്ങളും, വ്യത്യസ്തമായ അവതരണവും പപ്പ എന്ന ചിത്രത്തെ പുതിയൊരു അനുഭവമാക്കി മാറ്റും .